ഭൂമിക്കടിയില്‍നിന്ന് ഉഗ്രശബ്ദംകേട്ടത് രാത്രി പത്തിനും 11-നും; ഭൂമികുലുക്കം ഉണ്ടായിട്ടില്ല,ഭയന്ന് ജനം

ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയില്‍നിന്ന് സ്‌ഫോടനശബ്ദം ഉണ്ടായതിനെത്തുടര്‍ന്ന് വീടിന് പുറത്തിറങ്ങിയ പ്രദേശവാസികള്‍
ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയില്‍നിന്ന് സ്‌ഫോടനശബ്ദം ഉണ്ടായതിനെത്തുടര്‍ന്ന് വീടിന് പുറത്തിറങ്ങിയ പ്രദേശവാസികള്‍

മലപ്പുറം: നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ ഭൂമിക്കടിയില്‍നിന്ന് വലിയ സ്‌ഫോടനശബ്ദവും ഭൂമികുലുക്കം പോലെയും അനുഭവപ്പെട്ടു. ചില വീടുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. ഭയന്നുപോയ പ്രദേശത്തെ നൂറുകണക്കിനാളുകള്‍ വീടുകളില്‍നിന്ന് പുറത്തേക്കോടി.

രാത്രിതന്നെ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തി. രാത്രി വൈകിയും ആളുകള്‍ വീടുകളിലേക്ക് പോകാന്‍ ഭയന്ന് റോഡിലും മറ്റുമായി തടിച്ചുകൂടി നില്‍ക്കുകയായിരുന്നു എന്ന് 11-ാം വാര്‍ഡ് അംഗം നാസര്‍ പറഞ്ഞു.

രാത്രി പതിനൊന്ന് മണിയോടെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടെ വീണ്ടും വലിയ ശബ്ദമുണ്ടായി. രാത്രി 11 മണിവരെ പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ശബ്ദം കേട്ടതായി പ്രദശവാസികള്‍ പറഞ്ഞു. 

Content Highlights: earthquake fear in pothukal nilambur