അനിലിന്റെ രാഷ്ട്രീയ സ്വപ്‌നത്തിന് ആന്റണി അവസരം നല്‍കിയില്ല,ബിജെപിയോട് ഇപ്പോള്‍ വിരോധമില്ല-എലിസബത്ത്

കോട്ടയം:അനില്‍ കെ. ആന്റണിയുടെ ബി.ജെ.പി. പ്രവേശം കുടുംബത്തില്‍ ഉണ്ടാക്കിയ പ്രതിസന്ധി തുറന്നുപറഞ്ഞ് ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി. അനില്‍ ബി.ജെ.പി.യില്‍ ചേര്‍ന്നത് ആന്റണിയില്‍ വലിയ ഞെട്ടലുണ്ടാക്കി. ഏറെ സമയമെടുത്താണ് അദ്ദേഹം അത് ഉള്‍ക്കൊണ്ടത്. രാഷ്ട്രീയക്കാരനാവുകയെന്നത് അനില്‍ ആന്റണിയുടെ ലക്ഷ്യമായിരുന്നു. ആ മോഹം സാക്ഷാത്കരിക്കുന്നതിന് അച്ഛന്‍ സഹായിച്ചില്ല. അനില്‍ ബിജെപിയില്‍ ചേര്‍ന്നതോടെ അവരോടുള്ള എല്ലാ വിരോധവും മാറിയെന്നും എലിസബത്ത് ഒരു സുവിശേഷ യോഗത്തില്‍ പറഞ്ഞു.
മക്കള്‍ രാഷ്ട്രീയത്തിനെതിരായി കോണ്‍ഗ്രസ് പ്രമേയം പാസാക്കിയതോടെ തന്റെ മക്കള്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. രാഷ്ട്രീയത്തില്‍ പ്രവേശിക്കുക എന്നതായിരുന്നു മൂത്ത മകനായ അനിലിന്റെ ഏറ്റവും വലിയ സ്വപ്‌നം. മറ്റു ജോലികള്‍ ലഭിച്ചിട്ടും ഉപേക്ഷിച്ചു. മകന്റെ രാഷ്ട്രീയപ്രവേശത്തിനുവേണ്ടി ആന്റണി പരിശ്രമിച്ചില്ല. തനിക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 39 വയസ്സായ അവന്റെ ഭാവിയെക്കുറിച്ചും, വിദ്യാഭ്യാസമുണ്ടായിട്ടും അവന്റെ രാഷ്ട്രീയത്തില്‍ ചേരണമെന്ന ആഗ്രഹങ്ങള്‍ സാധിക്കാത്തതിനെക്കുറിച്ചും പ്രാര്‍ഥിച്ചിരുന്നു.
പെട്ടെന്ന് ഒരു ബി.ബി.സി. വിവാദമുണ്ടാവുകയും അത് സാമൂഹിക മാധ്യമങ്ങളിലൊക്കെ വലിയ പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്തു. പിന്നീട് മകന് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിച്ചെന്നും ബി.ജെ.പി.യില്‍ ചേര്‍ന്നാല്‍ ഒരുപാട് അവസരങ്ങളുണ്ടാകുമെന്ന് അവര്‍ അറിയിച്ചെന്നും എലിസബത്ത് വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ് തങ്ങള്‍ ജീവിച്ചതും വിശ്വസിച്ചതുമൊക്കെ. ബി.ജെ.പി.യിലേക്ക് പോകുന്നത് ആലോചിക്കാന്‍ പോലും വയ്യായിരുന്നു. എന്നാല്‍ പിന്നീട് ബി.ജെ.പി.യോടുള്ള എല്ലാ വെറുപ്പും അറപ്പും മാറി. മകനെ അംഗീകരിക്കാനുള്ള മനസ്സും തന്നു.
നാലുദിവസം കഴിഞ്ഞ് ചാനലിലൂടെ മകന്‍ ബി.ജെ.പി.യില്‍ ചേര്‍ന്നതായി അറിഞ്ഞു. ഭര്‍ത്താവില്‍ അത് വലിയ ഞെട്ടലുണ്ടാക്കിയെങ്കിലും സൗമ്യതയോടെ അദ്ദേഹം അതിനെ നേരിട്ടു. വീട്ടില്‍ മകന്‍ വന്നപ്പോഴും പൊട്ടിത്തെറികളൊന്നുമുണ്ടായില്ലെന്നും എലിസബത്ത് പറഞ്ഞു. വീട്ടില്‍ ഇനി രാഷ്ട്രീയം സംസാരിക്കരുത്. കുടുംബകാര്യം മാത്രം സംസാരിച്ചാല്‍ മതിയെന്ന് അച്ഛന്‍ അനിലിനെ ഉപദേശിച്ചതായും വേറെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എലിസബത്ത് പറഞ്ഞു.
Content Highlights: elizabeth antony abouth anil antony bjp entering