ജീവനു വിലയിട്ട മണിക്കൂറുകൾ; കേരളത്തിന്റെ ആരോഗ്യരംഗത്ത് ചിന്തിക്കാൻപോലും കഴിയാത്ത സംഭവം

#മനീഷാ പ്രശാന്ത്
•  വൈദ്യുതി നിലച്ചതിനെത്തുടർന്ന് ഇരുട്ടിലായ എസ്.എ.ടി. ആശുപത്രി (ഫയൽ ചിത്രം)
•  വൈദ്യുതി നിലച്ചതിനെത്തുടർന്ന് ഇരുട്ടിലായ എസ്.എ.ടി. ആശുപത്രി (ഫയൽ ചിത്രം)

തിരുവനന്തപുരം: കേട്ടുകേൾവിയില്ലാത്ത സംഭവമാണ് എസ്.എ.ടി.(ശ്രീ അവിട്ടം തിരുനാൾ ആശുപത്രി) യിലുണ്ടായത്. നാലു മണിക്കൂർ തുടർച്ചയായി വൈദ്യുതി നിലച്ച് കുരുന്നുജീവനുകൾ അപകടത്തിലാവുന്ന സ്ഥിതി. കേരളത്തിന്റെ ആരോഗ്യരംഗത്ത് ചിന്തിക്കാൻപോലും പറ്റാത്ത സംഭവം.

ട്രാൻസ്‌ഫോർമറിന്റെ അറ്റകുറ്റപ്പണി രണ്ടു മണിക്ക് തുടങ്ങുമെന്നായിരുന്നു കെ.എസ്.ഇ.ബി. അറിയിച്ചിരുന്നത്. എന്നാൽ, പണി തുടങ്ങിയപ്പോൾ നാലു കഴിഞ്ഞു. പണികൾ തീർത്ത് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത് 5.40-ന്. തൊട്ടുപിന്നാലെ പി.ഡബ്ല്യു.ഡി. സബ് സ്റ്റേഷനിലെ വാക്വം സർക്യൂട്ട് ബ്രേക്ക് കത്തിപ്പോയി. തകരാർ കണ്ടെത്തിയതാകട്ടെ ഏറെ പണിപ്പെട്ട്. പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ആറരയോടെ ജനറേറ്ററുകൾ പൂർണമായി നിലച്ചു.

പകരം സംവിധാനമൊരുക്കാനുമായില്ല. സ്വകാര്യ ജനറേറ്റർ എത്തിച്ചത് രാത്രി പത്തരയോടെ. വിവാദമായതോടെ മെഡിക്കൽ കോളേജ് വളപ്പിലെ സ്ഥാപനങ്ങളിലേക്കു വൈദ്യുതി എത്തിക്കുന്നതിന്റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് ഇലക്‌ട്രിക്കൽ സെക്ഷൻ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയറെയും ഓവർസിയറെയും സസ്‌പെൻഡ് ചെയ്തു. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടുത്ത ദിവസം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയറെയും സസ്‌പെൻഡ് ചെയ്തു.

ഗുരുതരമായഅലംഭാവം

ഹൈടെൻഷൻ പാനലിന്റെ റിങ് മെയിൻ യൂണിറ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് കെ.എസ്.ഇ.ബി.യാണ്. കൃത്യമായ അറ്റകുറ്റപ്പണികൾ ഇല്ലാതായതോടെ പൊതുമരാമത്ത് വകുപ്പിന്റെ വാക്വം സർക്യൂട്ട് ബ്രേക്ക്(വി.സി.ബി.) പാനൽ കേടായതാണ് എസ്.എ.ടി.യിൽ വൈദ്യുതി മുടങ്ങാനുള്ള പ്രധാന കാരണം. ഈ പാനൽ മാറ്റാൻ 2023 മേയിൽ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിരുന്നു. ഈ വർഷം ആദ്യം വീണ്ടും കത്തു നൽകി.

സബ് സ്‌റ്റേഷൻ നവീകരണത്തിന് 2018ൽ ഒരുകോടി രൂപയുടെ എസ്റ്റിമേറ്റ് നൽകിയിരുന്നു. 2023 മാർച്ചിലും കഴിഞ്ഞ സെപ്റ്റംബർ 11-നും വീണ്ടും കത്തയച്ച് ഓർമ്മിപ്പിച്ചു. ജനറേറ്റർ മുറിയുടെ നവീകരണത്തിന് 2022 ഒക്‌ടോബറിൽ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകി.

ആറ് സബ്‌ സ്റ്റേഷനിലെയും പാനൽ ബോർഡ് മാറ്റാനായിരുന്നു അത്. 2023 മേയിൽ സബ് സ്‌റ്റേഷനിലെ എയർ സർക്യൂട്ട് ബ്രേക്കർ മാറ്റിസ്ഥാപിക്കാൻ ടെൻഡർ വിളിച്ചെങ്കിലും മുന്നോട്ടുപോയില്ല. 2023 ജൂലായിൽ അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കണമെന്നു കാണിച്ച് കത്ത് നൽകി. കപ്പാസിറ്റർ പാനൽ മാറ്റണമെന്ന് 2023 സെപ്റ്റംബറിലും റിപ്പോർട്ട് നൽകിയിരുന്നു.

(തുടരും)

Content Highlights: Blackout in TVM hospital leads to massive protest, Health Department, Kerala, Electricity Board