42 വനിതകള്‍, ആറ് വിദേശ കേഡറ്റുകള്‍; ഏഴിമല നാവിക അക്കാദമിയില്‍നിന്ന് 186 പേര്‍ കൂടി പുറത്തിറങ്ങി

ഏഴിമല നാവിക അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ദക്ഷിണ മേഖലാ നാവികസേനാ തലവൻ വൈസ് അഡ്മിറൽ വി. ശ്രീനിവാസ് അഭിവാദ്യം സ്വീകരിക്കുന്നു
ഏഴിമല നാവിക അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ദക്ഷിണ മേഖലാ നാവികസേനാ തലവൻ വൈസ് അഡ്മിറൽ വി. ശ്രീനിവാസ് അഭിവാദ്യം സ്വീകരിക്കുന്നു

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ 186 പേര്‍കൂടി നാവികസേനയുടെ ഭാഗമായി. 42 പേര്‍ വനിതകളും ആറുപേര്‍ വിദേശ കെഡേറ്റുകളുമാണ്. ബംഗ്ലാദേശ്, സീഷെല്‍സ്, ശ്രീലങ്ക, ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് വിദേശ കെഡേറ്റുകള്‍.

ദക്ഷിണമേഖലാ നാവികസേനാ തലവന്‍ വൈസ് അഡ്മിറല്‍ വി. ശ്രീനിവാസ് പരേഡ് വീക്ഷിച്ച് കെഡേറ്റുകളെ അഭിവാദ്യം ചെയ്തു. മികച്ച കെഡേറ്റുകള്‍ക്കുള്ള അവാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു. ഏഴിമല നാവിക അക്കാദമി കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ സി.ആര്‍. പ്രവീണ്‍നായര്‍, ഉന്നത നാവിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു. കനത്ത മഴ വകവെക്കാതെ നടന്ന പരേഡിന് കെഡേറ്റുകളുടെ രക്ഷിതാക്കളും അടുത്ത ബന്ധുക്കളും സാക്ഷികളായി.

ഇന്ത്യന്‍ അക്കാദമി ബിടെക് കോഴ്‌സിലെ പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ മിഡ്ഷിപ്പ്മാന്‍ നകുല്‍ സക്‌സേന നേടി. മികച്ച കെഡേറ്റിനുള്ള രാജ്യരക്ഷാമന്ത്രി ട്രോഫി ടാന്‍സാനിയന്‍ കെഡേറ്റ് മിഡ്ഷിപ്പ്മാന്‍ കിയഡോ മൈക്കിള്‍ ഫ്‌ലോറന്‍സ് കരസ്ഥമാക്കി. മിഡ് ഷിപ്പ് മാന്‍ നിതിന്‍ എസ്. നായര്‍ നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ് (എക്സ്റ്റന്‍ഡഡ്), കെഡേറ്റ് പവാര്‍ രോഹിത് പ്രകാശ്, കെഡേറ്റ് രജനീഷ് സിങ് നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ് (റെഗുലര്‍) എന്നിവര്‍ മികച്ച കെഡേറ്റുകളായി തിരഞ്ഞെടുക്കപ്പെട്ടു. ഡയറക്ടര്‍ ജനറല്‍ കോസ്റ്റ് ഗാര്‍ഡ് ട്രോഫി കെഡേറ്റ് കോമു ഡേവിഡ് നേടി.

Content Highlights: 186 cadets, including 42 women & 6 foreign cadets, graduated from the Ezhimala Naval Academy