കർത്തയുമായി ഒരു ബന്ധവുമില്ല, വ്യാജ വാർത്തയ്ക്കെതിരേ നിയമനടപടി സ്വീകരിക്കും- ഭാര്യയ്ക്കെതിരേ ഉയർന്ന ആരോപണത്തിൽ ജയരാജൻ

#ന്യൂസ് ഡെസ്ക്
ഇ.പി. ജയരാജൻ | Photo: Mathrubhumi
ഇ.പി. ജയരാജൻ | Photo: Mathrubhumi

കണ്ണൂർ: വൈദേഹം റിസോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും വാർത്തകളിൽ ഒരു ശതമാനം പോലും സത്യമില്ലെന്നും ഇ.പി. ജയരാജൻ. രാഷ്ട്രീയ നേതാക്കളെയും പൊതുജനങ്ങളെയും ബാധിക്കുന്ന വിധത്തിൽ വ്യാജപ്രചാരണം നടത്തുകയാണ്. കരിമണൽ വ്യവസായി ശശിധരൻ കർത്തയിൽ നിന്ന് ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്നും വൈദേകം റിസോർട്ടിൽ നിക്ഷേപിച്ചെന്നുമുള്ള ജയരാജന്റെ മരുമകന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വൈദേകം റിസോർട്ടുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ബന്ധമോ ഷെയറുകളോ ഇല്ലെന്ന് ജയരാജൻ പറഞ്ഞു. എന്നാൽ, റിസോർട്ടിന്റെ ആരംഭഘട്ടത്തിൽ ആവശ്യമായ ഉപദേശങ്ങളും നിർദേശങ്ങളും നൽകി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഡയറക്ടർമാരുടെ വിവരങ്ങളും നിക്ഷേപങ്ങളുടെ കണക്കുകളും കൃത്യമായി ലഭ്യമാണ്. പ്രചരിക്കുന്നതുപോലെ ഒമ്പത് കോടി രൂപ നിക്ഷേപമുള്ള ആരും അവിടെയില്ലെന്നും ശശിധരൻ കർത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. വാർത്ത നൽകിയവർക്കെതിരേയും ആരോപണം ഉന്നയിച്ചവർക്കെതിരേയും നിയമവിദഗ്ധരുമായി ആലോചിച്ച് ക്രിമിനൽ കേസും മാനനഷ്ടക്കേസും നൽകുമെന്നും ജയരാജൻ പറഞ്ഞു.

ഇന്നുവരെ ശശിധരൻ കർത്തയുമായി ബന്ധപ്പെടാത്ത ഒരാളാണ് താൻ. എന്റെ ഭാര്യയെയും ബന്ധിപ്പിച്ചാണ് വാർത്ത നൽകിയിരിക്കുന്നത്. ഇതിനെതിരെ മാനനഷ്ടക്കേസ് നൽകാൻ ഒരുങ്ങുകയാണ്. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കും. ഇതൊരു ക്രിമിനൽ കുറ്റമാണ്. അതടക്കമുള്ള കേസ് നൽകും.

മരുമകന്റെ ഭാര്യയെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതിന്റെ പ്രതികാരമായാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. തന്റെ നിർദേശപ്രകാരമാണ് സഹോദരിയുടെ മകന്റെ ഭാര്യയായ ദീപയെ സ്ഥാപനത്തിൽ അക്കൗണ്ട് മാനേജറായി നിയമിച്ചത്. എന്നാൽ, കമ്പനി നടത്തിപ്പിൽ ഇവർ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടത്തി. 35,000 രൂപ ശമ്പളം നിശ്ചയിച്ചിരുന്ന ഇവർ 60,000 രൂപ വരെ ശമ്പളമായി എടുത്തു. വ്യാജ വൗച്ചറുകൾ ഉണ്ടാക്കി പതിനായിരക്കണക്കിന് രൂപ തട്ടിയെടുത്തു. വലിയ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും സ്ഥാപനത്തിൽ താമസിച്ച് ജനറൽ മാനേജരെന്ന് വ്യാജമായി അവകാശപ്പെട്ട് പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും വ്യക്തമായതോടെയാണ് അവരെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതെന്നും ജയരാജൻ പറഞ്ഞു.

ഇ.പി. ജയരാജനും ഭാര്യ പി.കെ. ഇന്ദിരയ്ക്കുമെതിരെ സഹോദരിയുടെ മകൻ ശ്യാംജിത്ത് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത് വാർത്തയായിരുന്നു. കരിമണൽ വ്യവസായി ശശിധരൻ കർത്തയിൽ നിന്ന് ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്നും ഈ പണമാണ് വൈദേഹം റിസോർട്ടിൽ ചെലവഴിച്ചതെന്നുമായിരുന്നു ആരോപണം. 

Content Highlights: EP Jayarajan denies all financial ties and shares in Vaidekam Resort., Announced plans to file criminal and defamation cases against false reports., Accused relative Deepa of serious financial fraud and misappropriation at the resort., Addressed allegations made by relative Shyamjith on social media.