'സഖാവിനെ എനിക്ക് കിട്ടിയിട്ടേയില്ല, മക്കള്‍ക്കും; ഇവിടെയിരുന്നാല്‍ കേള്‍ക്കാം, ശാരദേ... എന്ന വിളി'

#എ.കെ. ശ്രീജിത്ത്
ശാരദാസിൽ ഇ.കെ. നായനാരുടെ ചിത്രത്തിനുമുന്നിൽ ശാരദ ടീച്ചർ | ഫോട്ടോ: സി. സുനിൽകുമാർ
ശാരദാസിൽ ഇ.കെ. നായനാരുടെ ചിത്രത്തിനുമുന്നിൽ ശാരദ ടീച്ചർ | ഫോട്ടോ: സി. സുനിൽകുമാർ

കല്യാശ്ശേരി: ''ആളുണ്ടായിരുന്നെങ്കില്‍ ഇതെല്ലാം വലിയ സന്തോഷായേനെ...'' കല്യാശ്ശേരി ശാരദാസില്‍ നിറയെ ഇ.കെ. നായനാരുടെ ചിത്രങ്ങളുള്ള സ്വീകരണമുറിയിലിരുന്ന് ചിരിക്കുമ്പോഴും ശാരദ ടീച്ചറുടെ കണ്ണിലൊരു കോണില്‍ തുള്ളി പൊടിയുന്നുണ്ട്. ''ഇവിടെയിരുന്നാല്‍ ശാരദേ എന്ന സഖാവിന്റെ വിളി കേള്‍ക്കാം. അതുകൊണ്ടാണ് എവിടെപ്പോയാലും ഇങ്ങോട്ട് ഓടിവരുന്നത്.'' ഇത്തവണത്തെ വരവിന് വലിയ വിശേഷമുണ്ട്. ശനിയാഴ്ച വൃശ്ചികത്തിലെ അവിട്ടത്തിന് ടീച്ചറുടെ നവതിയാണ്.

''1934 നവംബര്‍ പത്തിനാണ് ജനിച്ചത്. ചില സര്‍ട്ടിഫിക്കറ്റുകളില്‍ തീയതി 25 ആണ്. ഏതാന്ന് ശരിക്കും ഉറപ്പില്ല. കുട്ടിയായിരുന്നപ്പോള്‍ പിറന്നാളിന് അമ്മ മാക്കറി വെക്കും. കുട്ടികള്‍ക്ക് ആയുസ്സുണ്ടാവാന്‍ പിറന്നാളിന് അരി പൊടിച്ച് ശര്‍ക്കരയും തേങ്ങയുമെല്ലാം ചേര്‍ത്തുള്ള ആ പായസം വെക്കണമെന്ന് പറയുമായിരുന്നു. പിന്നെ മണക്കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ തൊഴും. അത്രേയുണ്ടായിരുന്നുള്ളൂ''. സമ്പത്ത് ധാരാളമുള്ള കുടുംബമായിരുന്നെങ്കിലും സങ്കടമായിരുന്നു കുട്ടിക്കാലത്ത്. 

അമ്മാവന്‍മാരായ കെ.പി.ആര്‍. ഗോപാലന്റെയും കെ.പി.ആര്‍. രയരപ്പന്റെയും രാഷ്ട്രീയം കണ്ടാണ് വളര്‍ന്നത്. അഞ്ചുവയസ്സുള്ളപ്പോഴാണ് മൊറാഴക്കേസില്‍ അമ്മാവന്‍ (കെ.പി.ആര്‍. ഗോപാലന്‍) പ്രതിയായത്. അതിനുശേഷം ദുരിതമായിരുന്നു ജീവിതം. പോലീസുകാര്‍ അര്‍ധരാത്രി പോലും വീട്ടില്‍ വരും. രാഷ്ട്രീയത്തിന്റെ എല്ലാ വിഷമങ്ങളും അനുഭവിച്ചശേഷമാണ് പുതുശ്ശേരി കോറോത്ത് കുഞ്ഞിരാമന്‍ നമ്പ്യാരുടെയും കുന്നത്ത് പുതിയ വീട്ടില്‍ ശ്രീദേവിയമ്മയുടെയും ഇളയ മകള്‍, അമ്മയുടെ അച്ഛന്റെ അനന്തരവനായ ഏറമ്പാല കൃഷ്ണന്‍ നായനാരുടെ ജീവിതസഖിയാവുന്നത്. 

