സെയ്ദ് മരിച്ചു, മോഹനാ, നീ എവിടെയാണ്..? പഴയ ചിത്രം നൽകിയ ഉൾവിളി; നഷ്ടപ്പെട്ട സുഹൃത്തിനെത്തേടി ഖാദർ

കൊല്ലം: കാതിൽ ചുവന്ന കല്ലുവെച്ച കടുക്കനിട്ട ആ സൗഹൃദത്തിന്റെ ചലച്ചിത്രകഥ മലയാളികളുടെ ഹൃദയത്തിൽ ഇന്നും മായാതെയുണ്ട്. പരസ്പരം തേടിനടന്ന ബാർബർ ബാലനും സിനിമാതാരം അശോക് രാജും തമ്മിലുള്ള സൗഹൃദത്തിന്റേതിനു സമാനമായി ഒരു പ്രവാസി തന്റെ സുഹൃത്തിനെ തേടുകയാണ്. തൃപ്രയാർ തളിക്കുളം സ്വദേശിയായ അബ്ദുൽഖാദറാണ് കൊല്ലം കുണ്ടറ സ്വദേശി മോഹനൻപിള്ളയെ കാണാനായി കാത്തിരിക്കുന്നത്.
തൃശ്ശൂർ സ്വദേശികളായ ഖാദറും സെയ്ദും കൊല്ലം സ്വദേശി മോഹനൻപിള്ളയും ഏകദേശം നാലുപതിറ്റാണ്ടുമുൻപ് ഖത്തറിൽ പരിചയപ്പെട്ടതാണ്. ഖാദറിനും ഷെരീഫിനും അവിടെ തുന്നൽ ജോലി. സമീപത്തുള്ള അറബ് സ്വദേശിയുടെ വീട്ടിലെ ഡ്രൈവറായിരുന്നു മോഹനൻപിള്ള. പിന്നെ ഇവർ കൂട്ടുകാരായി. എവിടെപ്പോയാലും ഒരുമിച്ച് നടന്ന ഇവർ സങ്കടങ്ങളും സന്തോഷങ്ങളും പരസ്പരം പങ്കുവെച്ചു.
10 വർഷം കഴിഞ്ഞപ്പോൾ ഖാദർ അബുദാബിയിലേക്ക് പോയി. ഇടയ്ക്ക് കൂട്ടുകാർ മൂവരും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. പിന്നീട് അതും നിലച്ചു. ഒരു വിവരവും ലഭിച്ചില്ല.
സ്വന്തം ജില്ലക്കാരനായ സെയ്ദ് മരിച്ചതായി പിന്നീട് നാട്ടിലെത്തിയപ്പോൾ ഖാദർ അറിഞ്ഞു. 35 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെ അറബിക് കോളേജിൽ സൂപ്പർവൈസറായി ജോലിചെയ്യുകയാണ് ഖാദർ. അടുത്തിടെ പഴയ ഡയറികൾ തിരയുമ്പോഴാണ് മൂവരും ഒന്നിച്ചുള്ള ഫോട്ടോ കിട്ടിയത്. നവമാധ്യമത്തിൽ മോഹനൻപിള്ളയുടെ ഫോട്ടോ ഉൾപ്പെടുത്തി ഖാദർ കുറിപ്പെഴുതി. പക്ഷേ, മോഹനൻപിള്ളയെ കണ്ടെത്താനായില്ല. ഈ ഓണത്തിനെങ്കിലും മോഹനൻപിള്ളയെ ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹമുണ്ടെന്നാണ് ഖാദർ പറയുന്നത്.
Content Highlights: Decades-Long Search: Expatriate Seeks Lost Friend from Qatar Days