വിഴിഞ്ഞത്ത് രണ്ടുമാസമായി തടഞ്ഞിട്ട വിദേശ കപ്പലിന് ഇന്ധനം; നിറച്ചത് ഒന്നേകാൽ ലക്ഷത്തിലേറെ ലിറ്റർ

#ന്യൂസ് ഡെസ്ക്

വിഴിഞ്ഞം: വിഴിഞ്ഞം പുറംകടലിൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് രണ്ടുമാസമായി തടഞ്ഞിട്ടിരിക്കുന്ന വിദേശ എണ്ണക്കപ്പലിന് കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ഒന്നേകാൽ ലക്ഷത്തിലേറെ ലിറ്റർ ഇന്ധനം നിറച്ചുനൽകി. എം.വി. സോളിസ് എന്ന കപ്പലിനാണ് ഷിപ്പ് ടു ഷിപ്പ് എന്ന ബങ്കറിങ് സംവിധാനത്തിലൂടെ ഇന്ധനം നിറച്ചുനൽകിയത്. കന്യാകുമാരിക്കടുത്തുവെച്ച് ട്രോളർ ബോട്ടിൽ ഇടിച്ചതിനെത്തുടർന്നാണ് കപ്പലിനെ ഇവിടെ തടഞ്ഞിട്ടിരിക്കുന്നത്.

വിഴിഞ്ഞം പുറംകടലിലെത്തിയ വിദേശകപ്പലിന് ആദ്യമായാണ് മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിങ് സംവിധാനം സജ്ജമാക്കിയത്. മുംബൈ ആസ്ഥാനമായ കമ്പനിയാണ് കൊച്ചിയിൽനിന്ന്‌ എം.ടി. ജെനിസിസ് എന്ന കൂറ്റൻ ബാർജിൽ ഒന്നേകാൽലക്ഷത്തോളം ലിറ്റർ ഡീസലെത്തിച്ചത്.

ഞായറാഴ്ച രാവിലെ ആറുമണിയോടെ എത്തിയ ബാർജിനെ പുറംകടലിലുള്ള കപ്പലിനടുത്തെത്തിച്ചശേഷം ഒൻപതുമണിയോടെ തുടങ്ങിയ ബങ്കറിങ് ഉച്ചയ്ക്ക് ഒന്നോടെ പൂർത്തീകരിച്ചു. രണ്ടാഴ്ചമുൻപ് കപ്പലിലെ ഇന്ധനം പൂർണമായി തീരാറായെന്നും, എൻജിനുകൾ നിലച്ച് കപ്പൽ ഒഴുകിപ്പോകാൻ ഇടയുണ്ടെന്നും കാണിച്ച് ക്യാപ്റ്റൻ വാൻടുവാൻ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് കമ്പനിയധികൃതർക്ക് ഇ-മെയിൽ അയിച്ചിരുന്നു. ജീവനക്കാർക്കുള്ള ഭക്ഷണവും കുടിവെള്ളവും അടക്കം തീർന്നുവെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു.

തുടർന്ന് ഇന്ധനമെത്തിച്ചുനൽകുന്നതിനുള്ള സൗകര്യമൊരുക്കാൻ ഡി.ജി. ഷിപ്പിങ് അധികൃതർ മാരിടൈം ബോർഡിന്റെ വിഴിഞ്ഞം പർസർ വിനുലാലിനു സന്ദേശമയച്ചിരുന്നു. കപ്പൽ ഏജൻസിയും കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സീമാക്സ് മറൈൻ സർവീസ് അധികൃതരെത്തി രണ്ടുഘട്ടങ്ങളിലായി 13000 ലിറ്റർ ഇന്ധനമെത്തിച്ചുനൽകി. തുടർന്നാണ് ഞായറാഴ്ച മുഴുവൻ ഇന്ധനും നൽകിയത്.

അപകടം മാർച്ചിൽ

കഴിഞ്ഞ മാർച്ച് ഏഴിന് ഉച്ചയ്ക്ക് കന്യാകുമാരിയിലെ മുട്ടം തുറമുഖത്തിന്റെ 57 നോട്ടിക്കൽ മൈൽ അകലെവെച്ച് നീണ്ടകര സ്വദേശിയുടെ ട്രോളർ ബോട്ടിനെയാണ് എം.വി. സോളിസ് ഇടിച്ചുതകർത്തത്.

അപകടത്തിൽ ബോട്ട് രണ്ടായി പിളർന്ന് 11 മത്സ്യത്തൊഴിലാളികൾ കടലിൽ വീണിരുന്നു. ഇവരിൽ ഒൻപതുപേരെ ഇതേ കപ്പലിലെ ജീവനക്കാർ രക്ഷപ്പെടുത്തിയിരുന്നു. അതേസമയം രണ്ടുപേരെ ഇനിയും കണ്ടെത്തിയിട്ടില്ല. തുടർന്ന് കോസ്റ്റ് ഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷൻ കമാൻഡറുടെ സഹായത്തോടെ കപ്പൽ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലെത്തിക്കുകയായിരുന്നു.

Content Highlights: Over 125,000 liters of diesel supplied to MV Solis via ship-to-ship bunkering., The vessel was detained for two months following a collision with a fishing boat in March., Kerala Maritime Board facilitated the operation to prevent the ship from drifting., The operation addressed critical shortages of fuel, food, and water for the crew.