'തൃശ്ശൂർ RSSന് കൊടുത്ത നയവഞ്ചകനെ മലബാറിന് വേണ്ട'; പ്രതാപനെതിരേ കോഴിക്കോട്ട് ഫ്ളക്സ് ബോർഡുകൾ

കോഴിക്കോട്: കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപനെതിരെ കോഴിക്കോട് നഗരത്തിൽ ഫ്ളക്സ് ബോർഡുകൾ. ചതിയൻ ടി.എൻ. പ്രതാപനെ മലബാറിന് വേണ്ടെന്നാണ് ബോർഡിലുള്ളത്. തൃശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകനെന്നും അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ‘കോൺഗ്രസ് പോരാളികൾ’ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.
നഗരത്തിന്റെ വിവിധ ബാഗങ്ങളിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ടി.എൻ.പ്രതാപനാണ് മലബാറിന്റെ ചുമതല നൽകിയിട്ടുള്ളത്. ഇതിലുള്ള പ്രതിഷേധമാണ് ബോർഡ് സ്ഥാപിക്കാൻ കാരണമെന്നാണ് കരുതുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് എം.പി. ടി.എൻ. പ്രതാപനെ മാറ്റിയായിരുന്നു കെ. മുരളീധരനെ സ്ഥാനാർഥിയാക്കിയത്. എന്നാൽ, കെ. മുരളീധരന് തൃശ്ശൂരിൽ ലഭിച്ചത് മൂന്നാംസ്ഥാനം മാത്രമായിരുന്നു. ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി മണ്ഡലത്തിൽ നിന്നും വിജയിച്ചു.
മുരളീധരന്റെ തോൽവിയോടെ ടി.എൻ പ്രതാപനെതിരേ പാർട്ടിക്കള്ളിൽ രൂക്ഷവിമർശനം ഉയർന്നു. മത്സരത്തിനില്ലെന്ന നിലയിൽ പ്രവർത്തനങ്ങളിൽനിന്നു മുൻപേ മാറിനിന്നുവെന്നതാണ് പ്രധാന ആരോപണം. എന്നാൽ, തൃശ്ശൂരിലെ പരാജയം ചര്‍ച്ചചെയ്യുമ്പോള്‍ പാര്‍ട്ടിയുടെ വീഴ്ച മാത്രമല്ല സ്ഥാനാര്‍ഥിയുടെ വീഴ്ചകൂടി ചര്‍ച്ചചെയ്യണമെന്ന് പ്രതാപൻ തിരിച്ചടിച്ചു.
Content Highlights: Flex boards in Kozhikode city against TN Pratapan