കെ.ജെ ഷൈനിനെതിരായ അപകീർത്തിപ്രചാരണം: സിപിഎം സൈബർ ആക്രമണം നടത്തുന്നെന്ന് കോൺഗ്രസ് നേതാവിന്റെ കുടുംബം

പറവൂര്‍(എറണാകുളം): കുടുംബത്തിനുനേരേ സിപിഎമ്മിന്റെ നേതൃത്വത്തില്‍ സൈബര്‍ ആക്രമണം നടത്തുന്നതായി കാട്ടി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സി.കെ. ഗോപാലകൃഷ്ണന്റെ ഭാര്യയും ബന്ധുക്കളും റൂറല്‍ എസ്പിക്കും സൈബര്‍ പോലീസിനും പരാതി നല്‍കി.
സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നു കാട്ടി സിപിഎം നേതാവ് കെ.ജെ. ഷൈന്‍ നല്‍കിയിട്ടുള്ള പരാതിയില്‍ സി.കെ. ഗോപാലകൃഷ്ണനെതിരേ പറവൂര്‍ പോലീസ് കേസെടുത്തിരുന്നു. ഇതിനുശേഷം ഗോപാലകൃഷ്ണനെയും ഭാര്യയെയും മോശമായ രീതിയില്‍ സാമൂഹിക മാധ്യമത്തിലൂടെ സിപിഎം ഭാരവാഹികളും പ്രവര്‍ത്തകരും ആക്രമിക്കുന്നതായി പരാതിയില്‍ പറയുന്നു.
പരാതിയില്‍ ഗൗരവത്തോടെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ എം.എസ്. റെജി, ഡെന്നി തോമസ്, രമേഷ് ഡി. കുറുപ്പ്, പ്രദീപ് തോപ്പില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Content Highlights: family of congress leader who is accused of defamatory remark against kj shine files complaint