കെനിയ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു; കേരളത്തിൽ എത്തിയത് ചികിത്സയ്ക്ക്

കൊച്ചി: കെനിയയുടെ മുന്‍പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ചികിത്സാ ആവശ്യത്തിനായി കൂത്താട്ടുകുളത്ത് തങ്ങുന്നതിനിടെയായിരുന്നു അന്ത്യം. ആറ് ദിവസം മുന്‍പാണ് കൂത്താട്ടുകുളത്തെത്തിയത്.
കൂത്താട്ടുകുളത്തെ ആയുര്‍വേദ ചികിത്സാകേന്ദ്രമായ ശ്രീധരീയത്തില്‍ മകളോടൊപ്പം എത്തിയതായിരുന്നു ഒഡിംഗ. പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട മകള്‍ക്ക് ശ്രീധരീയത്തിലെ ചികിത്സയെ തുടര്‍ന്ന് കാഴ്ച തിരിച്ച് കിട്ടിയിരുന്നു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്തി’ല്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.
ഒഡിംഗയുടെ മകള്‍ക്ക് കാഴ്ചശക്തി ഭാഗികമായി തിരിച്ചുനല്‍കിയത് കേരളത്തിലെ ആയുര്‍വേദമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ചത്. കേരളത്തിലെ ഒരു ആയുര്‍വേദ ആശുപത്രിയിലാണ് മകൾ റോസ് മേരിയെ ചികിത്സിച്ചതെന്ന് ഒഡിംഗ തന്നോട് പറഞ്ഞതായി റേഡിയോ പ്രഭാഷണ പരമ്പരയായ 'മന്‍ കി ബാതി'ല്‍ മോദി പറഞ്ഞു.
2020-ലാണ് റോസ്മേരി ശ്രീധരീയത്തില്‍ ആദ്യമായി ചികിത്സയ്‌ക്കെത്തിയത്. ചീഫ് ഫിസിഷ്യന്‍ ഡോ. നാരായണന്‍ നമ്പൂതിരി, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകാന്ത് നമ്പൂതിരി, ഡോ. ശ്രീകല, ഡോ. അഞ്ജലി ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
തികച്ചും സംഭവബഹുലമായിരുന്നു ഒഡിംഗയുടെ രാഷ്ട്രീയ ജീവിതം. 2008 മുതല്‍ 2013 വരെയാണ് ഒഡിംഗ പ്രധാനമന്ത്രി പദം അലങ്കരിച്ചത്. അഞ്ചുതവണ പ്രഡിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചങ്കെിലും വിജയം നേടാനായില്ല. 2013 മുതല്‍ കെനിയയിലെ പ്രതിപക്ഷനേതാവാണ് ഒഡിംഗ. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊപ്പം ഒഡിംഗ പ്രവര്‍ത്തിച്ചു. വിവിധ അഴിമതി ആരോപണങ്ങള്‍ നേരിടുകയും ചെയ്തു.
1945 ജനുവരി 7 ന് നിയാൻസ പ്രവിശ്യയിലെ കിസുമു ജില്ലയിൽ മേരി ജുമ ഒഡിംഗയുടെയും ജറാമോഗി ഒഡിംഗ ഒഡിംഗയുടെയും മകനായാണ് ജനനം. പ്രസിഡന്റ് ജോമോ കെനിയാട്ടയുടെ കീഴിൽ കെനിയയുടെ ആദ്യ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തുടര്‍പഠനത്തിനായി 1962 ല്‍ ഒഡിംഗ ജർമനിയിലേക്ക് പോയി.
1970-ൽ ഒഡിംഗ കെനിയയിലേക്ക് മടങ്ങി. 1974-ൽ ഒഡിംഗയെ കെനിയ ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ്സിന്റെ ഗ്രൂപ്പ് സ്റ്റാൻഡേർഡ്സ് മാനേജരായി നിയമിച്ചു . നാല് വർഷം ഈ സ്ഥാനത്ത് തുടർന്ന ശേഷം, 1978-ൽ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു, 1982-ൽ തടങ്കലിൽ ആകുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. തുടർന്ന് രാഷ്ട്രീയരംഗത്ത് സജീവമായ ഒഡിംഗ പലതവണ തടങ്കലിലാകുകയും മോചിപ്പിക്കപ്പെടുകയും ചെയ്തു.
ഒഡിംഗയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ അമേരിക്കൻ ഇടതുപക്ഷ രാഷ്ട്രീയവുമായി കൂടുതൽ അടുത്ത ബന്ധമുള്ള സോഷ്യൽ ഡെമോക്രസി എന്ന് വിളിക്കാം. ഒരു കാലത്ത് പാർലമെന്ററി സംവിധാനത്തിന് അനുകൂലമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ പിന്നീട് അദ്ദേഹം നിലപാട് മാറ്റി, വികേന്ദ്രീകൃത അധികാര ഘടനയുള്ള ഒരു പ്രസിഡൻഷ്യൽ സംവിധാനത്തെയാണ് ഒഡിംഗ പിന്തുണച്ചത്. അത് കെനിയയുടെ നിലവിലെ ഭരണഘടനയിൽ പ്രതിഫലിക്കുന്നു.
ഇഡ ഒഡിംഗയാണ് ഭാര്യ. റോസ് മേരിയെ കൂടാതെ ഫിഡല്‍, റെയ്‌ല ജൂനിയര്‍, വിന്നി എന്നീ മൂന്ന് മക്കള്‍ കൂടിയുണ്ട്.
Content Highlights: Former Kenyan Prime Minister Raila Odinga died of a heart attack in Koothattukulam, Kerala. He was undergoing Ayurvedic treatment for his daughter.