ആലപ്പുഴ എടത്വാ ജങ്ഷനിൽ വൻതീപ്പിടിത്തം; മൂന്ന് കടകൾ കത്തിനശിച്ചു

#ന്യൂസ് ഡെസ്ക്
എടത്വാ ചന്തയ്ക്ക് സമീപത്തെ കടകളിൽ തീ പടരുന്നു
എടത്വാ ചന്തയ്ക്ക് സമീപത്തെ കടകളിൽ തീ പടരുന്നു

എടത്വാ: ആലപ്പുഴ എടത്വാ ജങ്ഷനിൽ വൻ തീപിടിത്തം. ചന്തയ്ക്ക് സമീപത്തെ മൂന്ന് കടകൾ കത്തിനശിച്ചു. സമീപത്തെ മറ്റു കടകളിലേക്കും തീ പടർന്നു.

കരിക്കംള്ളിൽ പലചരക്കുകട, തട്ടുപുരയ്ക്കൽ എം.വി. സ്റ്റോഴ്സ്, മുടന്താഞ്ചലിൽ ഗ്ലാസ് ഹൗസ് എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. പലചരക്കുകടയും എം.വി. സ്റ്റോഴ്സും പൂർണമായും ഗ്ലാസ് ഹൗസ് ഭാഗികമായും കത്തിനശിച്ചു. സമീപത്തെ ഇൻസ്‌റ്റൈൽ ബ്യൂട്ടി പാർലറിലേക്കും അമല ഫ്രൂട്ട്‌സ് ആൻഡ് സ്റ്റോഴ്സിലേക്കും തീ പടർന്നു.

ഞായറാഴ്ച രാത്രി 8.45-ഓടെയാണ് തീപിടിത്തമുണ്ടായത്. തകഴി, തിരുവല്ല, ചെങ്ങന്നൂർ, ഹരിപ്പാട് എന്നിവിടങ്ങളിൽനിന്നായി അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. കടകളുടെ വാതിലുകൾ തുറക്കാൻ കഴിയാത്തതിനാൽ ഓടുമേഞ്ഞ മേൽക്കൂര തകർത്താണ് അകത്തേക്ക് വെള്ളം പമ്പ് ചെയ്തത്.

തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു. ടോർച്ച് ലൈറ്റിന്റെ സഹായത്തോടെയാണ് ഫയർഫോഴ്സ് പ്രവർത്തനം നടത്തിയത്. കടയ്ക്കുള്ളിലെ സാധനങ്ങൾ പൊട്ടിത്തെറിച്ച് ചിതറുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് സമീപത്തേക്ക് എത്താനും ബുദ്ധിമുട്ടുണ്ടായി. തീ സമീപത്തെ ചന്തയിലേക്ക് പടർന്നിരുന്നെങ്കിൽ 25-ഓളം കടകൾ കത്തിനശിക്കുമായിരുന്നു. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Content Highlights: A massive fire broke out at Edathua Junction near the local market in Alappuzha. Three shops including a grocery store were affected, with two completely destroyed. Five fire force units from Thakazhi, Thiruvalla, Chengannur, and Haripad rushed to the spot. Firefighters broke the tiled roofs to pump water inside as the shop doors could not be opened. A short circuit is preliminary suspected to be the cause of the fire.