സണ്ണി ജോസഫിന്റെ പേരിലുള്ള വ്യാജ കത്തിൽ അന്വേഷണം; സുധാകരന്റെ മരുമകന്റെ മൊഴി രേഖപ്പെടുത്തി

#ന്യൂസ് ഡെസ്ക്
കെ സുധാകരൻ, സണ്ണി ജോസഫ് | Photo: Mathrubhumi, facebook
കെ സുധാകരൻ, സണ്ണി ജോസഫ് | Photo: Mathrubhumi, facebook

കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പേരിൽ കെ. സുധാകരനെതിരെ എഐസിസിക്ക് നൽകി എന്ന് പറയപ്പെടുന്ന വ്യാജ കത്തിൽ അന്വേഷണം. കണ്ണൂർ സൈബർ സെൽ ആണ് അന്വേഷിക്കുന്നത്. കെ. സുധാകരന്റെ മരുമകനും കോൺഗ്രസ് പ്രവർത്തകനുമായ അജിത്തിന്റെ മൊഴി രേഖപ്പെടുത്തി. ഫോൺ പരിശോധനയ്ക്ക് വിധേയമാക്കി.

കത്ത് ആര് തയ്യാറാക്കി എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇത് അന്വേഷിച്ച് കണ്ടെത്തണമെന്ന് ഡിജിപിയോടടക്കം കെപിസിസി അധ്യക്ഷൻ പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചത്.

കത്തിന് പിന്നിൽ കോൺഗ്രസ് വിരുദ്ധ ശക്തികളാണെന്നും സിപിഎം കേന്ദ്രങ്ങളാണെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഏഴോളം പേരുടെ മൊഴി രേഖപ്പെടുത്തി. പലരുടേയും ഫോൺ രേഖകളും പരിശോധിച്ചിരുന്നു.

കെപിസിസിയുടെ പേരിലുള്ള ഗ്രൂപ്പിലാണ് കത്ത് ആദ്യം പുറത്തുവന്നത്. പിന്നീട് കത്ത് പ്രചരിക്കുകയായിരുന്നു. എംപിയും മുതിർന്ന നേതാവും കെപിസിസി മുൻ അധ്യക്ഷനുമായിരുന്ന കെ. സുധാകരന് സീറ്റ് നൽകേണ്ടതില്ലെന്നും അദ്ദേഹം മത്സരിച്ചാൽ പരാജയപ്പെടും എന്നുമുള്ള ഉള്ളടക്കമായിരുന്നു കത്തിന്റേത്. ഇത് സണ്ണി ജോസഫിനും കോൺഗ്രസിനും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Content Highlights: Investigation initiated into a fake letter circulated in Sunny Joseph's name against K Sudhakaran., Kannur Cyber Cell has recorded statements from seven individuals, including K Sudhakaran's nephew., KPCC President claims anti-Congress elements and CPM are behind the smear campaign., Digital evidence, including mobile phone records, is currently undergoing forensic analysis.