‘ഗൾഫിൽ കഷ്ടപ്പെട്ടുണ്ടാക്കിയതാണ്, ഒഴുകിപ്പോയത് ആയുസ്സിന്റെ സമ്പാദ്യം, ഇനി എവിടെനിന്ന് തുടങ്ങും..?’

ഫോട്ടോ: ജെയ്വിൻ ടി സേവ്യർ
ഫോട്ടോ: ജെയ്വിൻ ടി സേവ്യർ

കേരളം മുഴുവൻ മുങ്ങിയ 2018 പ്രളയത്തിൽപോലും ഇത്രയും വെള്ളം കയറിയിട്ടില്ലെന്ന് പറയുന്നു ഈരാറ്റുപേട്ടയിലെ ജനങ്ങൾ. രാത്രിയിൽ കയറിയ വെള്ളത്തിൽ പുഴയിലൂടെ എല്ലാം ഒലിച്ചുപോകുന്നത് നോക്കിനിൽക്കേണ്ടിവന്നു. ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടം, ജീവൻ തിരികെകിട്ടിയത് ഭാഗ്യമെന്ന് അവർ പറയുന്നു. അതേസമയം, ഈ നഷ്ടങ്ങളെല്ലാം എങ്ങനെ നികത്തുമെന്നോ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നോ അറിയാതെ സങ്കടക്കടലിൽ ആഴുകയാണ് ഒരു നാട്.
‘എല്ലാം വെള്ളത്തിൽ ഒഴുകിപ്പോകുന്നത് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ’ 
‘രാത്രി പന്ത്രണ്ട് മണിയോടെ അടുത്തവീട്ടിലെ കുട്ടിയാണ് വന്ന് വിളിച്ചുണർത്തി പുഴയിൽനിന്ന് വെള്ളം കയറുന്നെന്ന് പറഞ്ഞത്. അന്നേരം ഞങ്ങളുടെ വീടിന്റെ മുറ്റത്തെ പടിവരെ വെള്ളം കയറിയിട്ടുണ്ടായിരുന്നു. ഞങ്ങൾ വീടിന്റെ മുമ്പിൽനിന്ന് വെള്ളം കയറുന്നത് നോക്കിനിൽക്കെയാണ് വെള്ളം വീടിന്റെ പിറകിലൂടെ കയറി അടുക്കള ഭാഗത്തുനിന്നുള്ള സാധനങ്ങളെല്ലാം ഒഴുകിപ്പോകുന്നത് കണ്ടത്. ഗ്യാസുകുറ്റിയും ഫ്രിഡ്ജും വാഷിങ്മെഷീനും പാത്രങ്ങളും അരിയും മറ്റു സാധനങ്ങളുമെല്ലാം ഒഴുകിപ്പോയി. ഗ്യാസുകുറ്റി ഒഴുകിപ്പോകുന്നതുകണ്ട് പിടിക്കാനായി ചെന്നപ്പോഴാണ് എന്റെ തയ്യൽമെഷീൻ ഒഴുകിപ്പോകുന്നതുകണ്ടത്. അന്നേരം അത് പിടിക്കാനായി നോക്കിയപ്പോഴേക്കും ഗ്യാസ്കുറ്റി ഒഴുകിപ്പോയിട്ടുണ്ടായിരുന്നു. വീടിനകത്തുണ്ടായിരുന്ന എല്ലാ സാധനവും പോയി. കട്ടിലും കിടക്കയും അലമാരയും അരിയും പച്ചക്കറിയും സാധനങ്ങളും പാത്രങ്ങളും അങ്ങനെ എല്ലാം പോയി. ചിലതെന്തൊക്കെയോ വാരിക്കൂട്ടിവെക്കാനും പറ്റി. ഭർത്താവിന്റെ കുറേ കച്ചവട സാധനങ്ങളുണ്ടായിരുന്നു. മലഞ്ചരക്ക് സാധനങ്ങൾ. കാപ്പിക്കുരു ഒഴികെ ബാക്കിയെല്ലാം പോയി. ചുരുക്കിപ്പറഞ്ഞാൽ ഇക്കാലമത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം വെള്ളത്തിൽ ഒഴുകിപ്പോകുന്നത് നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. ഇനി ഞാനും കാക്കായും മാത്രമേയുള്ളൂ. ആരോഗ്യമുള്ളതുകൊണ്ടുമാത്രം ഇപ്പോഴും പിടിച്ചുനിൽക്കുകയാണ്’, വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട ഹബീബ കരഞ്ഞുകലങ്ങിയ കണ്ണുകളോടെയാണ് സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടതിനെക്കുറിച്ച് പറഞ്ഞത്.

