കടയില്‍പോയി മടങ്ങിയ യുവാവിനെ കൊമ്പിൽ കോർത്ത് കാട്ടാന, ഗുരുതര പരിക്ക്; വീണ്ടും നടുങ്ങി വയനാട്

വയനാട് ചേകാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ സതീഷ് | സ്ക്രീൻ​ഗ്രാബ്
വയനാട് ചേകാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ സതീഷ് | സ്ക്രീൻ​ഗ്രാബ്

വയനാട്: പുൽപ്പള്ളി ചേകാടി വനപാതയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ​ഗുരുതര പരിക്ക്. ചേകാടി റിസോർട്ടിലെ നിർമാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വനപാതയിലൂടെ തിരികെ വരുമ്പോഴാണ് സതീഷിനെ കാട്ടാന ആക്രമിച്ചത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം സതീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. സതീഷിന്റെ ശരീരത്തിൽ ആനയുടെ കൊമ്പുകൾ ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്നാണ് ആശുപത്രി അധികൃതർ നൽകിയിരിക്കുന്ന പ്രാഥമിക വിവരം.

വന​ഗ്രാമം എന്ന് വിശേഷണമുള്ള പ്രദേശമാണ് വയനാട്ടിലെ ചേകാടി. ഈ ​ഗ്രാമത്തിനുചുറ്റും നിബിഡവനമാണ്. ​ഗ്രാമത്തിലേക്കുള്ള റോഡ് കടന്നുപോകുന്നതും വനത്തിന് നടുവിലൂടെയാണ്. സാധാരണ വനപാതയിലൂടെയല്ലാതെ മറ്റൊരു എളുപ്പവഴിയിലൂടെ പോയപ്പോഴാണ്  ആനയുടെ ആക്രമണമുണ്ടായതെന്നും വിവരമുണ്ട്. ആനയെ കണ്ടപ്പോൾ എല്ലാവരും ചിതറിയോടി. ഇതിൽ സതീഷ് മാത്രം ആനയുടെ തൊട്ടുമുൻപിൽ പെടുകയായിരുന്നു.

നാലുപേരും ഒരുമിച്ചായിരുന്നു നടന്നിരുന്നതെന്നും സതീഷായിരുന്നു മുന്നിലുണ്ടായിരുന്നതെന്നും ഒപ്പമുണ്ടായിരുന്നവർ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ആന മുന്നിൽനിന്നത് കണ്ടിരുന്നില്ലെന്നും അവർ പറഞ്ഞു.

Content Highlights: A construction worker was severely injured in an elephant attack near Chekadi, Wayanad