കൊടകര കുഴല്‍പ്പണക്കേസ്: 'രാഷ്ട്രീയം'തൊടാതെ കുറ്റപത്രം, ഹൈവേ കൊള്ളയെന്ന് ED

പ്രതീകാത്മകചിത്രം  |  Photo : PTI
പ്രതീകാത്മകചിത്രം | Photo : PTI

കൊച്ചി: രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ 'രാഷ്ട്രീയം'തൊടാതെ ഇഡി കുറ്റപത്രം. എറണാകുളം പിഎംഎല്‍എ കോടതിയില്‍ ചൊവ്വാഴ്ച നല്‍കിയ കുറ്റപത്രത്തില്‍ 23 പ്രതികളാണുള്ളത്. 2021 നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ബിജെപിക്കായി എത്തിച്ചതാണ് മൂന്നരക്കോടി രൂപയെന്ന പോലീസ് കുറ്റപത്രത്തെ പാടേ തള്ളുകയാണ് ഇഡി. ആലപ്പുഴയിലെ തിരുവിതാംകൂര്‍ പാലസ് വസ്തു വാങ്ങുന്നതിന് ഡ്രൈവര്‍മുഖേന ധര്‍മരാജന്‍ കൊടുത്തയച്ച 3.56 കോടി രൂപ കൊടകര ദേശീയപാതയില്‍ കൊള്ളയടിക്കപ്പെടുകയായിരുന്നു എന്നാണ് ഇഡി കുറ്റപത്രം. കോഴിക്കോട് സ്വദേശിയും വ്യവസായിയുമായ ധര്‍മരാജന്‍ പണത്തിന്റെ ഉറവിടം വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് കണ്ടെത്തിയ കൊള്ളമുതലിനുപുറമേ മൂന്നുലക്ഷം രൂപയും എട്ടുലക്ഷം രൂപയുടെ വസ്തുവകകളും ഇഡി കണ്ടുകെട്ടിയതായും കുറ്റപത്രത്തിലുണ്ട്.

2021 ഏപ്രില്‍ 03-ന് നടന്നത് 

പുലര്‍ച്ചെ മറ്റൊരു കാര്‍ ഇടിപ്പിച്ചശേഷം പണവുമായിവന്ന കാര്‍ തട്ടിയെടുക്കുകയായിരുന്നു. കാര്‍ ഉടമ കൊടകര പോലീസില്‍ പരാതിനല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മൂന്നരക്കോടി രൂപയും ബിജെപിക്കായി ബെംഗളൂരുവില്‍നിന്ന് എത്തിച്ചതാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. സംസ്ഥാനപ്രസിഡന്റായിരുന്ന കെ. സുരേന്ദ്രന്റെ അറിവോടെയാണ് പണം എത്തിച്ചതെന്നും പോലീസ് വ്യക്തമാക്കി. സുരേന്ദ്രനെ പോലീസ് ചോദ്യംചെയ്യുകയും അദ്ദേഹത്തെയും മകനെയും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയുംചെയ്തിരുന്നു. പോലീസിന്റെ കുറ്റപത്രത്തില്‍ നഷ്ടപ്പെട്ട പണത്തിന് രേഖകളില്ലെന്ന ധര്‍മരാജന്റെ മൊഴി ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് വിരുദ്ധമായ മൊഴിയാണ് ഇഡി കുറ്റപത്രത്തില്‍.

22 പ്രതികളുമായി കുറ്റപത്രം

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ ഇഡി നല്‍കിയ കുറ്റപത്രത്തില്‍ പ്രതികളായി ചേര്‍ത്തത് രണ്ടു സ്ത്രീകളുള്‍പ്പെടെ 23 പേരെ. 12 പേര്‍ തൃശ്ശൂര്‍ സ്വദേശികളും ഏഴുപേര്‍ കണ്ണൂര്‍ സ്വദേശികളും രണ്ടുപേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ കോഴിക്കോടും മറ്റൊരാള്‍ കുടക് സ്വദേശിയുമാണ്.

ഇഡി കുറ്റപത്രത്തില്‍ മൂന്നരക്കോടി രൂപയും വസ്തുവാങ്ങാനായി ധര്‍മരാജന്‍ കൊടുത്തുവിട്ടെന്നാണ് പറയുന്നത്. ആദ്യം പോലീസിന് നല്‍കിയ പരാതിയില്‍ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് ധര്‍മരാജന്‍ മൂന്നരക്കോടി നഷ്ടപ്പെട്ടെന്ന് മൊഴിമാറ്റുകയായിരുന്നു. എന്നാല്‍, ഈ പണത്തിന് രേഖകളില്ലെന്നായിരുന്നു പോലീസിന് നല്‍കിയ മൊഴി. ആ സ്ഥാനത്താണ് ഇഡി കുറ്റപത്രത്തില്‍ പണത്തിന്റെ ഉറവിടം ധര്‍മരാജന്‍ വ്യക്തമാക്കി എന്നുള്ളത്.

