മഴ: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; 4,5,6,10 തീയതികളിലെ PSC പരീക്ഷകളും മാറ്റി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ, കാസർകോട്, പാലക്കാട്, എറണാകുളം ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച (2026 ഓഗസ്റ്റ് 4) അവധി പ്രഖ്യാപിച്ചു. കണ്ണൂരിൽ മൂന്ന് താലൂക്കുകളിലും ഇടുക്കിയിലും വയനാട്ടിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പി.എസ്.സി. പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. 4,5,6,10 തീയതികളിൽ നിശ്ചയിച്ച എല്ലാ ഓൺലൈൻ ഒ.എം.ആർ. പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കഴിഞ്ഞദിവസം മഴമൂലം പരീക്ഷ എഴുതാൻ കഴിയാതിരുന്ന ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 22-ന് പരീക്ഷ നടത്താമെന്നും പി.എസ്.സി. അറിയിച്ചു.
മഴകാരണം അവധി പ്രഖ്യാപിച്ച ജില്ലകൾ:
പത്തനംതിട്ട
കനത്ത മഴയും പ്രളയബാധിത ക്യാമ്പുകൾ സ്‌കൂളുകളിൽ പ്രവർത്തിക്കുന്നതിനാലുമാണ് അവധിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മലപ്പുറം
ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അവധി പ്രഖ്യാപിച്ചു. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പി.എസ്.സി. പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമില്ല.
കോഴിക്കോട്
ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും, തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും, വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്‌കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല.
പാലക്കാട്
ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണന്ന് ജില്ലാ കളക്‌ടർ കെ. സുധീർ അറിയിച്ചു.
എറണാകുളം
ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്
കാസർകോട്
ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി.
കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.
ആലപ്പുഴ
ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്‌ക്കെല്ലാം അവധി ബാധകം. വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാലും പല സ്‌കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലുമാണ് അവധി.
കോട്ടയം
ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
തൃശ്ശൂർ
ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികൾ, കേന്ദ്രീയവിദ്യാലയങ്ങൾ, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകൾ, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല.
കണ്ണൂർ
ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുള്ളത്. ഇവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. അതേസമയം ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാകും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.
ഇടുക്കി
ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (ഓഗസ്റ്റ് 4) ചൊവ്വാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സ്കൂളുകൾ, മദ്രസകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കോഴ്സുകൾക്ക് അവധി ബാധകമല്ല.
വയനാട്
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.
Content Highlights: Holiday declared for all educational institutions in Pathanamthitta.