സര്‍ക്കാര്‍ ഉറപ്പ് വെറുംവാക്കായി; ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സയ്ക്ക് പണമീടാക്കി

ആലപ്പുഴ: ഗുരുതര വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് കൈകഴുകി ആരോഗ്യവകുപ്പ്. കുഞ്ഞിന്റെ ആരോഗ്യപരിശോധനകള്‍ക്ക് വേണ്ടി ആലപ്പുഴ മെഡിക്കല്‍ കോളേജ് പണമീടാക്കി. 250 രൂപ വീതം രണ്ടുതവണയാണ് ആശുപത്രിയില്‍ നിന്ന് ചികിത്സയ്ക്ക് പണമീടാക്കിയത്.
ടാക്സി ഓടിച്ച് കുടുംബം പുലര്‍ത്തുന്ന കുട്ടിയുടെ അച്ഛന് അനീഷിന് ഒരുദിവസം മാത്രമാണ് ജോലിക്ക് പോകാന്‍ സാധിച്ചത്. ഈ പ്രതിസന്ധികള്‍ക്കിടെയാണ് വാഗ്ദാനം മറന്ന് ആരോഗ്യവകുപ്പ് അനീഷില്‍ നിന്ന് കുഞ്ഞിന്റെ ചികിത്സയ്ക്ക് പണമീടാക്കിയത്. കുട്ടിയുടെ ചികിത്സയ്ക്ക് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായങ്ങളുമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി നല്കിയ ഉറപ്പാണ് പാഴായത്.
കുഞ്ഞിന് വേണ്ട ആരോഗ്യ പരിശോധനകളും ചികിത്സകളും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലോ സ്വകാര്യ ആശുപത്രിയിലോ ചെയ്യുന്നതിന് സഹായം ഉറപ്പുനല്‍കുകയും ചെയ്തിരുന്നതാണ്. ഈ സാഹചര്യത്തിലാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പണമീടാക്കിയത്.
അതേസമയം ഗര്‍ഭകാലത്ത് കൃത്യമായി പരിശോധന നടത്താത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യമുണ്ടായത് എന്ന് വിശദീകരിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല. എന്നാല്‍ സ്വകാര്യ ലാബുകള്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്തു. ഏഴ് തവണ സ്കാന്‍ ചെയ്തിട്ടും വൈകല്യമുണ്ട് എന്ന് പറഞ്ഞില്ല.
കണ്ണിനും കാലിനും ജനനേന്ദ്രിയത്തിനുമൊക്കെ വൈകല്യങ്ങളോടെയാണ് കുഞ്ഞ് ജനിച്ചത്. വിഷയത്തില്‍ കുടുംബം നല്കിയ പരാതിയില്‍ അന്വേഷണം ഇഴയുകയാണ്.
Content Highlights: forced to paid for the treatment of a baby born with severe disabilities