പൊളിഞ്ഞുവീണ് പാലം, പ്രായം ഏഴുമാസം
‘ഈരാറ്റുപേട്ടയിലെ നടക്കൽ മേഖലയിലാണ് ഏറ്റവുംകൂടുതൽ നാശനഷ്ടമുണ്ടായത്. കാരക്കാട് സ്കൂളിന് സമീപത്ത് വെറും ഏഴുമാസംമുമ്പ് പണിത നടപ്പാലമാണ് പുഴയിലെ വെള്ളത്തിന്റെ കുത്തൊഴുക്കിന് പിന്നാലെ പൊളിഞ്ഞുവീണത്. 2018-ലെ വെള്ളപ്പൊക്കത്തിൽ മുമ്പുണ്ടായിരുന്ന വാർക്കപാലം ഒലിച്ചുപോയി. അതിനുശേഷം മുൻ എം.എൽ.എ. സെബാസ്റ്റ്യൻ കൊളത്തിങ്കലിന്റെ എം.എൽ.എ. ഫണ്ടിൽനിന്ന് 21 ലക്ഷം രൂപ വകവരുത്തിയാണ് ഇപ്പോൾ പൊളിഞ്ഞുപോയ പാലം പണിതത്.
വെള്ളം കയറുന്നത് നോക്കിയിരിക്കുന്നതിനിടെയാണ് വലിയ ശബ്ദത്തിൽ പാലം പൊളിഞ്ഞുവീഴുന്നത് കണ്ടത്. ഇത്തവണ ഗർഡർ ഇട്ടാണ് പാലംപണിതത്. അതുകൊണ്ടുതന്നെ പുഴയിലൂടെ വന്ന മാലിന്യമെല്ലാം അതിൽ വന്ന് തട്ടിനിന്നു. മരമൊക്കെ ഒടിഞ്ഞത് ഒഴുകിവന്ന് ഇതിൽ തട്ടി ഇരിപ്പുണ്ടായിരുന്നു. ശക്തമായി വെള്ളംകൂടി വന്നതോടെയാണ് പാലം പൊളിഞ്ഞുവീണത്.

പണി തുടങ്ങിയപ്പോൾതന്നെ വെള്ളത്തിന്റെ ഒഴുക്കിനെപ്പറ്റിയും ശക്തിയെപ്പറ്റിയും ദിശയപ്പറ്റിയുമൊക്കെ എൻജിനീയറോട് പറഞ്ഞിരുന്നു. പക്ഷേ, അവർ അതൊന്നും കേട്ടില്ല. ഇന്ന് ഇവിടത്തെ ജനങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. കാരക്കാട് സ്കൂളിലെ കുട്ടികളും അക്കരെയുള്ള നഴ്സറിയിൽ പോകുന്ന കുഞ്ഞുങ്ങളുമൊക്കെയാണ് ഈ പാലം പോയതോടെ ദുരിതത്തിലായിരിക്കുന്നത്. രാത്രിയായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്’, പ്രദേശവാസിയായ നാസറുദ്ദീൻ പറയുന്നു.


