EVM ഹാക്കിങ് പരാതിയിൽ അന്വേഷണമില്ല? രാജ്‌മോഹൻ ഉണ്ണിത്താൻ ചെന്നിത്തലയ്ക്ക് നേരിട്ട് നൽകിയ പരാതി

കാസർകോട്: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (EVM) ഹാക്കിങ്ങുമായി ബന്ധപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി നൽകിയ പരാതിയിൽ ഒരാഴ്ച പിന്നിട്ടിട്ടും യാതൊരുവിധ അന്വേഷണവും ആരംഭിച്ചില്ല. സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിക്ക് നേരിട്ട് പരാതി നൽകി ഏഴ് ദിവസം കഴിഞ്ഞിട്ടും ഇത് ഇതുവരെ ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിട്ടില്ല എന്നാണ് വിവരം.
കാസർകോട് യുഡിഎഫിനിടയിലും ഡിസിസിക്ക് ഉള്ളിലും ഇവിഎം തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ വലിയ രീതിയിൽ ചർച്ചയായ പശ്ചാത്തലത്തിലാണ് രാജ്‌മോഹൻ ഉണ്ണിത്താൻ പരാതിയുമായി രംഗത്തെത്തിയത്. കൃത്യം ഒരാഴ്ച മുൻപ് കാസർകോട് ഡിസിസിയിൽവെച്ച് രമേശ് ചെന്നിത്തല പങ്കെടുത്ത വാർത്താ സമ്മേളനത്തിനിടയിലായിരുന്നു നാടകീയമായി ഈ പരാതി കൈമാറിയത്.
‘മാധ്യമങ്ങളെയും പൊതുജനങ്ങളെയും സാക്ഷി നിർത്തി' എന്ന് പറഞ്ഞാണ് വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി കൈമാറിയത്. ഇവിഎം ഹാക്കിങ് എന്നത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ദേശീയതലത്തിൽ കോൺഗ്രസ് ഇതിനെതിരെ വലിയ പ്രക്ഷോഭം നടത്തുന്നുണ്ടെന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വിഷയത്തിൽ രാഹുൽ ഗാന്ധി എടുത്തിട്ടുള്ള ശക്തമായ നിലപാടുകളെക്കുറിച്ചടക്കം പരാതി കൈമാറുന്ന സമയത്ത് ഉണ്ണിത്താൻ എടുത്തുപറഞ്ഞിരുന്നു. വടകരയിലെ കാഫിർ വിവാദം പോലെ ഇതിന്റെ എല്ലാ വശങ്ങളും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ആരോപണം വ്യാജമാണെങ്കിൽ അത് പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെയും നേതാക്കൾക്കെതിരെയും നടപടി വേണമെന്നും, സത്യമാണെങ്കിൽ അത് ഗൗരവകരമായി കണ്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് (എസ്‌ഐടി) അന്വേഷണം നേടത്തണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
എന്നാൽ പരാതി നൽകി ഒരാഴ്ച പിന്നിടുമ്പോഴും ജില്ലാ പോലീസ് മേധാവിക്ക് ഇതുസംബന്ധിച്ച യാതൊരു നിവേദനമോ പകർപ്പോ ലഭിച്ചിട്ടില്ല എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഈ മെല്ലെപ്പോക്ക് എന്തുണ്ടാവാം എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഈ പരാതി ഡിസിസിയിൽ വെച്ച് തന്നെ മുങ്ങിപ്പോയതാണോ അതോ പോലീസ് ആസ്ഥാനത്ത് ചലനമറ്റതാണോ എന്ന കാര്യത്തിൽ ആഭ്യന്തരവകുപ്പും രമേശ് ചെന്നിത്തലയും മറുപടി പറയേണ്ടതുണ്ട്. അന്ന്, ആരോപണവിധേയനായ എംഎൽഎയുടെ സാന്നിധ്യത്തിലാണ് പരാതി കൈമാറിയത് എന്നതും ശ്രദ്ധേയമാണ്.
Content Highlights: Rajmohan Unnithan submitted an EVM hacking complaint to Ramesh Chennithala one week ago. No investigation has been initiated, and the complaint has not reached the District Police Chief. Questions arise regarding the inaction of the Home Department and the internal handling within the DCC. Unnithan demanded a Special Investigation Team (SIT) to probe the allegations.