സ്‌പോൺസർഷിപ്പ് തട്ടിപ്പ്: അബ്ദുറഹ്‌മാനെതിരെ കുരുക്ക് മുറുകുന്നു, ഡിജിപി റിപ്പോർട്ട് നൽകി

തിരുവനന്തപുരം: ഫുട്‌ബോൾ സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്‌മാനും അന്നത്തെ സർക്കാർ ഉദ്യോഗസ്ഥർക്കും എതിരെ അന്വേഷണാനുമതി തേടി സംസ്ഥാന പോലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് നൽകി. ഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മുൻമന്ത്രിക്കും ഉദ്യോഗസ്ഥർക്കും എതിരെ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ സർക്കാരിലേക്ക് നിർണായക ഫയൽ കൈമാറിയത്.
വി. അബ്ദുറഹ്‌മാനും ഉദ്യോഗസ്ഥർക്കും എതിരെ അഴിമതി നിരോധന നിയമം ചുമത്തി തുടരന്വേഷണം നടത്താനുള്ള അനുമതിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ അനുമതി നൽകുകയാണെങ്കിൽ കേസ് വിജിലൻസ് അന്വേഷണത്തിലേക്ക് വഴിമാറും.
ഫുട്‌ബോൾ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട കരാറിലും സ്‌പോൺസറെ കണ്ടെത്തിയതിലും അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായുള്ള ഇടപാടുകളിലും മുൻമന്ത്രി ചട്ടവിരുദ്ധവും ക്രമരഹിതവുമായ ഇടപെടലുകൾ നടത്തിയതായി അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മുൻമന്ത്രിയെ കേസിൽ പ്രതിചേർക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. മുൻ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും എതിരെ തുടരന്വേഷണം വേണമോ എന്നതിൽ സർക്കാരാണ് ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്.
Content Highlights: Former minister faces allegations in football sponsorship fraud related to Messi visit. Police request government approval for continued investigation.