ഫയലുകൾ മുക്കൽ, അനുമതിയില്ലാത്ത വിദേശയാത്രകൾ, അനധികൃത സ്വത്തുസമ്പാദനം; തച്ചങ്കരി ഇനി അഴിയെണ്ണും

#സ്വന്തം ലേഖകൻ
ടോമിൻ തച്ചങ്കരി | ഫോട്ടോ - മാതൃഭൂമി
ടോമിൻ തച്ചങ്കരി | ഫോട്ടോ - മാതൃഭൂമി

സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കിൽ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥൻ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത് കേരള ചരിത്രത്തിൽതന്നെ ഒരുപക്ഷേ, ഇതാദ്യമായിരിക്കും. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥനായ ഒരു പോലീസ് മേധാവിതന്നെ ഔദ്യോഗിക പദവി ദുരുപയോഗംചെയ്ത് സ്വത്ത് സമ്പാദിച്ചത് ഗുരുതരമായ കുറ്റമാണെന്നും അങ്ങനെയുള്ളയാൾ ഒരുവിധ മാപ്പും അർഹിക്കുന്നില്ലെന്നും കോട്ടയം വിജിലൻസ് കോടതി വിധിന്യായത്തിൽ വ്യക്തമാക്കുകയായിരുന്നു.

നാലുവർഷത്തെ കഠിന തടവും 30,84,892 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കിൽ രണ്ടുമാസംകൂടി അധിക തടവനുഭവിക്കേണ്ടിവരും. വിധിപ്രഖ്യാപനത്തിനുശേഷം വൈദ്യപരിശോധന പൂർത്തിയാക്കി തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കാണ് കൊണ്ടുപോകുന്നത്. മൂന്നുവർഷത്തിൽക്കൂടുതൽ തടവുശിക്ഷ വിധിച്ച കേസായതിനാൽ വിചാരണാ കോടതിയിൽനിന്ന് നേരിട്ട് ജാമ്യം ലഭിക്കില്ല എന്നതിനാൽ അഴിയെണ്ണേണ്ടിവരുമെന്നത് ഉറപ്പാണ്. ശാരീരിക ബുദ്ധിമുട്ടുകളും നെഞ്ചുവേദനയുമുണ്ടെന്നും രണ്ടു പെൺമക്കളുണ്ടെന്നും നിലവിൽ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നുമൊക്കെയുള്ള പ്രതിഭാഗത്തിന്റെ ശിക്ഷായിളവ് വാദങ്ങൾ കോടതി തള്ളി.

രണ്ടുപതിറ്റാണ്ടോളം നീണ്ട കഠിനമായ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ ശിക്ഷ വിധിക്കുന്നത്. 2003 ജനുവരി മുതൽ 2007 ജൂലായ് വരെയുള്ള കാലയളവിൽ എസ്.പി.യായും ഡി.ഐ.ജി.യായും സേവനമനുഷ്ഠിക്കവേ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 64.70 ലക്ഷം രൂപയുടെ (വരവിനേക്കാൾ 135 ശതമാനം) സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. പരാതിക്കാരനായ ബോബി കുരുവിള എന്ന വ്യക്തി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് വിജിലൻസ് അന്വേഷണത്തിനും തുടർന്നുള്ള നിയമപോരാട്ടങ്ങൾക്കും പിന്നാലെ നടന്നത്.

തച്ചങ്കരി ഇടപെട്ട് പലതവണ കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയെങ്കിലും, വിചാരണ അനന്തമായി നീളുന്നതിൽ അതൃപ്തിയറിയിച്ച് ഹൈക്കോടതി ഇടപെടുകയായിരുന്നു. കേസ് സമയബന്ധിതമായി തീർപ്പാക്കാൻ ഉത്തരവിട്ടതോടെയാണ് വിചാരണ വേഗത്തിലായത്. സ്വത്തുക്കൾ കുടുംബവിഹിതമായും ഇഷ്ടദാനമായും കിട്ടിയതാണെന്ന വാദം സ്ഥാപിക്കാൻ സഹോദരിയെയടക്കം സാക്ഷിയാക്കി തച്ചങ്കരി ശ്രമം നടത്തിയെങ്കിലും അതിനുള്ള രേഖകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടു.

