ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അന്വേഷണം എസ്‌ഐടിക്ക്, മ്യൂസിയം എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ

#മാതൃഭൂമി ന്യൂസ്
ഇ.ഡി. ഉദ്യോഗസ്ഥര്‍ക്ക് നേരേ നടന്ന ആക്രമണത്തിന്റെ ദൃശ്യം | Photo: PTI
ഇ.ഡി. ഉദ്യോഗസ്ഥര്‍ക്ക് നേരേ നടന്ന ആക്രമണത്തിന്റെ ദൃശ്യം | Photo: PTI

തിരുവനന്തപുരം: മാസപ്പടി കേസിൽ റെയ്ഡ് നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണം പ്രത്യേകസംഘത്തിന് (എസ്‌ഐടി). കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മ്യൂസിയം എസ്എച്ച്ഒ ആർ. പ്രശാന്ത് തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അഞ്ച് ഇൻസ്പെക്ടർമാരും ഏഴ് എസ്‌ഐമാരും അടക്കം 30 ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാണ് എസ്‌ഐടി.

നിലവിൽ മ്യൂസിയം പോലീസ് ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. കേസ് അന്വേഷണത്തിന് എസ്‌ഐടിയെ നിയോഗിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. മാത്രമല്ല, സമാന ആവശ്യം ഉന്നയിച്ച് ഇഡിയും ഡയറക്ടറ്റേിലേക്ക് ഒരു റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നാണ് വിവരം. പിന്നാലെയാണ് കേസ് അന്വേഷണം എസ്‌ഐടിക്ക് കൈമാറിയത്.

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റാണ് മ്യൂസിയം എസ്എച്ച്ഒ ആർ. പ്രശാന്ത്. ഇദ്ദേഹത്തിന് ഇടത് അനുകൂല നിലപാടാണുള്ളതെന്ന പ്രചാരണം ശക്തമാണ്. സിപിഎം നേതാക്കളും പ്രവർത്തകരും പ്രതിസ്ഥാനത്തുള്ള കേസ് പ്രശാന്ത് അന്വേഷിച്ചാൽ അതിൽ പക്ഷപാതിത്വം ഉണ്ടാകുമോ എന്നും ചർച്ചകളുണ്ടായിരുന്നു. എന്നാൽ എസ്‌ഐടിക്ക് കേസ് കൈമാറുമ്പോഴും പ്രശാന്തിനെ അന്വേഷണ ഉദ്യോഗസ്ഥ സ്ഥാനത്തുനിന്ന് മാറ്റിയിട്ടില്ല.

സിഎംആർഎൽ-എക്‌സാലോജിക് സൊല്യൂഷൻസ് മാസപ്പടി കേസിൽ വീണാ ടിയുടെ വീട്ടിൽ പരിശോധന നടത്തുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവും മുൻമുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിയിൽ ഇഡി സംഘം പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തി പുറത്തിറങ്ങിയ ഉദ്യോഗസ്ഥ സംഘത്തിന്റെ വാഹനങ്ങളെ കണ്ടാൽ അറിയാവുന്ന മുന്നൂറോളം സിപിഎം പ്രവർത്തകർ തടയുകയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കാറുകൾക്ക് കേടുപാടുകളുണ്ടാവുകയും ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയുമായിരുന്നു.

Content Highlights: SIT formed to probe the attack on ED officials during a raid in Thiruvananthapuram., Cantonment Assistant Commissioner to oversee the investigation., Museum SHO R. Prashanth remains the primary investigating officer despite controversy., The attack occurred following a raid at the residence linked to the Masappadi case., SIT consists of 30 officers, including 5 inspectors and 7 sub-inspectors.