നിങ്ങളാണ് മുഖ്യമന്ത്രി,നിങ്ങളാണ് ആഭ്യന്തര മന്ത്രി, നിങ്ങളെ കുറ്റപ്പെടുത്തും- സതീശൻ, വാക്‌പോര്

വി.ഡി സതീശന്‍
വി.ഡി സതീശന്‍

തിരുവനന്തപുരം:  പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകം വിഷയമായ അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാരും പ്രതിപക്ഷവും തമ്മിൽ അതിരൂക്ഷമായ വാക്‌പോര്. പ്രമേയ അവതാരകനായ രമേശ് ചെന്നിത്തലയുടെ മിസ്റ്റർ ചീഫ് മിനിസ്റ്റർ പ്രയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി. നിങ്ങളാണ് മുഖ്യമന്ത്രിയെന്നും കേൾക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. താൻ എന്തു പറയണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.പക്ഷംപിടിച്ച് മന്ത്രിമാരും മുന്നോട്ടെത്തി.

മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് അഭിസംബോധന ചെയ്താണ് രമേശ് ചെന്നിത്തല സംസാരിച്ചത്. ഇതിന് ശേഷം ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. സമൂഹം നേരിടുന്ന വിപത്തിനെ നേരിടുന്ന രീതിയിലാണോ രമേശ് ചെന്നിത്തല സംസാരിച്ചതെന്ന് പിണറായി വിജയൻ രോഷത്തോടെ സംസാരിച്ചു.

'ഇദ്ദേഹം ഈ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് പറഞ്ഞ് ഒരോ ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കുന്നുണ്ട്. ഒരോന്നിനും ഞാൻ ഇടയ്ക്ക് ഇടയ്ക്ക് ഉത്തരം പറഞ്ഞുകൊണ്ടിരിക്കണോ? വേണമെങ്കിൽ അതാവാം. സമൂഹം നേരിടുന്ന വിപത്തിനെ നേരിടുന്ന രീതിയിലാണോ അദ്ദേഹം  സംസാരിച്ചുകൊണ്ടിരിക്കുന്നത്. അതാണോ ശരിയായ രീതി. യാഥാർത്ഥ്യം മനസിലാക്കാൻ കഴിയണം. ഇന്ന് നാട് നേരിടുന്ന പ്രശ്‌നം എന്താണെന്ന് മനസിലാക്കാൻ സാധിക്കണം. ഇടയ്ക്കിടയ്ക്ക് മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് പറഞ്ഞു ചോദ്യം ചോദിച്ചാൽ മാത്രം പോര'- മുഖ്യമന്ത്രി പറഞ്ഞു

മുഖ്യമന്ത്രി ക്ഷുഭിതനായതോടെ ഇതിന് മറുപടിയുമായി രോഷത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി.

'നിങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. നിങ്ങളാണ് കേരളത്തിന്റെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ളയാൾ. നിങ്ങളെ കുറ്റപ്പെടുത്തും. അതിനെന്തിനാണ് താങ്കൾ ഇങ്ങനെ അസഹിഷ്ണുത കാണിക്കുന്നത്'.- വി.ഡി സതീശൻ ചോദിച്ചു.

ഞാൻ എന്താണ് സംസാരിക്കേണ്ടതെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടെന്നും അത് എന്റെ അധികാരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നത്‌ അൺപാർലമെന്ററിയല്ലെന്ന് രമേശ് ചെന്നിത്തല ഇതോടൊപ്പം പറഞ്ഞു

ഈ വിഷയത്തെ കുറിച്ച് സംസാരിക്കേണ്ടതിന് പകരം ഈ അവസരം ഉപയോഗിച്ച് അനാവശ്യമായ കാര്യങ്ങൾ പറയുകയല്ല വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Fierce war of words between the government and the opposition in assembly