ഫോര്‍ട്ട്‌കൊച്ചിയില്‍ ചീനവലത്തട്ട് തകര്‍ന്ന് വിദേശസഞ്ചാരികള്‍ കായലില്‍ വീണു; ഫോണും ബാഗും നഷ്ടപ്പെട്ടു

#ന്യൂസ് ഡെസ്‌ക്
ചീനവല തകർന്നതിനെ തുടർന്ന് വെള്ളത്തിൽ വീണ സഞ്ചാരികളെ കരയ്ക്കെത്തിച്ചപ്പോൾ
ചീനവല തകർന്നതിനെ തുടർന്ന് വെള്ളത്തിൽ വീണ സഞ്ചാരികളെ കരയ്ക്കെത്തിച്ചപ്പോൾ

ഫോര്‍ട്ട്കൊച്ചി: ഫോര്‍ട്ട്കൊച്ചിയിലെ ചീനവല കണ്ട് ആസ്വദിക്കുന്നതിനിടെ ചീനവലത്തട്ട് തകര്‍ന്ന് വിദേശസഞ്ചാരികള്‍ കായലിലേക്ക് വീണു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ജര്‍മനിയില്‍ നിന്നെത്തിയ സംഘത്തിലെ അഞ്ചോളം പേരാണ് വെള്ളത്തിലേക്ക് വീണത്.

ചീനവലയുടെ തട്ട് ജീര്‍ണാവസ്ഥയിലായിരുന്നു. സഞ്ചാരികള്‍ കയറിയപ്പോള്‍ത്തന്നെ ഭാരം താങ്ങാനാവാതെ വലയുടെ തട്ട് താഴേക്ക് തകര്‍ന്നുവീഴുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചീനവലക്കാരും നാട്ടുകാരും ചേര്‍ന്ന് സഞ്ചാരികളെ രക്ഷപ്പെടുത്തി. ഇവര്‍ക്ക് ചെറിയ പരിക്കുകളുണ്ട്. സഞ്ചാരികളുടെ മൊബൈല്‍ ഫോണ്‍, ബാഗ് തുടങ്ങിയവ വെള്ളത്തില്‍ നഷ്ടപ്പെട്ടു.

കപ്പല്‍ചാലിനോടു ചേര്‍ന്നാണ് ചീനവലകള്‍ സ്ഥാപിച്ചിട്ടുള്ളത്. നല്ല ആഴവും അടിയൊഴുക്കുമുള്ള അഴിമുഖമാണിത്. പെട്ടെന്നുള്ള വീഴ്ചയില്‍ താഴേക്ക് പോയാല്‍ രക്ഷപ്പെടുത്താന്‍ പ്രയാസമാണ്. എന്നാല്‍, വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. ഫോര്‍ട്ട്കൊച്ചിയില്‍ എത്തുന്ന വിദേശികളെയും ആഭ്യന്തര സഞ്ചാരികളെയും ചീനവലയില്‍ കയറ്റാറുണ്ട്. ഇത് അപകടകരമാണെന്ന് പോലീസ് മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. ഒരു സുരക്ഷാ സംവിധാനവുമില്ലാതെ വിദേശികളെ കപ്പല്‍ ചാലിന്റെ മീതെയുള്ള ചീനവലത്തട്ടില്‍ കയറ്റുന്നത് അപകടം നിറഞ്ഞതായതിനാലാണ് പോലീസ് അത് വിലക്കുന്നത്. ചീനവലകള്‍ നന്നാക്കുന്നതിനുള്ള സര്‍ക്കാര്‍പദ്ധതി നടപ്പായിട്ടുമില്ല.

Content Highlights: Tourists fell into the backwaters after a Chinese fishing net platform collapsed in Fort Kochi. Minor injuries reported. Learn more about the incident and safety concerns.