പാലക്കാട്ട് സുരേഷ് ബാബുവിനെതിരേ കോഴിയുമായെത്തി കോൺഗ്രസ് പ്രതിഷേധം

പാലക്കാട്: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന സി.പി.എം. പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവിനെതിരേ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. വിഷയത്തിൽ മന്ത്രി സണ്ണി ജോസഫും ദീപ്തി മേരി വർഗീസും അടക്കമുള്ള കോൺഗ്രസ് നേതൃത്വം പ്രതികരിച്ചതിനു പിന്നാലെ, പാലക്കാട്ട് നഗരത്തിൽ പ്രവർത്തകർ കോഴിയുമായി വേറിട്ട പ്രതിഷേധം നടത്തി.
സുരേഷ് ബാബുവിന്റെയും കോഴിയുടെയും ചിത്രങ്ങളുൾപ്പെടുത്തിയ പോസ്റ്ററുകൾ ഉയർത്തിയായിരുന്നു കോൺഗ്രസ് സമരം. സുരേഷ് ബാബുവിനെതിരേ പന്ത്രണ്ടോളം പരാതികൾ ലഭിച്ചിട്ടും സി.പി.എം. ഒരു നടപടിയുമെടുത്തില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. പരാതികളിൽ അന്വേഷണ കമ്മിഷനെയും പാർട്ടി കോടതികളെയുംവെച്ച് വിഷയം ഒതുക്കാനാണ് സി.പി.എം. ശ്രമിക്കുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി.
മുൻപ് മുൻ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരോപണമുയർന്നപ്പോൾ അന്നത്തെ സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്ന സുരേഷ് ബാബു കടുത്ത വിമർശനമുന്നയിച്ചിരുന്നു. അന്ന് ബി.ജെ.പി. പ്രവർത്തകർ കോഴിയുമായി രാഹുലിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയതിന് സമാനമായാണ് ഇപ്പോൾ സുരേഷ് ബാബുവിനെതിരേ ആരോപണമുയർന്നപ്പോൾ കോൺഗ്രസ് പ്രവർത്തകർ കോഴിയുമായി പ്രതിഷേധിച്ചത്.