വിവാദ വി.ഇ.എച്ച്. വൈദ്യുതിക്കരാർ: തെളിവെടുപ്പിന് കമ്മിഷൻ

#എസ്.എൻ. ജയപ്രകാശ്

തിരുവനന്തപുരം: സ്വകാര്യകമ്പനിയായ വി.ഇ.എച്ച്. ഗ്ലോബലിൽനിന്ന് ടെൻഡറില്ലാതെ വൈദ്യുതി വാങ്ങിയത് അംഗീകരിക്കണമെന്ന കെ.എസ്.ഇ.ബി.യുടെ അപേക്ഷയിൽ തെളിവെടുക്കാൻ റെഗുലേറ്ററി കമ്മിഷൻ. ഡിസംബർ 16-ന് ഉച്ചയ്ക്ക് 2.30-ന് ഇക്കാര്യത്തിൽ കമ്മിഷൻ ഉപഭോക്താക്കളുടെ അഭിപ്രായം രേഖപ്പെടുത്തും.

നാലുരൂപയിൽ താഴെമാത്രം വിലവരുന്ന കാറ്റാടി വൈദ്യുതി ഈ കമ്പനിയിൽനിന്ന് ടെൻഡറില്ലാതെ 11 രൂപയ്ക്ക് വാങ്ങിയത് വിവാദമായിരുന്നു. റെഗുലേറ്ററി കമ്മിഷനെ അറിയിക്കാതെയായിരുന്നു ഇടപാട്. വാങ്ങാൻ തുടങ്ങി ഒന്നരമാസത്തിനുശേഷം അംഗീകാരത്തിനായി കമ്മിഷനെ സമീപിച്ചപ്പോഴാണ് ഇത് പുറത്തറിഞ്ഞത്. ഉയർന്നവിലയ്ക്ക് വൈദ്യുതി വിൽക്കുന്ന വിപണിയിൽ മത്സരിക്കാൻ കമ്പനിക്ക് അർഹതയില്ലാതിരിക്കേയാണ് സർക്കാർ ഇവിടെനിന്ന് വാങ്ങാൻ അനുമതിനൽകിയത്.

അപേക്ഷയോടൊപ്പം വി.ഇ.എച്ച്. കമ്പനിയുടെ ഓഫറും കമ്മിഷനു നൽകി. അതിൽ 11 രൂപ വില ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് ‌കമ്മിഷന്റെ അനുമതിക്ക് വിധേയമായിരിക്കുമെന്ന് കമ്പനി പറഞ്ഞിരുന്നു. എന്നാൽ, കമ്മിഷനെ സമീപിക്കാതെ 11 രൂപയ്ക്കുതന്നെ വൈദ്യുതി വാങ്ങാൻ സർക്കാർ അനുമതിനൽകി. ഈ വൈദ്യുതി കേരളത്തിലെത്തിച്ചപ്പോഴേക്കും യൂണിറ്റിന്റെ യഥാർഥവില 13.79 രൂപയായി. 4.6 കോടി യൂണിറ്റിന് കരാറായെങ്കിലും 59 ലക്ഷം യൂണിറ്റ് മാത്രമാണ് കിട്ടിയത്. ആകെച്ചെലവ് 7.48 കോടി രൂപയും. ഒക്ടോബറിലെ വൈദ്യുതിപ്രതിസന്ധി ഒഴിവാക്കാൻ വഴിയില്ലാതെവന്നതോടെയാണ് വി.ഇ.എച്ചിൽനിന്ന് വൈദ്യുതി വാങ്ങിയതെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

Content Highlights: KSEB faces scrutiny for buying electricity from V.E.H. Global without tender, sparking controversy over high prices and regulatory bypass.