പലതവണ കയറിയിറങ്ങിയിട്ടും നിക്ഷേപത്തുക കിട്ടിയില്ല; കരുവന്നൂര്‍ ബാങ്ക് ശാഖയുടെ കൗണ്ടറില്‍ പെട്രോളൊഴിച്ച് 70-കാരന്‍

പൊറത്തിശ്ശേരി (തൃശ്ശൂര്‍): അപേക്ഷ നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും നിക്ഷേപത്തുക കിട്ടാത്തതില്‍ പ്രതിഷേധിച്ച് കരുവന്നൂര്‍ ബാങ്ക് ശാഖയിലെത്തിയ ആള്‍ ബാങ്കിനുള്ളിലെ കൗണ്ടറിലേക്ക് പെട്രോളൊഴിച്ചു. ചൊവ്വാഴ്ച രാവിലെ 10.45-ന് ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയിലെത്തിയ കൂത്തുപാലയ്ക്കല്‍ സുരേഷാ(70)ണ് പെട്രോള്‍ ഒഴിച്ചത്. തന്റെ അക്കൗണ്ടിലെ തുക തിരിച്ചുകിട്ടാന്‍ വേണ്ടി കഴിഞ്ഞ മാസം 19-ന് അപേക്ഷ നല്‍കിയിരുന്നുവെന്നും കാലിന് വയ്യാത്ത താന്‍ ഇതിനായി പലതവണ ബാങ്കിലെത്തി അന്വേഷിച്ചെങ്കിലും പണം കിട്ടിയില്ലെന്നും സുരേഷ് പറയുന്നു. ബാങ്കിന്റെ പരാതിയില്‍ പോലീസ് സുരേഷിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും ഹെഡ് ഓഫീസില്‍നിന്നു തുക പാസായി വന്നിട്ടില്ലെന്നാണ് ജീവനക്കാര്‍ അറിയിച്ചത്. തിരിച്ചുപോയ സുരേഷ് ഒരു കുപ്പി പെട്രോളുമായി തിരിച്ചെത്തി ജീവനക്കാര്‍ ഇരിക്കുന്നതിനു മുന്നിലുള്ള കൗണ്ടറിലേക്ക് ഒഴിച്ചു. രണ്ട് സ്ത്രീ ജീവനക്കാര്‍ മാത്രമാണ് ഈ സമയം ബാങ്കിലുണ്ടായിരുന്നതെങ്കിലും ഇവര്‍ സീറ്റില്‍ ഇല്ലായിരുന്നു.
കൗണ്ടറിലുണ്ടായിരുന്ന കംപ്യൂട്ടറിന്റെ ഒരുവശത്ത് പെട്രോള്‍ പടര്‍ന്നിട്ടുണ്ട്. കുപ്പിയിലെ പകുതി പെട്രോള്‍, കൗണ്ടറിനു മുകളില്‍ ഒഴിച്ചശേഷം നിങ്ങള്‍ പോലീസിനോടോ, ആരോട് വേണമെങ്കിലും പോയി പറഞ്ഞോ, ഒരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞ് സുരേഷ് ഇറങ്ങിപ്പോകുകയായിരുന്നെന്ന് ജീവനക്കാര്‍ പറഞ്ഞു.
സുരേഷിന് ഇതുവരെ 82,500 രൂപ നല്‍കി - അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി
സുരേഷിന് ഇതുവരെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍നിന്ന് 82,500 രൂപ തിരികെ നല്‍കിയിട്ടുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ആര്‍.എല്‍. ശ്രീലാല്‍ പറഞ്ഞു. അക്കൗണ്ടില്‍ ബാക്കിയുള്ളത് 8,698 രൂപയാണ്. ഈ തുക ആവശ്യപ്പെട്ടുകൊണ്ട് ബാങ്കില്‍ നല്‍കിയ കത്തുപ്രകാരം വായ്പകളില്‍ അടവ് വരുന്ന മുറയ്ക്ക് അടുത്ത ദിവസംതന്നെ തുക നല്‍കാമെന്നറിയിച്ചിരുന്നു - ശ്രീലാല്‍ പറഞ്ഞു.
അതേസമയം, ബാങ്കിലെ വനിതാജീവനക്കാര്‍ക്ക് നേരേ ബിജെപി പ്രാദേശികനേതാവ് വധഭീഷണിയും അക്രമവും നടത്തിയെന്നാരോപിച്ച് സിപിഎം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. എന്നാല്‍, സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്നും സുരേഷ് പാര്‍ട്ടിക്കാരനല്ലെന്നും ബിജെപി ഭാരവാഹികളായ ഷാജുട്ടന്‍, ജോജന്‍ കൊല്ലാട്ടില്‍ എന്നിവര്‍ പറഞ്ഞു.
Content Highlights: A 70-year-old man, frustrated after not receiving his deposit for weeks, poured petrol on a bank counter in Thrissur. Police have registered a case