സ്വർണപ്പാളി ഇല്ലാതെ തടി തെളിഞ്ഞു; ഏഴരപ്പൊന്നാനകൾക്ക് കേട്‌ സംഭവിച്ചു; മുൻ പരിശോധനാ റിപ്പോർട്ട്

#ഹരി ആർ. പിഷാരടി

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഏഴരപ്പൊന്നാനകൾക്ക് കാലപ്പഴക്കം മൂലം കേട്‌ സംഭവിച്ചിട്ടുണ്ടെന്ന് 2017-ലെ പരിശോധനാ റിപ്പോർട്ട്. കാലപ്പഴക്കം മൂലവും വർഷങ്ങളോളം കൈകാര്യംചെയ്തതിലെ അശ്രദ്ധകൊണ്ടും കേടുകളുണ്ടെന്നാണ് കണ്ടെത്തിയത്. വിഗ്രഹശിൽപ്പവിദഗ്ധൻ പി.പി. അനന്തൻ ആചാരിയാണ് ഏഴരപ്പൊന്നാന പരിശോധിച്ചത്. തന്ത്രിമാരും ശാന്തിക്കാരും കേടുകൾ ദേവസ്വത്തെ അറിയിച്ചപ്പോഴാണ് ഹൈക്കോടതിയുടെ അനുമതി നേടി പരിശോധന നടത്തിയത്.

ഏഴരപ്പൊന്നാനയുടെ ചില ഭാഗങ്ങളിൽ സ്വർണപ്പാളി ഇല്ലാതെ തടി തെളിഞ്ഞുവെന്ന് റിപ്പോർട്ടിലുണ്ട്. ഒക്ടോബർ രണ്ടിന് നടന്ന പരിശോധനയ്ക്ക്‌ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ.രാമൻ, ദേവസ്വം കമ്മിഷണർ രാമരാജപ്രേമപ്രസാദ്, അഡ്വ. കമ്മിഷണർ എ.എസ്.പി. കുറുപ്പ്, തന്ത്രി കണ്ഠര് രാജീവര്, പി.പി. അനന്തൻ ആചാരി എന്നിവരാണ് നേതൃത്വം നൽകിയത്. 2017 ഒക്ടോബർ 19-ന് അഡ്വ. കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഓരോ പൊന്നാനയുടെയും കേടുകളെക്കുറിച്ച് പി.പി. അനന്തൻ ആചാരിയുടെ കണ്ടെത്തലുകൾ പ്രത്യേകമായി റിപ്പോർട്ടിലുൾപ്പെടുത്തിയിട്ടുണ്ട്.

തകരാറുകൾ ഇങ്ങനെ

  • ഒന്നാമത്തെ പൊന്നാനയുടെ രണ്ട് കൊമ്പിനും ഇളക്കം
  • രണ്ടാമത്തെ ആനയുടെ തുമ്പിക്കൈ.
  • മൂന്നാമത്തെ ആനയുടെ കൊമ്പും തുമ്പിക്കൈയും ഇളകി. രണ്ട് കൊമ്പുകളിലെയും തകിടും ഇളകി.
  • നാലാമത്തെ ആനയുടെ ഇടതുകാലിലെ തകിടും ചില ആണികളും ഇളകി.
  • അഞ്ചാമത്തെ ആനയുടെ വലതുചെവിയിലും ഇടതു മുൻകാലിലും തകിട് ഇളകി.
  • ആറാമത്തെ ആനയുടെ വലതുകാലിലെ തകിട് ഇളകി.
  • ഏഴാമത്തെ ആനയുടെ വാൽഭാഗം, ഇടതുകാലിന്റെ അടിഭാഗം എന്നിവിടങ്ങളിൽ തകിടിന് ഇളക്കം.
  • അരപ്പൊന്നാനയുടെ രണ്ട് കൊമ്പുകൾക്കും ചെറിയ തകരാറുകൾ

ഇപ്പോഴത്തെ നിർദേശം

ഏഴരപ്പൊന്നാന പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്ക് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. ഏഴരപ്പൊന്നാന പൊതിഞ്ഞിരുന്ന സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണികളും നവീകരണജോലികളും നടത്തിയതിനിടെ, യഥാർഥ സ്വർണപ്പാളികൾ മാറ്റി ചെമ്പോ, മറ്റ് കുറഞ്ഞ മൂല്യമുള്ള ലോഹങ്ങളോ സ്ഥാപിച്ചെന്ന പരാതിയെ തുടർന്നാണ് നിർദേശം.

ഏഴരപ്പൊന്നാനകളുടെ ഐതിഹ്യം

തിരുവിതാംകൂർ മഹാരാജാവ് കാർത്തിക തിരുനാൾ രാമവർമ നടയ്ക്കു സമർപ്പിച്ചതാണെന്നാണ് ഐതിഹ്യം. പ്ലാവിൻതടിയിൽ തീർത്ത ആനകളെ സ്വർണത്തകിടുകൊണ്ട്‌ പൊതിഞ്ഞാണ് നിർമാണം. ക്ഷേത്രത്തിലെ പ്രത്യേകം അറയിൽ സൂക്ഷിച്ചിരിക്കുന്ന ഏഴരപ്പൊന്നാനകളെ എട്ടാം ഉത്സവത്തിനും ആറാട്ടിനും മാത്രമാണ് പുറത്തെടുക്കുന്നത്. ഏഴ് വലിയ ആനകളും അരയാനയും ചേർന്നതാണ് ഏഴരപ്പൊന്നാന. ഓരോന്നിനും ഒരുതുലാംവീതം തൂക്കം. അരയാനയ്ക്കു അര തുലാം തൂക്കം. അഷ്ടദിക് ഗജങ്ങളായ ഐരാവതം, പുണ്ഡരീകൻ, കുമുദൻ, അഞ്ജനൻ, പുഷ്പദന്തൻ, സുപ്രദീകൻ, സാർവഭൗമൻ, വാമനൻ എന്നിവയെ പ്രതിനിധീകരിക്കുന്നു. വാമനൻ ചെറുതായതിനാൽ അരപ്പൊന്നാനയായി.

Content Highlights: 2017 inspection revealed structural damages to the Ezharaponnana due to age and handling., Expert P.P. Ananthan Achari documented specific defects in all seven elephants and the half-elephant., High Court directed an investigation following allegations of gold plate replacement., Ezharaponnana represents the eight dik-gajas and holds significant mythological value., The artifacts are traditionally displayed only during the eighth festival and Arattu.