സുരക്ഷാജോലിക്ക് നിയോഗിച്ചിട്ടുള്ളവർക്ക് തൊഴിലുടമ ഇരിപ്പിടം ഉറപ്പാക്കണം- മന്ത്രി വി.ശിവൻകുട്ടി

മന്ത്രി വി.ശിവൻകുട്ടി | ഫോട്ടോ: മാതൃഭൂമി
മന്ത്രി വി.ശിവൻകുട്ടി | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കടകളിലും വാണിജ്യസ്ഥാപനങ്ങളിലും സുരക്ഷാജോലിക്കു നിയോഗിച്ചിട്ടുള്ളവർക്ക് തൊഴിലുടമ ഇരിപ്പിടം ഉറപ്പാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു.

കുട, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്നും അധികൃതർ ഉറപ്പുവരുത്തണം.

ദേശീയ-സംസ്ഥാന പാതകളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റസ്റ്ററന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാർ യാത്രക്കാരെ ആകർഷിക്കുന്നതിനു മണിക്കൂറുകളോളം വെയിലത്തുനിന്നു ജോലിചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. വെയിലത്തും ദുഷ്‌കരമായ കാലാവസ്ഥയിലും ജോലിചെയ്യുന്ന ജീവനക്കാർക്കു സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരമുള്ള കോട്ടുകൾ, തൊപ്പി, കുടകൾ, കുടിവെള്ളം, സുരക്ഷാ കണ്ണടകൾ എന്നിവ തൊഴിലുടമകൾ നൽകണം.

ഈ നിർദേശം പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർമാർ ഉറപ്പുവരുത്തണം.

മിനിമം വേതനം, ഓവർടൈം വേതനം, അർഹമായ ലീവുകൾ, തൊഴിൽപരമായ മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നുണ്ടെന്നു പരിശോധിക്കണം. സ്ഥാപനം വേതന സുരക്ഷാപദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ലംഘിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.

Content Highlights: employers should ensure chair for those who doing security jobs