പെരിയാറിലെ മത്സ്യക്കുരുതിയിൽ വൻപ്രതിഷേധം; ചത്തമീൻ ഓഫീസിലേക്കെറിഞ്ഞു, വ്യവസായശാലകൾക്കെതിരേ ആരോപണം

• കൂടുകളിൽ ചത്തുകിടക്കുന്ന മീനുകളെ വാരി മാറ്റുന്ന കർഷകർ
• കൂടുകളിൽ ചത്തുകിടക്കുന്ന മീനുകളെ വാരി മാറ്റുന്ന കർഷകർ

കൊച്ചി: പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതിനെത്തുടർന്ന് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ. മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിനുനേരെ ചത്തുപൊങ്ങിയ മീനുകൾ എറിഞ്ഞ് പ്രതിഷേധിച്ചു. വിഷയത്തിൽ അടിയന്തര സഹായം വേണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. 

സംഭവത്തേക്കുറിച്ച് വിശദമായി പരിശോധിക്കാൻ സബ് കളക്ടറുടെ നേതൃത്വത്തിൽ അടിയന്തരമായി കമ്മറ്റി രൂപവത്കരിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സമരം അവസാനിപ്പിക്കാൻ നാല് കാര്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെക്കുന്നത്. കർഷകരുടെ നഷ്ടം കണക്കാക്കി സാമ്പത്തിക സഹായം നൽകണം, ഉൾനാടൻ കർഷകർക്ക് വരുന്ന ആറ് മാസത്തേക്ക് സഹായം ഒരുക്കണം, മാലിന്യം ഒഴുക്കിയ കമ്പനികൾക്കെതിരേ തക്കതായ നടപടി സ്വീകരിക്കണം,  മാലിന്യമൊഴുക്കിയതിനെതിരേ നടപടികളൊന്നും സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരേയും നടപടി വേണം തുടങ്ങിയ ആവശ്യമാണ് സമരക്കാർ മുന്നോട്ട് വെക്കുന്നത്. 

വെള്ളത്തിൽ വിഷാംശം കലർന്നതിനെത്തുടർന്ന് പെരിയാറും പരിസര ജലാശയങ്ങളും മത്സ്യങ്ങളുടെ ശവപ്പറമ്പായി മാറിയിരുന്നു. ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. പെരിയാറിന്റെ കൈവഴികളിലേക്കും വിഷജലം ഒഴുകിയെത്തിയതോടെ സമീപ പ്രദേശങ്ങളിലെല്ലാം വ്യാപക മത്സ്യനാശം സംഭവിച്ചു. പുഴകളിൽ സ്ഥാപിച്ചിട്ടുള്ള മത്സ്യക്കൂടുകളിലേക്ക് വിഷജലം കയറിയതോടെ ഇതിലെ മത്സ്യങ്ങളും ചത്തു. ഇരുനൂറിലധികം മത്സ്യക്കൂടുകളാണ് പെരിയാറിലും സമീപത്തുള്ള കൈവഴികളിലുമുള്ളത്. മീൻ വളർത്തുന്ന ഫാമുകളിലേക്കും പാടങ്ങളിലേക്കും വിഷജലമെത്തി. ഇവിടെയും ലക്ഷക്കണക്കിനു രൂപയുടെ മത്സ്യസമ്പത്ത് നശിച്ചു.

അഞ്ചുലക്ഷം രൂപ മുതൽ ഇരുപതു ലക്ഷം രൂപവരെ മുതൽമുടക്കിയാണ് കർഷകർ മത്സ്യക്കൂടുകൾ ഒരുക്കിയിരിക്കുന്നത്. കരിമീൻ, കാളാഞ്ചി, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളാണ് കൂടുകളിൽ ചത്തുപൊങ്ങിയത്. വിളവെടുപ്പിനു തയ്യാറെടുക്കുന്ന സമയത്തുണ്ടായ മത്സ്യനാശം കർഷകരെ വൻ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടത്.

പെരിയാറിൽ തിങ്കളാഴ്ച വൈകീട്ട് ഏലൂർ ഭാഗത്താണ് വെള്ളത്തിന് നിറവ്യത്യാസം ആദ്യം കണ്ടത്. ചേരാനല്ലൂർ, കടമക്കുടി, വരാപ്പുഴ, മുളവുകാട് പ്രദേശങ്ങളിലേക്ക് ഇതു വ്യാപിച്ചു. പുഴയിൽനിന്നുമുള്ള രൂക്ഷമായ ഗന്ധം സഹിക്കാനാവാതെ സമീപവാസികൾ നോക്കിയപ്പോഴാണ് പുഴയുടെ അടിത്തട്ടിൽനിന്ന്‌ നൂറുകണക്കിനു മത്സ്യങ്ങൾ ശ്വാസം കിട്ടാതെ മേൽത്തട്ടിലേക്ക് പൊങ്ങിവരുന്നത് കണ്ടത്. പരിസരവാസികളും മത്സ്യതൊഴിലാളികളും വലയുമായിട്ടെത്തി മത്സ്യം കോരിയെടുത്തെങ്കിലും വൈകാതെ അവയെല്ലാം ചത്തു. 

ഈ മത്സ്യങ്ങൾ വിൽക്കുന്നത് നാട്ടുകാരും ജനപ്രതിനിധികളും തടഞ്ഞിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചു. പെരിയാറിന്റെ സമീപത്തെ വ്യവസായശാലകളിൽനിന്ന്‌ രാസമാലിന്യം ഒഴുക്കിവിടുന്നതാണ് വൻതോതിൽ മത്സ്യം ചത്തുപൊങ്ങാൻ കാരണമെന്നും മലിനജലം ഒഴുക്കിവിടുന്നതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.

പുഴകളിലും കായലുകളിലും വ്യവസായ മാലിന്യം ഒഴുക്കിവിട്ട്‌ ജലവും മത്സ്യസമ്പത്തും മലിനമാക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കെതിരേ ശക്തമായ നടപടി വേണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ആവശ്യപ്പെട്ടു. പെരിയാറിനു സമീപമുള്ള വ്യവസായ സ്ഥാപനങ്ങൾ മാലിന്യം തള്ളിയിട്ടും ഇതു തടയേണ്ട മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവാദിത്വത്തിൽനിന്നു പിന്നോട്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്നും ജില്ല ഭരണകൂടം ഇടപെടണമെന്നും ജില്ലാ പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, സെക്രട്ടറി ടി.കെ. ഭാസുരദേവി എന്നിവർ ആവശ്യപ്പെട്ടു.

Content Highlights: Farmers on protest mode as pollution of Periyar causes massive fish kill