ബൈക്ക് അപകടത്തിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം; കൂട്ടിയിടിച്ചത് മൂന്ന് ബൈക്കുകൾ

എടപ്പാൾ: എടപ്പാൾ പൊറുക്കരയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ മരിച്ചു.
മൂന്നുപേർക്ക് പരിക്കേറ്റു. പൊന്നാനി ബിയ്യം സ്വദേശിയും പെരുമ്പറമ്പ് മൂകാംബിക ക്ഷേത്രത്തിനു സമീപം താമസക്കാരനുമായ ഹക്കിം ( 45) ആണ് മരിച്ചത്.
പരിക്കേറ്റ പെരുമ്പറമ്പ് ഐക്കര വളപ്പിൽ സിദ്ധാർത്ഥി (19)നെ ശുകപുരം ആശുപത്രിയിലും മൂച്ചിക്കടവ് പെരുമ്പിലാവിൽ പടി വിബീഷ് (38), പെരുമുക്ക് വടക്കൂട്ട് ജാഫർ (47) എന്നിവരെ എടപ്പാൾ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഹക്കിം സഞ്ചരിച്ച ബുള്ളറ്റ്, എതിരെ വന്ന സിദ്ധാർത്ഥിന്റെ ബൈക്കുമായി കൂട്ടിയിടിച്ച ശേഷം റോഡരികിലെ ട്രാൻസ്‌ഫോർമറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിനിടയിൽ, എതിരേവന്ന മറ്റൊരു ബൈക്ക് സിദ്ധാർത്ഥിന്റെ ബൈക്കിലും ഇടിച്ചു. ഇതിലെ യാത്രക്കാരാണ് പരിക്കേറ്റ മറ്റു രണ്ടുപേർ. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഹക്കീമിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
എടപ്പാളിലെ ജിംനേഷ്യത്തിലെ പരിശീലകനും വിവിധ മത്സരങ്ങളിലെ വിജയിയുമാണ് ഇദ്ദേഹം. പൊന്നാനി പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.
Content Highlights: A 45-year-old gym trainer, Hakeem, died in a three-bike collision in Porukkara, Edappal., The accident involved a head-on collision followed by a secondary impact with a transformer., Three other individuals sustained injuries and are receiving treatment at local hospitals., Ponnani police have initiated an investigation into the incident.