കൊടകര കവര്‍ച്ചയ്ക്കുമുന്‍പ് ബെംഗളൂരുവില്‍നിന്ന് പാലക്കാട്ട് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന 4.4 കോടി 2021 മാര്‍ച്ച് ആറിന് സേലം ഹൈവേയില്‍ കവര്‍ച്ചനടത്തിയെന്ന കേസുണ്ടായിരുന്നു. പോലീസ് കുറ്റപത്രത്തിലുള്ള ഇക്കാര്യത്തെക്കുറിച്ചും ഇഡി അന്വേഷണം നടത്തിയിട്ടില്ലെന്നാണ് സൂചന. കൊടകര കുഴല്‍പ്പണക്കേസില്‍ ഇഡി അന്വേഷണം എങ്ങുമെത്തിയില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജിവരുകയും ഇതില്‍ വിമര്‍ശനം നേരിടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണിപ്പോള്‍ കുറ്റപത്രം നല്‍കിയത്.

കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തവര്‍: 1. മുഹമ്മദ് അലി, അയ്യപ്പന്‍തോട്, കൂത്തുപറമ്പ്, കണ്ണൂര്‍, 2. സുജീഷ്, തിരുവങ്ങാട്, തലശ്ശേരി, കണ്ണൂര്‍ 3. രഞ്ജിത്ത്, വെള്ളിക്കുളങ്ങര, തൃശ്ശൂര്‍, 4. ദീപക് ശങ്കരന്‍, വെള്ളിക്കുളങ്ങര, തൃശ്ശൂര്‍, 5. ആരിഷ്, ആപ്പിള്‍ ബസാര്‍, വെള്ളികുളങ്ങര, തൃശ്ശൂര്‍, 6. മാര്‍ട്ടിന്‍, വടക്കുംകര, തൃശ്ശൂര്‍ 7. ലബീബ്, പട്ടേപ്പാടം, വടക്കുംകര, തൃശ്ശൂര്‍, 8. അഭിജിത്ത്, വെള്ളാങ്ങല്ലൂര്‍, വടക്കുംകര, തൃശ്ശൂര്‍, 9. ബാബു, വെള്ളാങ്ങല്ലൂര്‍, വടക്കുംകര, തൃശ്ശൂര്‍, 10. അബ്ദുള്‍ ഷായിദ്, വിളയനാട്, തൃശ്ശൂര്‍, 11. അബ്ദുള്‍ ഷുക്കൂര്‍, വെള്ളാങ്ങല്ലൂര്‍, തൃശ്ശൂര്‍, 12. അബ്ദുള്‍ ബഷീര്‍, മമ്പാട്, മലപ്പുറം, 13. അബ്ദുള്‍ സലാം, വെല്ലൂര്‍, പയ്യന്നൂര്‍, കണ്ണൂര്‍, 14. റഹിം, മുഴക്കുന്ന്, കണ്ണൂര്‍,15. ഷിജില്‍, കല്യാശ്ശേരി, കണ്ണൂര്‍, 16. അബ്ദുള്‍ റഷീദ്, പന്നിയങ്കര, കോഴിക്കോട്., 17. റൗഫ്, വെല്ലൂര്‍, പയ്യന്നൂര്‍, കണ്ണൂര്‍, 18. മുഹമ്മദ് ഷാഫി, ചോഡാല്ലു, കുടക്, കര്‍ണാടക, 19. എഡ്വിന്‍, വടക്കുംകര, തൃശ്ശൂര്‍, 20. ദീപ്തി, ഈസ്റ്റ് കോടാലി, തൃശ്ശൂര്‍, 21. സുള്‍ഫിക്കര്‍ അലി, മങ്കട, മലപ്പുറം, 22. പി.പി. റഷീദ്, ചൊക്ലി, കണ്ണൂര്‍, 23. ജിന്‍ഷ, ആപ്പിള്‍ ബസാര്‍, വെള്ളാങ്ങല്ലൂര്‍, തൃശ്ശൂര്‍

നാലുവര്‍ഷമായിട്ടും തീരാെത അന്വേഷണനാടകം

തൃശ്ശൂര്‍ : തിരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി ബിജെപി കേരളത്തിലെത്തിച്ച മൂന്നരക്കോടി രൂപ കൊടകരയില്‍ കവര്‍ന്ന സംഭവത്തിന് നാലുവര്‍ഷം പൂര്‍ത്തിയാകുമ്പോഴും അന്തര്‍നാടകങ്ങള്‍ അവസാനിക്കുന്നില്ല. 2021 ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെ 4.40-നാണ് പണമടങ്ങുന്ന വാഹനം കൊടകരയില്‍ തട്ടിപ്പുസംഘം കവര്‍ന്നത്.

