കുടുംബശ്രീയെ മാതൃകയാക്കി ഗുജറാത്തിൻ്റെ ഏക്താ മഹിളാ മണ്ഡൽ

അഹമ്മദാബാദ്: ഏക്താ പ്രതിമ സ്ഥിതി ചെയ്യുന്ന ഏക്താ നഗറിലെ വനിതാ സ്വയംസഹായ സംഘങ്ങളുടെ കൂട്ടായ്മയായ ഏക്താ മഹിളാ മണ്ഡൽ പ്രവർത്തിക്കുന്നത് കേരളത്തിലെ കുടുംബശ്രീയെ മാതൃകയാക്കിയെന്ന് സ്റ്റാച്യു ഓഫ് യൂണിറ്റി അതോറിറ്റി സി.ഇ.ഒ. ഉദിത് അഗർവാൾ. മൂന്ന് വനിതാ സ്വയംസഹായ സംഘങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാൻ്റീനുകൾ, കഫേകൾ, ഷോപ്പുകൾ എന്നിവ സ്ത്രീ ശാക്തീകരണത്തിൻ്റെ ഉദാഹരണമായി ഇവിടെയുണ്ട്. കേരളത്തിൻ്റെ കുടുംബശ്രീ സംരംഭത്തിൻ്റെ മാതൃകയിലാണ് ഈ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതെന്നും ഈ പ്രദേശത്തെ സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും സംരംഭകത്വ അവസരങ്ങളും പ്രദാനം ചെയ്യുന്ന ഇവ ഏക്താ നഗറിൻ്റെ വിജയഗാഥയുടെ അവിഭാജ്യ ഘടകമാണെന്നും അഗർവാൾ പറഞ്ഞു. ഏക്താ പ്രതിമ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള വനിതാ മാധ്യമ സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം പി.ഐ.ബി സംഘടിപ്പിക്കുന്ന മാധ്യമപര്യടനം ഡിസംബർ 23 വരെ നീളും. തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 16-നാണ് ഗുജറാത്തിലേക്ക് ഏഴ് ദിവസത്തെ മാധ്യമ പര്യടനത്തിന് വനിതാ മാധ്യമപ്രവർത്തകരുടെ സംഘം പുറപ്പെട്ടത്.
രാജ്യത്തെ ഏകീകരിക്കുന്നതിൽ സർദാർ വല്ലഭായി പട്ടേലിൻ്റെ പങ്കിനുള്ള ആദരവിന്റെ പ്രതീകമായാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായി182 മീറ്റർ ഉയരമുള്ള ഏക്താ പ്രതിമ നിലകൊള്ളുന്നത്. കഴിഞ്ഞ വർഷം സ്മാരകം സന്ദർശിച്ചത് 5.1 ദശലക്ഷം ആളുകളാണ്. പ്രതിമയുടെ പരിസരങ്ങളിലുള്ള വികസന പദ്ധതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
Content Highlights: Ekta Mahila Mandal, inspired by Kudumbashree, empowers women in Gujarat