ചാക്കിൽ ക്യൂആർ കോഡ്; അറിയാം റേഷനരിയുടെ ജനിതകവും ജാതകവും

#കെ.ആർ. പ്രഹ്ലാദൻ
പ്രതീകാത്മകചിത്രം| Photo: Mathrubhumi
പ്രതീകാത്മകചിത്രം| Photo: Mathrubhumi

കോട്ടയം : റേഷൻ ധാന്യം എവിടെനിന്നുവന്നു, എവിടേക്കു പോകുന്നു എന്നൊക്കെ തിരിച്ചറിയാൻ ഇനി ക്യൂആർ കോഡ്. തിരിമറി ഒഴിവാക്കുകയാണ് എഫ്.സി.ഐ.യുടെ ലക്ഷ്യം. ആന്ധ്രയിൽ നെല്ലിലും പഞ്ചാബിൽ ഗോതമ്പിലും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി ‌വിജയംകണ്ടിരുന്നു.

ഈ സംഭരണസീസണിൽ ആന്ധ്രയിൽനിന്നുള്ള 10 ലക്ഷം ടണ്ണും തെലങ്കാന, ഒഡിഷ എന്നിവിടങ്ങളിൽനിന്നുള്ള അഞ്ചുലക്ഷം ടൺ വീതവും നെല്ല് ക്യൂആർ കോഡുള്ള ചാക്കിലാകും നിറയ്ക്കുക. കേരളത്തിലേക്ക് കൂടുതൽ അരി എത്തിക്കുന്നതും ഈ സംസ്ഥാനങ്ങളിൽനിന്നാണ്. ക്യൂആർ കോഡ് സ്കാൻ ചെയ്താൽ ഏതു സംസ്ഥാനത്തെ ഏതു ജില്ലയിൽനിന്ന് സംഭരിച്ചതാണെന്നും സംഭരണ ഏജൻസി ഏതെന്നും എന്നുവരെ വിതരണ കാലാവധി ഉണ്ടെന്നും അറിയാനാകും. റേഷൻ കടകളിലെ ഇപോസ് യന്ത്രം ഉപയോഗിച്ച് ചാക്ക് സ്കാൻ ചെയ്തശേഷമേ കടയിൽ വിതരണം തുടങ്ങാനാകൂ.

നിലവിൽ ഇപോസ് യന്ത്രം വഴി വിതരണം ചെയ്യുന്ന റേഷന്റെ കണക്ക് അപ്പപ്പോൾ കേന്ദ്രഭക്ഷ്യമന്ത്രാലയത്തിനു കിട്ടുന്നുണ്ട്. ക്യൂആർ കോഡ് സ്കാനിങ് വരുമ്പോൾ ഏത് പാക്കറ്റ്, ബാച്ച് തുടങ്ങിയ വിവരങ്ങളും തത്സമയം അവർക്ക് കിട്ടും. സബ്സിഡി വിഹിതം സംസ്ഥാനങ്ങൾക്ക് നൽകുന്നതിനുള്ള താമസം ഒഴിവാകും.

നിലവിൽ എഫ്.സി.ഐ.യിൽനിന്നുള്ള അരിയുടെ വലിയൊരു ഭാഗം മുൻഗണനാ കാർഡുകൾക്കുള്ള സൗജന്യറേഷനായാണ് കൊടുക്കുന്നത്. റേഷനോ പൊതുവിപണി വിൽപ്പനയ്ക്കോ കൊണ്ടുപോകുന്ന ധാന്യം എഥനോൾ നിർമാണത്തിനും മറ്റും മറിച്ചുകൊടുത്ത സംഭവങ്ങൾ അടുത്തിടെയുണ്ടായി. ഭക്ഷ്യ ആവശ്യത്തിനുള്ള അരി ഇതര ആവശ്യങ്ങൾക്ക് വകമാറ്റുന്നത് കർശനമായി തടയാനാണ് നീക്കം.

Content Highlights: FCI implements QR code tracking on ration sacks to monitor grain origin and prevent diversion. Scan to learn how this ensures transparency.