ആവേശത്തോടെ അന്വേഷണം നടത്തിയ കേരള പോലീസ്, ഇത് കുഴല്‍പ്പണമാണെന്നും ഇതില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ആരോപിച്ചെങ്കിലും പിന്നീട് തണുത്തു. കേസന്വേഷണത്തിന്റെ ആരംഭഘട്ടത്തില്‍ അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനെവരെ തൃശ്ശൂരില്‍ വിളിച്ചുവരുത്തി തെളിവെടുത്തു. ഒന്നാംഘട്ട കുറ്റപത്രത്തില്‍ കേസ് വെറും വഴിക്കൊള്ളയാക്കിയാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ ബിജെപി നേതാക്കളുടെ പങ്കോ ഇടപെടലോ പ്രതിപാദിച്ചില്ല.

കൊടകരയില്‍ പണം കവര്‍ന്നതിന് നേരിട്ടും പരോക്ഷമായും പങ്കാളികളായ 22 പേരെയാണ് പോലീസ് പ്രതിചേര്‍ത്തത്. മാസങ്ങളോളം അന്വേഷണം നടത്തിയ പോലീസിനാകട്ടെ കവര്‍ന്ന മൂന്നരക്കോടിയില്‍ 1.4 കോടി കണ്ടെത്താനായില്ല. കൊടകരയിലൂടെ കണക്കില്‍ കാണിക്കാതെ കൊണ്ടുപോയ പണം തന്റേതാണെന്ന് അവകാശപ്പെട്ടെത്തിയ ബിജെപി അനുഭാവി ധര്‍മരാജനെപ്പോലും കേരള പോലീസ് പ്രതിേചര്‍ത്തില്ല. പകരം രണ്ടാംസാക്ഷിയാക്കുകയാണുണ്ടായത്.

കേരളത്തിലെ തിരഞ്ഞെടുപ്പിനായി ഈ കാലത്ത് കര്‍ണാടകയില്‍നിന്ന് 12 കോടി കുഴല്‍പ്പണം എത്തിച്ചെന്ന ധര്‍മരാജന്റെ മൊഴിയും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കുഴല്‍പ്പണമാണെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് പറയുന്ന േപാലീസ്, നേതാക്കള്‍ ഉള്‍പ്പെടെ 14 ബി.ജെ.പി. പ്രവര്‍ത്തകരെ സാക്ഷികളാക്കി.

കേരള പോലീസ് സമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തിലും ബിജെപിയുടെ പങ്കാളിത്തത്തെപ്പറ്റി പരാമര്‍ശമില്ല.

കൊടകരയിലേതു കുഴല്‍പ്പണമാണെന്നും ഉറവിടവും ഇടപാടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്‌ േകരള പോലീസ് തിരഞ്ഞെടുപ്പ് കമ്മിഷനും ആഭ്യന്തരമന്ത്രാലയത്തിനും ഇഡിക്കും കത്തയച്ചിരുന്നു. ഇതില്‍ അന്വേഷണം നടത്തിയ ഇഡി, കേരള പോലീസ് നടത്തിയ അതേരീതിയില്‍ വഴിയോരക്കവര്‍ച്ച അന്വേഷിക്കുകയും കവര്‍ച്ചയിലെ പ്രതികളെമാത്രം കേസില്‍ ഉള്‍പ്പെടുത്തുകയുമാണുണ്ടായത്.

കൊടകരയില്‍ കവര്‍ന്ന മൂന്നരക്കോടി ബിജെപിയുടെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ആറ് ചാക്കുകളിലാക്കി എത്തിച്ചത് കണ്ടെന്ന് ആരോപിച്ച് അന്നത്തെ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് വെളിപ്പെടുത്തല്‍ നടത്തിയെങ്കിലും അതിന്മേല്‍ അന്വേഷണം എങ്ങുമെത്തിയില്ല. 2024 ഒക്ടോബര്‍ 30-നായിരുന്നു വെളിപ്പെടുത്തല്‍.

Content Highlights: ed files chargesheet in kodakara hawala case