തിരഞ്ഞെടുപ്പ് ഫണ്ട് ചിലര്‍ മുക്കി, പണം തട്ടിയെടുത്തവരെ അറിയാം- രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: തിരഞ്ഞെടുപ്പ് ഫണ്ട് ചിലര്‍ മുക്കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവും കാസര്‍കോട് എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാനേല്‍പ്പിച്ച പണമാണ് ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയതെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. തന്നെ തിരഞ്ഞെടുപ്പില്‍ തോല്‍പിക്കാന്‍ പലരും ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.
'തിരഞ്ഞെടുപ്പിന് ഞാനേല്‍പ്പിച്ച പൈസ ബൂത്ത് കമ്മിറ്റികള്‍ക്ക് കൊടുക്കാതെ ചിലര്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ആ മണ്ഡലം പ്രസിഡന്റുമാരെ ഞാന്‍ നോക്കിവെച്ചിട്ടുണ്ട്. മണ്ഡലം പ്രസിഡന്റുമാര്‍ക്ക് ഞാന്‍ വേറെ പൈസ കൊടുത്തിരുന്നു. ബ്ലോക്കുകള്‍ക്ക് ആവശ്യമുള്ളത് കൊടുത്തു. യു.ഡി.എഫിന് ആവശ്യമുള്ളത് കൊടുത്തു. ബൂത്തിന് കൊടുത്ത പൈസ ബൂത്തിനുള്ള പൈസയാണ്. അതൊന്നും എടുത്തുമാറ്റാന്‍ ആരേയും സമ്മതിക്കില്ല', ഉണ്ണിത്താൻ പറഞ്ഞു.
Content Highlights: Election Fund, Rajmohan Unnithan Raises Allegation