‘മകൾ മരിച്ചതെങ്ങനെ?’ നിദയ്ക്ക് നീതിതേടി പിതാവ്; പ്രേരണയായി ‘ഒരു അന്വേഷണത്തിന്റെ തുടക്കം’

#എം.കെ. സുരേഷ്
സൈക്കിൾ പോളോ(എഐ നിർമിത പ്രതീകാത്മക ചിത്രം), ഫാത്തിമ നിദ (ഫയൽ ഫോട്ടോ)
സൈക്കിൾ പോളോ(എഐ നിർമിത പ്രതീകാത്മക ചിത്രം), ഫാത്തിമ നിദ (ഫയൽ ഫോട്ടോ)

തിരുവനന്തപുരം: ഇതൊരു അന്വേഷണത്തിന്റെ തുടക്കമാകുമോ? സിനിമയിൽ കുറ്റക്കാരെ കണ്ടെത്തിയതുപോലെ സൈക്കിൾ പോളോ താരമായിരുന്ന മകൾ ഫാത്തിമ നിദയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാണ് പിതാവ് ഷിഹാബുദ്ദീന്റെ അഭ്യർഥന.

എം.എ. നിഷാദ് സംവിധാനംചെയ്ത ക്രൈം ത്രില്ലർ ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമയിലെ കായികതാരത്തിന്റെ മരണവും കുറ്റക്കാരെ കണ്ടെത്തലുമാണ് അമ്പലപ്പുഴ കാക്കാഴം സുഹറാ മൻസിലിൽ ഷിഹാബുദ്ദീന് മകൾക്ക്‌ നീതിതേടിയുള്ള പോരാട്ടത്തിന് വീണ്ടും പ്രേരണയായത്. സഹായിക്കാമെന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം. ലിജുവും എൻ. ഷംസുദ്ദീനും ഉറപ്പുനൽകി.

ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരള ടീം അംഗമായി 2022 ഡിസംബർ 19-ന് നാഗ്പുരിലേക്ക്‌ പോയതായിരുന്നു ഷിഹാബുദ്ദീന്റെയും അൻസിലയുടെയും മകൾ പത്തുവയസ്സുമാരി ഫാത്തിമ നിദ. അവിടെവെച്ച് ഛർദിച്ച് അവശയായി വെന്റിലേറ്ററിലായ കുട്ടി 22-ന് മരിച്ചു. മരണകാരണം എന്തെന്ന് ഇതുവരെ വ്യക്തതയില്ലെന്ന് ഷിഹാബുദ്ദീൻ പറയുന്നു.

അതിനിടെയാണ് നിഷാദിന്റെ സിനിമകണ്ടതും സംവിധായകനെ പരിചയപ്പെട്ടതും. പഞ്ചാബിൽ ദേശീയ ജൂഡോ മത്സരത്തിനുപോയ പെൺകുട്ടി മരിച്ചതും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തുന്നതും സിനിമയിലുണ്ട്. ഫാത്തിമ നിദയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിഷാദിനൊപ്പം ഷിഹാബുദ്ദീൻ വ്യാഴാഴ്ച നിയമസഭാ മന്ദിരത്തിലെത്തി മന്ത്രിമാരെ കണ്ടു. മുഖ്യമന്ത്രിയെ കണാനാകാത്തതിനാൽ പരാതി ഓഫീസിലേൽപ്പിച്ചു.

‘‘കുത്തിവെപ്പിനു പിന്നാലെയാണ് മകൾ മരിച്ചത്. ഓട്ടോ തൊഴിലാളിയായ എനിക്ക്‌ നാഗ്പുരിലെത്തി നിയമപോരാട്ടത്തിന് സാമ്പത്തികശേഷിയില്ല’’ -ഷിഹാബുദ്ദീൻ പറഞ്ഞു. സൈക്കിൾ പോളോ അസോസിയേഷൻ വീട് നിർമാണത്തിന് 25 ലക്ഷം വാഗ്ദാനംചെയ്തെങ്കിലും 12 ലക്ഷമാണ് കിട്ടിയത്. സർക്കാർ അനുവദിച്ച അഞ്ചുലക്ഷം ചേർത്ത് അഞ്ചുസെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. താമസം വാടകവീട്ടിലാണ്.