സ്‌കൂളിന് പരിശോധനയില്ലാതെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയെന്ന് പരാതി; സമരംചെയ്ത് അച്ഛനും മക്കളും

പ്രതീകാത്മകചിത്രം- മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്
പ്രതീകാത്മകചിത്രം- മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്

എടത്വാ (ആലപ്പുഴ): അരനൂറ്റാണ്ടു പിന്നിട്ട സ്‌കൂള്‍ക്കെട്ടിടം പരിശോധിക്കാതെ അധികൃതര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് സ്‌കൂളിനു മുന്നില്‍ അച്ഛന്റെയും മക്കളുടെയും കുത്തിയിരിപ്പുസമരം. 'ഞങ്ങളുടെ ജീവനു വിലയില്ലേ അധികാരികളേ' -എന്ന ബോര്‍ഡുമായാണ് കുട്ടികള്‍ സമരത്തില്‍ പങ്കെടുത്തത്.

കോഴിമുക്ക് ഗവ. എല്‍പി സ്‌കൂളിലെ നിലംപൊത്താറായ ഓടുമേഞ്ഞ കെട്ടിടത്തിനുമുന്നിലാണ് സമരംനടന്നത്. പഞ്ചായത്ത് എന്‍ജിനിയറിങ് വിഭാഗം പരിശോധിക്കാതെതന്നെ അധ്യയനവര്‍ഷം ആരംഭത്തില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് കുട്ടികളുടെ അച്ഛനും സ്‌കൂള്‍ പിടിഎ വൈസ് പ്രസിഡന്റുമായ കോഴിമുക്ക് കിഴക്കേപ്പറമ്പില്‍ റെജിമോന്‍ പരാതിപ്പെടുന്നത്. കാലപ്പഴക്കത്താല്‍ ഓടുമേഞ്ഞ കെട്ടിടത്തിന്റെ സീലിങ് അടര്‍ന്നുവീണിരുന്നു. അടര്‍ന്നുവീണ ഭാഗത്തെ ഓട്ടുകള്‍ പൊട്ടിയകന്ന നിലയിലാണ്. സീലിങ് അടര്‍ന്ന ഭാഗത്തെ ഓടുകള്‍ മാത്രമാണ് കാണുന്നത്. ബാക്കി ഭാഗങ്ങള്‍ ഇതിലും ദയനീയമാണെന്ന് റെജിമോന്‍ പറയുന്നു.

2022-ല്‍ 60 ലക്ഷം രൂപ മുടക്കി രണ്ടുമുറിയുള്ള കെട്ടിടം പണിതെങ്കിലും ഇതിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. രണ്ട് ക്ലാസ് റൂം തുടങ്ങാനാണ് കെട്ടിടം നിര്‍മിച്ചത്. ഇപ്പോള്‍ ഇതില്‍ ഒരെണ്ണം ഓഫീസ് ആവശ്യത്തിനായി മാറ്റുകയും അടുത്ത മുറിയില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാനുമാണ് നീക്കംനടക്കുന്നത്.

യുകെജി മുതല്‍ നാലാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളെ ഒറ്റ റൂമില്‍ ഇരുത്തി എങ്ങനെ ക്ലാസെടുക്കുമെന്നാണ് റെജിമോന്‍ ചോദിക്കുന്നത്. പുതിയ കെട്ടിടത്തിന് കൈവരികെട്ടാന്‍ പൊതുമരാമത്ത് വകുപ്പില്‍നിന്ന് 2.80 ലക്ഷം രൂപകൂടി അനുവദിച്ചിട്ടുണ്ട്.

Content Highlights: father children protest school fitness certificate