ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 5 പേർ റിമാൻഡിൽ; കോടതിയിൽ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ

#ന്യൂസ് ഡെസ്‌ക്
റെയ്ഡ് കഴിഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീടിന് പുറത്തേക്കുവന്ന ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍. ഫോട്ടോ: എസ്. ശ്രീകേഷ്
റെയ്ഡ് കഴിഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീടിന് പുറത്തേക്കുവന്ന ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍. ഫോട്ടോ: എസ്. ശ്രീകേഷ്

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികളെ വഞ്ചിയൂർ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇതിനോടകം എട്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ടെങ്കിലും അക്രമത്തിന് നേതൃത്വം നൽകിയ പ്രധാനികളായ പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ കനത്ത പോലീസ് സുരക്ഷയിലാണ് വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അവധിദിവസമായ ഇന്ന് കോടതിയിലെത്തിയാണ് മജിസ്ട്രേറ്റ് റിമാൻഡ് നടപടികൾ പൂർത്തിയാക്കിയത്. ഇവരെ പൂജപ്പുര ജയിലിലേക്കാണ് മാറ്റുന്നത്. എആർ ക്യാമ്പിൽനിന്ന് പുറത്തേക്കിറക്കിയപ്പോഴും കോടതിയിലേക്ക് കയറുമ്പോഴും പ്രവർത്തകർ പ്രതികളെ അഭിവാദ്യംചെയ്ത് മുദ്രാവാക്യം വിളിച്ചു.

പ്രതികൾക്കെതിരേ വധശ്രമം (ബിഎൻഎസ് 309), ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ, അന്യായമായി സംഘംചേരൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇവർക്ക് പെട്ടെന്ന് ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്ന് ഉറപ്പായിരുന്നു.

നിലവിൽ ആകെ എട്ടുപേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ആദ്യം അറസ്റ്റിലായ അഞ്ചുപേരെ കൂടാതെ, ഇന്ന് മൂന്നുപേരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഒരാളെ (അമൽ) കോട്ടയത്തുനിന്നും മറ്റു രണ്ടുപേരെ തിരുവനന്തപുരത്തുനിന്നുമാണ് പിടികൂടിയത്.

പ്രതികളായ കൗൺസിലർ ഐ.പി. ബിനു, മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി എന്നിവരെ ഇതുവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇവർക്ക് ഒളിവിൽ പോകാൻ പോലീസ് സൗകര്യം ചെയ്തുകൊടുത്തു എന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇന്നലെ ഇവരെ കസ്റ്റഡിയിലെടുക്കാൻ അവസരമുണ്ടായിട്ടും പോലീസ് അതിന് തയ്യാറായില്ലെന്നും ആരോപണമുണ്ട്. നിലവിൽ ഇവരുടെ വീടുകളിലടക്കം നാൽപ്പതോളം സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തിയിട്ടുണ്ട്.

ബുധനാഴ്ചയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വീടുകളിലും സി.എം.ആർ.എൽ.-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) റെയ്ഡ് നടത്തിയത്. ഇതിൽ പിണറായി വിജയനും മകൾ വീണാ വിജയനും ഉണ്ടായിരുന്ന തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടകവീട്ടിൽ പരിശോധന പൂർത്തിയാക്കി മടങ്ങിയ വനിത ഉൾപ്പെടെയുള്ള ഇഡി ഉദ്യോഗസ്ഥരെയാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചത്.

ഉദ്യോഗസ്ഥർ സഞ്ചരിച്ച മൂന്നുകാറുകൾ തല്ലിത്തകർത്തു. ഇ.ഡി. സംഘത്തിനൊപ്പമുണ്ടായിരുന്ന സി.ആർ.പി.എഫ്. ഉദ്യോഗസ്ഥ, ബാങ്ക് ഓഫീസർ, കാർ ഡ്രൈവർ ശ്യാംരാജ് എന്നിവർക്കാണ് പരിക്കേറ്റത്.

പിണറായിയുടെ വാടകവീടിന്റെ ഗേറ്റിനുപുറത്തേക്ക് ഇറങ്ങിയ ഉടൻ സി.പി.എം പ്രവർത്തകർ കാറുകൾ ആക്രമിച്ചു. ചുടുകട്ടയും വടിയും പോലീസുകാരിൽനിന്ന് പിടിച്ചുവാങ്ങിയ ഹെൽമറ്റും ഷീൽഡും ഉപയോഗിച്ച് കാറിന്റെ ചില്ലുകളും തകർത്തു. ഏറെ പണിപ്പെട്ടാണ് വാഹനങ്ങൾ പോലീസ് പുറത്തേക്കുകടത്തിയത്. ആക്രമിക്കപ്പെട്ട ഇ.ഡി. ഉദ്യോഗസ്ഥർ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയംതേടി.

Content Highlights: Five individuals remanded for 14 days by Vanchiyoor court., Charges include attempted murder (BNS 309) and obstructing official duty., Total of eight suspects arrested so far; key political figures remain at large., The incident occurred during ED raids on properties linked to CMRL-Exalogic case., Attacks involved damage to vehicles and injuries to CRPF and ED staff.