ഒറ്റരാത്രികൊണ്ട് നിർണായക തീരുമാനം; റെയ്ഡിന് ഇ.ഡി.യുടെ ‘പെർഫെക്ട് ടൈമിങ്’

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പി.എം.എൽ.എ.) കേസിൽ ഇ.ഡി.യുടെ അന്വേഷണവും സമൻസുമെല്ലാം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവ് കൊച്ചി ഇ.ഡി.യിൽ ലഭിക്കുന്നത് ചൊവ്വാഴ്ച രാത്രി എട്ടിനുശേഷംമാത്രം. ആ ഒറ്റരാത്രികൊണ്ടാണ് നിർണായകമായ റെയ്ഡിന് ഇ.ഡി. തീരുമാനമെടുത്തത്.തുടർന്നുള്ള രണ്ടുദിവസം ഹൈക്കോടതി അവധിയാണെന്ന ‘പെർഫെക്ട് ടൈം’ ആയിരുന്നു ആ തീരുമാനത്തിനുപിന്നിൽ.
കേരളത്തിലും ബെംഗളൂരുവിലുമായി പത്തിടത്തെ റെയ്ഡിനായി ഡൽഹിയിൽനിന്ന് അനുമതി വാങ്ങുകയും അമ്പതിലേറെ ഉദ്യോഗസ്ഥരെ ഒരുക്കുകയും വേണമായിരുന്നു. ബുധനാഴ്ച രാവിലെ ഏഴിന് റെയ്ഡ് തുടങ്ങുംവരെയുള്ള 11 മണിക്കൂർ നിർണായകമായിരുന്നു. റെയ്ഡ് വിവരം ചോർന്നാൽ പ്രതിരോധമുണ്ടാകുമെന്ന് ഇ.ഡി. സംഘം കണക്കുകൂട്ടി. എന്നാൽ, കേന്ദ്രസേനയ്ക്കെതിരേ ആക്രമണം ഒട്ടും പ്രതീക്ഷിച്ചതുമില്ല.
രണ്ടുവർഷംമുൻപാണ് സി.എം.ആർ.എൽ.-എക്സാലോജിക് ദുരൂഹപണമിടപാടിൽ ഇ.ഡി.യുടെ അന്വേഷണവും സമൻസുമെല്ലാം സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതിയിൽ വരുന്നത്. സി.എം.ആർ.എലിന്റെയും ഉദ്യോഗസ്ഥരുടെയും ആ ഹർജി ഹൈക്കോടതി തള്ളിയത് ചൊവ്വാഴ്ചയും. ഉത്തരവ് ലഭിക്കാൻ രാത്രിവരെ സമയമെടുത്തു. ഇ.ഡി. കൊച്ചി ഓഫീസിലെ യൂണിറ്റ് നാലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ എസ്. സിമിയുടെ നേതൃത്വത്തിലായിരുന്നു നീക്കങ്ങൾ.
വേഗത്തിലുള്ള നീക്കം, ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നതിനാൽ
സി.എം.ആർ.എൽ. കമ്പനിയും ഉദ്യോഗസ്ഥരും സിംഗിൾബെഞ്ചിന്റെ ഉത്തരവിനെതിരേ വീണ്ടും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു അതിവേഗത്തിലുള്ള റെയ്ഡ് ആസൂത്രണം. അതിനുമപ്പുറം കേസ് നടപടിക്രമങ്ങളുടെ ഭാഗമായി അന്വേഷണപരിധിയിലുള്ള വീണാ വിജയനുൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തൽകൂടി റെയ്ഡിന്റെ ലക്ഷ്യമായിരുന്നു. കുറ്റപത്രം സമർപ്പിക്കലടക്കമുള്ളതിന് മൊഴിരേഖപ്പെടുത്തൽ അനിവാര്യമാണ്.
Content Highlights: High Court dismissed the plea to stay ED summons in the CMRL-Exalogic case., ED conducted surprise raids across 10 locations in Kerala and Bengaluru., Operations were timed to coincide with a two-day High Court holiday., The primary objective was to record statements for the upcoming charge sheet., Operation led by Deputy Director S. Simi of the ED Kochi unit.