കുഞ്ഞിനെ 10 km ചുമന്ന് വാഹനം വരുന്നിടത്തെത്തിച്ചു, പിന്നെ ആശുപത്രിയിലേക്ക്; പക്ഷേ രക്ഷിക്കാനായില്ല

കാര്‍ത്തിക്
കാര്‍ത്തിക്

മൂന്നാര്‍: പനിപിടിച്ച് അവശനായ കുഞ്ഞിനെ 10 കിലോമീറ്റര്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു. വിദഗ്ധചികിത്സ കിട്ടാന്‍ അവിടെനിന്ന് വീണ്ടും പാഞ്ഞു. ആ ദൂരം വളരെ കൂടുതലായിരുന്നു. കൃത്യസമയത്ത് വിദഗ്ധ ചികിത്സ കിട്ടാതെ ഇടമലക്കുടിയിലെ ആ കുഞ്ഞ് മരിച്ചു.

സംസ്ഥാനത്തെ ഒരേയൊരു ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ കൂടലാര്‍കുടി സ്വദേശികളായ മൂര്‍ത്തി-ഉഷ ദമ്പതിമാരുടെ മകന്‍ കാര്‍ത്തിക് (അഞ്ച്) ആണ് പനി ബാധിച്ച് മരിച്ചത്. കുടിയില്‍നിന്ന് 10 കിലോമീറ്റര്‍ ദൂരം ചുമന്നാണ് കുട്ടിയെ വാഹനം വരുന്ന സ്ഥലത്ത് എത്തിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് കുട്ടിക്ക് പനി തുടങ്ങിയത്. തുടര്‍ന്ന് കൂടലാര്‍കുടിയില്‍നിന്ന് മാങ്കുളത്തെ ആശുപത്രിയിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. വാഹനസൗകര്യമുള്ള ആനക്കുളത്ത് എത്താന്‍ 10 കിലോമീറ്റര്‍ കാട്ടിലെ ദുര്‍ഘടപാതയിലൂടെ കാല്‍നടയായി സഞ്ചരിക്കണമായിരുന്നു. ഇതിന് രണ്ട് മണിക്കൂറിലധികം വേണ്ടിവന്നു.

കുട്ടിയെ എടുത്തും തുണിമഞ്ചലില്‍ കെട്ടി ചുമന്നുമാണ് ഇത്രയും ദൂരം എത്തിച്ചത്. ഇതിനുശേഷം വാഹനത്തില്‍ മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഗുരുതരാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. ആംബുലന്‍സില്‍ അടിമാലിയിലേക്ക് പോകുംവഴി കുട്ടി മരിക്കുകയായിരുന്നു.

ഇടമലക്കുടിയുടെ ദുരിതം

ഇടമലക്കുടിയില്‍ സാമൂഹിക ആരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവിടെയെത്താന്‍ കൂടലാര്‍കുടിയില്‍നിന്ന് നാലുമണിക്കൂര്‍ കാല്‍നടയായി സഞ്ചരിക്കണം. ഇതിനാലാണ് കുട്ടിയെ മാങ്കുളത്തേക്ക് കൊണ്ടുപോയത്. സമയത്ത് ചികിത്സ ലഭ്യമാക്കാന്‍ കഴിയാതെവന്നതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് കരുതുന്നത്.

മൂന്നാറില്‍നിന്ന് സൊസൈറ്റിക്കുടിവരെ മാത്രമാണ് റോഡ് സൗകര്യമുള്ളത്. എന്നാല്‍ ഈ റോഡിലൂടെ ഫോര്‍വീല്‍ ഡ്രൈവ് ജീപ്പുകളില്‍മാത്രമേ യാത്ര ചെയ്യാനാകൂ. ഉള്‍പ്രദേശങ്ങളിലുള്ള കുടികളിലേക്ക് നടന്നേ പോകാനാകൂ. ഫെബ്രുവരിയില്‍ ആണ്ടവന്‍കുടിയില്‍ 13-കാരന്‍ പനിബാധിച്ച് മരിച്ചിരുന്നു. രോഗം ബാധിച്ചവരെ മണിക്കൂറുകള്‍ ചുമന്നാണ് ആശുപത്രിയിലെത്തിക്കുന്നത്.

Content Highlights: five year old death edamalakkudy