1984 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ തച്ചങ്കരി, തന്റെ സർവീസ് കാലയളവിലുടനീളം ഒട്ടേറെ വിവാദങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ്. തന്റെ അധികാരവും രാഷ്ട്രീയ പിടിപാടും ഉപയോഗിച്ച് പല കേസുകളിൽനിന്നും ഊരിപ്പോരാൻ ഇദ്ദേഹത്തിനായി. പോലീസ് ആസ്ഥാനത്തുണ്ടായിരുന്ന ഒട്ടേറെ കേസ് ഫയലുകൾ ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞത് മുൻ ഡി.ജി.പി. ടി.പി. സെൻകുമാറാണ്.

2002-ൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തച്ചങ്കരിയുടെ ഗൺമാൻ വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരുന്നതിനിടെ പിടിക്കപ്പെട്ടിരുന്നു. ഇത് തച്ചങ്കരിക്കുവേണ്ടിയുള്ള കടത്താണെന്ന ആരോപണമുയർന്നിരുന്നു അന്ന്. ഔദ്യോഗിക പദവിയിലിരിക്കേ, സർക്കാരിന്റെ അനുമതിയില്ലാതെ നടത്തിയ വിദേശയാത്രകളും അത്തരം യാത്രകൾക്കുശേഷം കടത്തിക്കൊണ്ടുവന്ന വസ്തുക്കളും അന്ന് വലിയ ചർച്ചയായി.

2004-ൽ ആന്റി പൈറസി സെല്ലിന്റെ നോഡൽ ഓഫീസറായിരിക്കേ തിരുവനന്തപുരം ബീമാപള്ളിയിലെ വ്യാജ സി.ഡി. വിപണികൾക്കെതിരേ നടത്തിയ റെയ്ഡിലൂടെ അദ്ദേഹം ശ്രദ്ധേയനായി. എന്നാൽ 2006 ഡിസംബറിൽ ആന്റി പൈറസി സെൽ മേധാവിയായിരുന്ന ഐ.ജി. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി കൊച്ചിയിൽ നടത്തിയിരുന്ന 'റിയാൻ ഡിജിറ്റൽ സ്റ്റുഡിയോ'യിൽ റെയ്ഡ് നടത്തുകയും വൻതോതിൽ വ്യാജ സി.ഡി.കൾ പിടിച്ചെടുക്കുകയും ചെയ്തു.

നൈജീരിയൻ ഇ-മെയിൽ തട്ടിപ്പും ക്രെഡിറ്റ് കാർഡ് റാക്കറ്റുകൾ തകർത്തതുമുൾപ്പെടെ മികച്ച ചില നേട്ടങ്ങൾ കരിയറിലുണ്ടെങ്കിലും, അദ്ദേഹത്തെ തുടർച്ചയായി പിന്തുടർന്ന വിവാദങ്ങൾ ആ നേട്ടങ്ങളുടെ ശോഭ കെടുത്തി. അനധികൃത സ്വത്ത് സമ്പാദനമുൾപ്പെടെ പല ഘട്ടങ്ങളിലും അദ്ദേഹത്തെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പിൽക്കാലത്ത് സർവീസുകളിൽ തിരിച്ചെടുത്തെങ്കിലും സുപ്രധാന പദവികളോ ചുമതലകളോ നൽകാതിരിക്കാൻ അന്നത്തെ ഭരണകൂടങ്ങൾ ശ്രദ്ധിച്ചു.

ഏറ്റവുമൊടുവിൽ 2023-ൽ സർവീസിൽനന്ന് വിരമിച്ച ശേഷവും തച്ചങ്കരി തന്റെ സ്വകാര്യ കാറിൽ ഡി.ജി.പി. പദവിയെ സൂചിപ്പിക്കുന്ന മൂന്ന് നക്ഷത്ര ചിഹ്നവും ഔദ്യോഗിക ബോർഡും ഉപയോഗിച്ചു. ഇതും വലിയ വിവാദമായി. 2026-ൽ കോട്ടയം വിജിലൻസ് കോടതിയിൽ വിചാരണയ്ക്കായി ഇതേ കാറിലെത്തിയതിനെത്തുടർന്ന് മോട്ടോർ വാഹനവകുപ്പ് അദ്ദേഹത്തിനെതിരേ പിഴ ചുമത്തിയിരുന്നു.

Content Highlights: Kottayam Vigilance Court sentenced former DGP Thachankary to 4 years of rigorous imprisonment., Fined Rs 30,84,892 in the disproportionate assets case dating back to 2003-2007., Sent to Thiruvananthapuram Central Jail following the verdict.