1958-ലായിരുന്നു കല്യാണം. ''സഖാവിനെ എനിക്ക് കിട്ടിയിട്ടേയില്ല, മക്കള്‍ക്കും. മുഖ്യമന്ത്രിയായശേഷം 80-ലാണ് ശരിക്കും ഒന്നിച്ച് കുറച്ചുകാലമെങ്കിലും ജീവിച്ചത്. ഈ വീട്ടില്‍പ്പോലും ഒന്നോ രണ്ടോ ദിവസം നിന്നാലായി. സഖാവിന് എന്നും പാര്‍ട്ടിയായിരുന്നു വലുത്. രണ്ടാമത് ഞങ്ങള്‍.''

''നിറയെ സ്‌നേഹമായിരുന്നു സഖാവ്. എല്ലാവരെയും സ്‌നേഹിച്ചു. അതും എനിക്കിപ്പോള്‍ തിരിച്ചുകിട്ടുന്നു. വൃശ്ചികത്തിലെ അവിട്ടം എന്റെ നാള്‍, പിറ്റേന്ന് ചതയം സഖാവിന്റെ. മക്കള്‍ വലുതായശേഷം പായസമൊക്കെയുണ്ടാക്കി ആഘോഷിക്കും. അദ്ദേഹത്തിന്റെയായാലും എന്റെയായാലും കുട്ടികളുടെയായാലും പിറന്നാളിനൊന്നും ഒരിക്കലും അദ്ദേഹമുണ്ടായിട്ടില്ല. ഒരു തവണ അദ്ദേഹത്തിന്റെ പിറന്നാള്‍ പത്രക്കാരൊക്കെ നേരത്തേ കണ്ടുപിടിച്ച് പറഞ്ഞപ്പോള്‍ പായസമൊക്കെയുണ്ടാക്കി.''

കല്യാശ്ശേരിയിലെ ബോര്‍ഡ് സ്‌കൂളില്‍ 1956-ല്‍ അധ്യാപകജീവിതം തുടങ്ങിയതാണ് ശാരദ. മക്കളായ സുധ, ഉഷ, കൃഷ്ണകുമാര്‍, വിനോദ് എന്നിവര്‍ക്കെല്ലാം അമ്മയ്‌ക്കൊപ്പം അച്ഛന്റെ സ്ഥാനത്തും മിക്കപ്പോഴും ശാരദ തന്നെയായിരുന്നു.

ചുമരില്‍ മാത്രമല്ല, ശാരദാസിലെ മുക്കിലും മൂലയിലുമെല്ലാം ആ റൈറ്റ്, എന്നു പറഞ്ഞ് കുലുങ്ങിച്ചിരിച്ച് നായനാരുണ്ട്. ശാരദേ എന്ന വിളിയോടെ ആ സ്‌നേഹം വന്നുപൊതിയുന്നുണ്ട്. വീടിനപ്പുറത്ത് ഇഷ്ടദേവിയായ മണക്കുളങ്ങര ഭഗവതിയുണ്ട്. ''ഇതില്‍പ്പരമെന്തു വേണം, സന്തോഷത്തോടെ ജീവിക്കാനായി. മക്കളും പേരമക്കളും അവരുടെ മക്കളുമായി തലമുറകള്‍ക്കൊപ്പം സ്‌നേഹം പങ്കിടാനായി.'' ടീച്ചര്‍ ചിരിക്കുമ്പോള്‍ കണ്ണാടിയില്‍ നായനാരുടെ ചിരിയും പടരുന്നു.
 

Content Highlights: Sarada teacher ninetieth birth anniversary kerala