കോഴിക്കോട് അത്തോളിയിൽ ഓയിൽ മില്ലിൽ തീപ്പിടിത്തം

കോഴിക്കോട്: അത്തോളി കണ്ണിപൊയിലിൽ ഓയിൽ മില്ലിൽ വൻ തീപ്പിടിത്തം. ശനിയാഴ്ച രാത്രി 11:30 ഓടുകൂടിയാണ് എസ്.ആർ ഓയിൽ മില്ലിൽ തീപ്പിടിത്തമുണ്ടായത്. കൊയിലാണ്ടിയിൽനിന്ന് രണ്ടും നരിക്കുനി, വെള്ളിമാടുകുന്ന്, പേരാമ്പ്ര എന്നീ നിലയങ്ങളിൽ നിന്നും ഓരോ യൂണിറ്റും അഗ്നിരക്ഷാ സേന എത്തിയാണ് നാലു മണിക്കൂർ നേരത്തെ പരിശ്രമത്തിനോടുവിൽ തീ നിയന്ത്രണ വിധേയമാക്കിയത്.
ഇരുമ്പ് ഷീറ്റ് കൊണ്ട് പൂർണമായി നിർമിച്ച ഓയിൽ മില്ലിനുള്ളിൽ വെളിച്ചെണ്ണയ്ക്ക് വേണ്ട കൊപ്രയും തേങ്ങയും 2000 ലിറ്ററോളം വെളിച്ചെണ്ണയും ഉണ്ടായിരുന്നു. ഇവ പൂർണമായി കത്തിനശിച്ചു. മലാപ്പറമ്പ് സ്വദേശി ഷൈജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓയിൽ മില്ല്.
Content Highlights: Massive Fire Destroys Oil Mill in Atholi, Kozhikode