വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; എസ്എഫ്ഐ മുന്‍ നേതാവ് നിഖില്‍ തോമസിന് കര്‍ശന ഉപാധികളോടെ ജാമ്യം

കൊച്ചി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്കി എം.കോം. പ്രവേശനം നേടിയെന്ന കേസില്‍ എസ്എഫ്ഐ മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണം, കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് നിഖില്‍ തോമസിന് ജാമ്യം അനുവദിച്ചത്.
കായംകുളം എം.എസ്.എം കോളേജില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എംകോം പ്രവേശനം നേടിയെന്ന പരാതിയില്‍ കഴിഞ്ഞ മാസമാണ് നിഖിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം വലിയ വിവാദമായതോടെ ഒളിവില്‍ പോയ നിഖിലിനെ കോഴിക്കോടുനിന്ന് കോട്ടയത്തേക്കുള്ള യാത്രമാധ്യേയാണ് പിടികൂടിയിരുന്നത്.
എം.എസ്.എം കോളേജില്‍ ബികോം പഠനം പൂര്‍ത്തിയാക്കാതെ അതേ കാലയളവില്‍ തന്നെ ഛത്തീസ്ഗഢിലെ കലിംഗ സര്‍വകലാശലായില്‍ പഠിച്ച് ബിരുദം നേടിയെന്ന സര്‍ട്ടിഫിക്കറ്റാണ് നിഖില്‍ പിജി പ്രവേശനത്തിനായി ഹാജരാക്കിയിരുന്നത്. ആരോപണത്തിന് പിന്നാലെ ആദ്യം നിഖിലിനെ എസ്.എഫ്.ഐ. ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു.
Content Highlights: fake degree certificate case ex sfi leader nikhil thomas gets bail