ഇൻഷുറൻസ് ഇല്ല, സർക്കാർ സഹായവും കിട്ടില്ല
‘ഇനി എന്താണ് ചെയ്യേണ്ടതെന്നുപോലും അറിയാൻ പാടില്ലാത്ത ഒരു അവസ്ഥയാണ്. കാരണം എവിടെ തുടങ്ങണമെന്ന് അറിയില്ല. 35 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് പുഴ കൊണ്ടുപോയത്. സാധനങ്ങൾ പോയി എന്നുള്ളതിനെക്കാൾ മാനസികമായി തളർന്നുപോയി എന്നതാണ് വാസ്തവം. 20 വർഷത്തോളം ഗൾഫിൽ ജോലിചെയ്തുണ്ടാക്കിയതാണ്. സമ്പാദ്യം മുഴുവൻ ഇതിൽ പോയി. ഈരാറ്റുപേട്ട മീനച്ചിലാറിന്റെ തീരത്ത് മൂന്ന് കടകളും അപ്പുറത്തേക്ക് മാറി ഒരു കടയും ഉണ്ട്. എല്ലാം പോയി’, വ്യാപാരിയായ ഹക്കീം പറയുന്നു.
സ്റ്റീൽ ഡോറിന്റെ ഒരു ഷോറൂം, ഒരു കഫേ കൂടാതെ കൺസ്ട്രക്ഷന്റെ ഒരു യൂണിറ്റ് എന്നിവയാണുണ്ടായിരുന്നത്. ഇനി ഒന്നും ബാലൻസില്ല. മുഴുവൻ സാധനങ്ങളും പോയി. ഇവിടെ വീണ്ടും തുടങ്ങണോ വേണ്ടയോ എന്നുള്ളതിനെകുറിച്ചാണ് ആലോചിക്കുന്നത്. ഇങ്ങനെ ഇട്ടിട്ട് പോകാൻ കഴിയാത്തതുകൊണ്ട് നമ്മൾ ക്ലീൻചെയ്യുന്നു. ഇനി തുടങ്ങണമെങ്കിൽ ഇരുപത് ലക്ഷമെങ്കിലും ഇല്ലാതെ സാധിക്കില്ല. ഇൻഷുറൻസില്ല. പിന്നെ സർക്കാരിന്റെതായ ഒരു സഹായവും ഉണ്ടാവാൻ സാധ്യതയില്ല എന്നാണ് മനസിലാക്കുന്നത്.


ഈരാറ്റുപേട്ട കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം, 3 കോടിയിലധികം നഷ്ടം
‘2018-ലെ പ്രളയകാലത്ത് പോലും ഈരാറ്റുപേട്ടയിൽ ഇത്രയും വെള്ളം കയറിയിട്ടില്ലായിരുന്നു. 1957-ലെ വെള്ളപ്പൊക്കത്തിന് ശേഷം ഈരാറ്റുപേട്ട കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇത്. നഗരസഭയുടെ പ്രാഥമിക കണക്കനുസരിച്ച് മുന്നൂറ് കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അത് മറികടക്കാനായി ഇനി എന്തുചെയ്യാൻ സാധിക്കുമെന്ന കാര്യമാണ് പരിശോധിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ ദുരിതത്തിലായിരിക്കുന്ന ജനങ്ങളെ മാറ്റിപ്പാർപ്പിച്ചും ഭക്ഷണം എത്തിച്ചുകൊടുത്തുമെല്ലാം ജനങ്ങളൊടൊപ്പം നിൽക്കുന്നുണ്ട്. കൂടാതെ ഇവിടത്തെ ടീം എമർജൻസി, നന്മക്കൂട്ടം ഒക്കെ നടത്തിയ അവസരോചിതമായ ഇടപെടൽ ഈ സമയത്ത് വലിയ സഹായകമായി. അമ്പതോളം പേർ നമ്മെ വിട്ടുപോകുമായിരുന്നു. എന്നാൽ, ആ സാഹചര്യത്തിൽനിന്ന് കരകയറ്റിയത് ഇവരുടെ ഇടപെടലാണ്’, കൗൺസിലർ അഫ്സൽ വെള്ളൂപ്പറമ്പിൽ പറഞ്ഞു.