കറന്റ് കട്ടിൽ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ ട്രോൾ; ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അന്വേഷണം

കാക്കനാട്: കറന്റ് പോയാൽ സർക്കാരിനെ കുറ്റംപറയുക, പിന്നാലെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ പരിഹസിക്കുന്ന ചിത്രവും! എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാർക്കെതിരേ ഉയർന്ന പരാതിയിൽ അന്വേഷണം തുടങ്ങിയതോടെ ഓഫീസിലെ 'കറന്റ് വിവാദം' പുതിയ തലത്തിലേക്ക്. ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥയ്ക്കും മറ്റ് രണ്ട് ജീവനക്കാർക്കുമെതിരേയാണ് പരാതി.
ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്നും ജീവനക്കാർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി വേണമോയെന്നും പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് നിർദേശിച്ചതിനെത്തുടർന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ സംഘം ഓഫീസിലെത്തി പ്രാഥമിക അന്വേഷണം നടത്തി.
പോസ്റ്റിൽ തുടങ്ങി, അന്വേഷണത്തിലെത്തി വൈദ്യുതി മുടങ്ങുമ്പോൾ സർക്കാരിനെ പരിഹസിച്ചും വിമർശിച്ചും സംസാരിക്കുന്നത് പതിവാണെന്നും ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ചെന്നുമാണ് പരാതി. മുഖ്യമന്ത്രിയുടെ ചിത്രം വികൃതമായി ചിത്രീകരിച്ച് ഗ്രൂപ്പിൽ പങ്കുവെച്ചതായും പരാതിയിൽ ആരോപിക്കുന്നു.
'ഡി.ഇ.ഒ. ഇ.കെ.എം. ഓഫീഷ്യൽ' എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ജീവനക്കാർ പങ്കുവെച്ച പോസ്റ്റിന്റെ പകർപ്പും പരാതിക്കാരൻ തെളിവായി സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ നടപടി സ്വീകരിക്കുന്നതിനു പകരം പോസ്റ്റിട്ട രണ്ട് ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഓഫീസ് ഉദ്യോഗസ്ഥ സ്വീകരിച്ചതെന്നും പരാതിയിലുണ്ട്. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് നടന്നതെന്നാണ് പരാതിക്കാരനായ ഡി.സി.സി. ജനറൽ സെക്രട്ടറി വിൽസൺ ജോണിന്റെ വാദം. പരാതിയിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക പരിശോധന നടത്തിയത്.
പഴയ നടപടി ചൂണ്ടിക്കാട്ടി സംഘടനയും സർക്കാർ ജീവനക്കാരുടെ സാമൂഹിക മാധ്യമ ഇടപെടലുകൾ നേരത്തേയും വിവാദമായിട്ടുണ്ട്. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പോസ്റ്റിട്ട ജീവനക്കാർക്കെതിരേയും അച്ചടക്ക നടപടി സ്വീകരിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ എൻ.ജി.ഒ. അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. സമാനമായ നടപടി ഇപ്പോഴത്തെ സംഭവത്തിലും വേണമെന്നാണ് ആവശ്യം.
Content Highlights: Ernakulam District Educational Office employees are under investigation for sharing a morphed image mocking the Chief Minister in an official WhatsApp group., A formal complaint was lodged by DCC General Secretary Wilson John alleging violation of government employee conduct rules., The Directorate of Public Education ordered the Deputy Director of Education to conduct a preliminary inquiry and submit a detailed report., NGO Association (Congress-backed) has demanded strict disciplinary action similar to past precedents against erring government employees.