ഭരണവിരുദ്ധവികാരം ഉണ്ടാകേണ്ട സാഹചര്യമില്ല, പുതുപ്പള്ളിയിൽ യുഡിഎഫിന്റേത് അപ്രതീക്ഷിത ജയം- ഇ. പി ജയരാജൻ

ഇ.പി. ജയരാജന്‍ | Photo: Screengrab/CPIMKerala
ഇ.പി. ജയരാജന്‍ | Photo: Screengrab/CPIMKerala

കണ്ണൂര്‍: എല്‍ഡിഎഫ് പ്രതീക്ഷിക്കാത്ത വിജയമാണ് യുഡിഎഫിന് പുതുപ്പള്ളിയില്‍ ഉണ്ടായതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. എന്തുകൊണ്ട് അങ്ങനെയുണ്ടായി എന്ന് പരിശോധിച്ച് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കും. ഉമ്മന്‍ചാണ്ടിയുടെ മരണവും അതുസംബന്ധിച്ച് നിലനില്‍ക്കുന്ന ദുഃഖകരമായ അവസ്ഥയും ഉപയോഗപ്പെടുത്താനും യുഡിഎഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനും വളരെ വേഗംതന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ ചില ഇടപെടലുകള്‍ ഉണ്ടായെന്ന് അദ്ദേഹം ആരോപിച്ചു.

ഭരണവിരുദ്ധവികാരം ഉണ്ടെന്ന് പറയുന്നതില്‍ വസ്തുതയുണ്ടെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണവിരുദ്ധവികാരം ഉണ്ടാകേണ്ട യാതൊരു സാഹചര്യവും ഇന്ന് കേരളത്തിലില്ല. സാമ്പത്തിക പ്രശ്‌നമുണ്ടെന്നുള്ളത് ശരിയാണ്. കൃഷിക്കാര്‍ക്ക് സംഭരിച്ച നെല്ലിന്റെ പണം പൂര്‍ണ്ണമായി കൊടുത്തിട്ടില്ല. എങ്കിലും, പരമാവധി സാമ്പത്തിക സമാഹരണം നടത്തി എല്ലാവര്‍ക്കും ഓണം ആഘോഷിക്കാനുള്ള അവസരം സര്‍ക്കാര്‍ ഉണ്ടാക്കി. ജനങ്ങള്‍ എല്ലാവരും സംതൃപ്തിയോടെ ഓണം ആഘോഷിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജനപ്രതിനിധി മരിച്ച് 48 ദിവസത്തിനകം തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ച ചരിത്രം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ മരണവും അത് സംബന്ധിച്ച് നിലനില്‍ക്കുന്ന ദുഃഖകരമായ അവസ്ഥയും ഉപയോഗപ്പെടുത്താനും യുഡിഎഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചെടുക്കാന്‍ വളരെ വേഗം തന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ ചില ഇടപെടലുകള്‍ ഉണ്ടായി. അല്ലാതെ ഇത്തരമൊരു നിലപാട് സാധാരണ നിലയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കാന്‍ സാധ്യതയില്ല. സര്‍ക്കാരിനോട് പോലും പ്രാഥമികമായ ചര്‍ച്ചനടത്താതെയാണ് കമ്മിഷന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും ഇ.പി. ജയരാജന്‍ കുറ്റപ്പെടുത്തി.

ഇവന്റ് മാനേജ്‌മെന്റ് ഉപയോഗിച്ച് ഉമ്മന്‍ചാണ്ടിയുടെ മരണത്തെത്തുടര്‍ന്നുള്ള സഹതാപം ഉണ്ടാക്കാനും നിലനിര്‍ത്താനും ആസൂത്രിതമായ നടപടിയുണ്ടായെന്ന് മണ്ഡലത്തില്‍ പര്യടനം നടത്തിയപ്പോള്‍ ബോധ്യപ്പെട്ടു. പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടിയെ സംസ്‌കരിച്ച പള്ളിയിലേക്ക് പല ഭാഗത്തുനിന്നും ആളുകളെ കൊണ്ടുവന്ന് ആരവം സൃഷ്ടിക്കുകയാണ്. ദുഃഖിക്കുന്ന മനസിനെ അതിവേഗത്തില്‍ വോട്ടാക്കിമാറ്റാനുള്ള നിലപാടുകളാണ് യുഡിഎഫ് സ്വീകരിച്ചത്. എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കണ്ടു. സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ യുഡിഎഫും കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ തന്നെ പല നേതാക്കള്‍ക്കും അതില്‍ വലിയ അതൃപ്തി ഉണ്ടായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം മരണപ്പെട്ട ആളുടെ കുടുംബത്തെ ഏല്‍പ്പിക്കുക എന്ന ദൗത്യം നിര്‍വഹിച്ചതുതന്നെ സഹതാപതരംഗത്തില്‍ കടന്നുകയറാനുള്ള തന്ത്രത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുന്ന വോട്ടുകള്‍ സഹതാപതരംഗത്തിന്റെ ഭാഗമായി യുഡിഎഫിലേക്ക് പോയി. ബിജെപിയുടേത് പോയിട്ടുണ്ട്. എല്ലാകാലത്തും ലക്കിയടിക്കും എന്നുകരുതി വേണുഗോപാലന്‍ സ്വപ്‌നം കണ്ടിരിക്കരുത്. അവിടത്തേക്ക് സഹതാപതരംഗം ഉണ്ടാവുമെന്ന് ധരിക്കരുതെന്നും ലോക്‌സഭയില്‍ ഇത്തവണ 20 സീറ്റും യുഡിഎഫ് നേടുമെന്ന കെ.സി. വേണുഗോപാലിന്റെ അവകാശവാദത്തോട് പ്രതികരിക്കവെ ഇ.പി. വ്യക്തമാക്കി.

Content Highlights: ep jayarajan analysis puthupally by election ldf failure anti incumbency bjp votes