എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ്

-
-

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ​സൈക്യാട്രി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിയായ ഡോക്ടർക്ക് അവിടെ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇദ്ദേഹമിപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്ടറുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കിവരികയാണെന്ന് ആശുപത്രി ആർഎംഒ ഡോ. സിറിയക് പി. ജോയ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

'കേവിഡ് പശ്ചാത്തലത്തിലുള്ള ഡ്യൂട്ടി ക്രമീകരണമനുസരിച്ച് ഇപ്പോൾ കോവിഡ് പോസിറ്റീവായ ഡോക്ടർക്ക് കഴിഞ്ഞ ആഴ്ച ഡ്യൂട്ടി ഉണ്ടായിരുന്നില്ല. അതിനാൽ ​സൈക്യാട്രി വിഭാഗം അടയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമില്ല. അതിനു മുമ്പത്തെ ആഴ്ച അദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്ത് സമ്പർക്കത്തിൽ വന്ന സ്റ്റാഫിനെയും മറ്റുള്ളവരെയും കണ്ടെത്തിവരികയാണ്. അവരെ ഉടൻതന്നെ നിരീക്ഷണത്തിൽ വിടും' -ഡോ. സിറിയക് വ്യക്തമാക്കി.

നേരത്തേ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടുപേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ചെല്ലാനം സ്വദേശിനിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് കൂട്ടിരിപ്പുകാർക്കും ഒരു സ്റ്റാഫ് നഴ്സിനും രോഗം സ്ഥിരീകരിച്ചിരുന്നു.

ഹൃദ്രോഗവുമായി ചികിത്സ തേടിയ ആൾക്കാണ് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്.ഇതേത്തുടർന്ന് കാർഡിയാക് ഐസിയുവും പുരുഷൻമാരുടെ ജനറൽ വാർഡും ക്വാറന്റീൻ ആക്കിയിരുന്നു. അമ്പതിലേറെ ജീവനക്കാരെയും നിരീക്ഷണത്തിൽ വിട്ടു.

ഇവരുടെ പരിശോധനാഫലം നാളെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ​രോഗവ്യാപനം തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആർഎംഒ ഡോ.സിറിയക് വ്യക്തമാക്കി.

Content Highlights: