'ഒറ്റമുറി ഷെഡിന് നിർമാണ ചിലവ് 2,70,61,320 രൂപ'; നന്ദകുമാർ പറയും, ഒരു 'കുത്തി'ന്റെ വില

പുല്ലാട്: പത്തനംതിട്ട ജില്ലാ ലേബർ ഓഫീസിൽനിന്ന് ലഭിച്ച രജിസ്റ്റേർഡ് കത്ത് വായിച്ചപ്പോൾ നന്ദകുമാർ ഒന്നമ്പരന്നു. കൃഷിയിടത്തിൽ നിർമിച്ച ഒറ്റമുറിക്ക് നിർമാണച്ചെലവിന്റെ ഒരു ശതമാനമായ 2,70,613 രൂപ സെസ്സ് അടയ്ക്കണമെന്നും അടച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നുമായിരുന്നു നോട്ടീസ്.കോയിപ്രം പഞ്ചായത്ത് നാലാംവാർഡ് കുറവൻകുഴി ശ്രീവിലാസത്തിൽ വി.എസ്.നന്ദകുമാറാണ് അധികൃതരുടെ അനാസ്ഥമൂലം കിട്ടിയ നോട്ടീസുമായി ആഴ്ചകളോളം വലഞ്ഞത്
കോയിപ്രം പഞ്ചായത്തിലെ നികുതിനിർണയ രജിസ്റ്റർ പ്രകാരം 4/196 ബി നമ്പരിലുള്ള ഒറ്റമുറിക്ക് 1482 ച.മീറ്റർ വിസ്തീർണമുണ്ട്. ഇതുപ്രകാരം ലേബർ ഓഫീസർ നിർമാണച്ചെലവായി കണക്കാക്കിയത് 2,70,61,320 രൂപ. നിർമാണച്ചെലവിന്റെ ഒരു ശതമാനമായ 2,70,613 രൂപ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി സെസ്സിലേക്ക് അടയ്ക്കണം എന്ന് കാണിച്ചാണ് ജില്ലാ ഡെപ്യൂട്ടി ലേബർ ഓഫീസർ നോട്ടീസ് അയച്ചത്.
പഞ്ചായത്ത് അധികൃതർ 14.82 എന്നതിൽ കുത്തിടാൻ മറന്നതാണ് 1482 എന്നാകാൻ കാരണം. പഞ്ചായത്തിലും ലേബർ ഓഫീസിലുമായി രേഖകൾ കൃത്യമാക്കാൻ മൂന്നാഴ്ചയോളം ഓടിനടക്കേണ്ടിവന്നു നന്ദകുമാറിന്. ഒരേക്കർ വിസ്തൃതിയുള്ള കൃഷിയിടമാണ് നന്ദകുമാറിനുള്ളത്. കാർഷിക ആവശ്യത്തിനുള്ള പമ്പ്സെറ്റ് സ്ഥാപിക്കാൻ പഞ്ചായത്തിന്റെ അനുമതിയോടുകൂടിയാണ് ഒറ്റമുറി നിർമിച്ചത്.
നോട്ടീസ് ലഭിച്ചതിനുശേഷം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയതിനെ തുടർന്ന് വീണ്ടും അളന്നപ്പോൾ ഒറ്റമുറിയുടെ വിസ്തീർണം 13.55 ച.മീറ്റർ ആയി കുറയുകയും ചെയ്തു. പമ്പ് ഹൗസ് അളക്കാൻവന്ന ഉദ്യോഗസ്ഥർ നന്ദകുമാറിന്റെ ആവശ്യപ്രകാരം വീടുകൂടി അളന്നപ്പോഴും നേരത്തേയുള്ള അളവ് തെറ്റാണെന്ന് മനസ്സിലായി.വീടിന്റെ നേരത്തേയുള്ള വിസ്തൃതി 306 ച.മീറ്ററിൽനിന്ന് 232 ച. മീറ്ററിലേക്ക് കുറഞ്ഞു. ഇതുവരെ 306 ച.മീറ്ററിന്റെ നികുതിയാണ് അടച്ചുകൊണ്ടിരുന്നത്.
Content Highlights: farmer in trouble due to negligence of Panchayat authorities