വയനാട് ഫണ്ട്: '20 കോടിയുടെ കണക്ക് ബോധ്യപ്പെടുത്താം, സതീശൻ ആളെ വിടൂ'; വെല്ലുവിളിച്ച് ഡിവൈഎഫ്ഐ

#സ്വന്തം ലേഖകൻ
വി. വസീഫ് | Photo: Mathrubhumi
വി. വസീഫ് | Photo: Mathrubhumi

കോഴിക്കോട്: വയനാട് പുനരധിവാസത്തിനായി ഡിവൈഎഫ്ഐ സമാഹരിച്ച ഫണ്ടുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾക്കെതിരെ മറുപടിയുമായി സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. സംഘടന 20 കോടി രൂപ സമാഹരിച്ചതായും ഇതിന്റെ കണക്കുകൾ അതീവ സുതാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് നുണകൾ പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഇത്തരം ആക്ഷേപങ്ങൾ ഭാവിയിൽ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന യുവജന സംഘടനകൾക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം ആരോപിച്ചു.

ഡിവൈഎഫ്ഐ ജനങ്ങളുടെ കൈയിൽ നിന്ന് നേരിട്ട് പണം പിരിച്ചിട്ടില്ല. പകരം വിവിധ ചലഞ്ചുകൾ വഴിയാണ് തുക കണ്ടെത്തിയത്. ഇതിനായി തിരുവനന്തപുരം പേട്ടയിലെ കനറാ ബാങ്കിൽ പ്രത്യേക അക്കൗണ്ട് തുറന്നാണ് പണം നിക്ഷേപിച്ചത്. ഇതിന്റെ തെളിവായി 266 പേജുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റ് തങ്ങളുടെ കൈവശമുണ്ടെന്നും ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം മൂന്ന് കോടിയിലധികം രൂപ ലഭിച്ചതായും ഇതിൽ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി മാത്രം 47 ലക്ഷത്തോളം രൂപ സമാഹരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്റെ പണപ്പിരിവിൽ വലിയ ദുരൂഹതയുണ്ടെന്നും യൂത്ത് കോൺഗ്രസിനെപ്പോലെ പണം മുക്കുന്ന ശീലം ഡിവൈഎഫ്ഐക്കില്ലെന്നും വസീഫ് പരിഹസിച്ചു. രണ്ട് വർഷത്തിന് ശേഷമാണ് കോൺഗ്രസ് തങ്ങളുടെ കണക്കുകൾ പുറത്തുവിട്ടതെന്നും എം.എൻ. കാരശ്ശേരിയെപ്പോലുള്ളവർ പോലും കോൺഗ്രസിനെതിരെ സംസാരിക്കേണ്ടി വന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തങ്ങൾ പിരിച്ചതിന്റെ നാലിലൊന്ന് പോലും സമാഹരിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ലെന്നും പലിശ മോഷ്ടിച്ചു എന്നൊക്കെയുള്ള ആരോപണങ്ങൾ വസ്‌തുതാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആളെ അയച്ച് തങ്ങളുടെ രേഖകൾ എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും തങ്ങൾക്ക് ഒളിച്ചുവെക്കാൻ ഒന്നുമില്ലെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. വയനാടിന്റെ പേരിൽ തറക്കല്ലിടാൻ കൂട്ടുനിന്ന പ്രിയങ്ക ഗാന്ധി ജനങ്ങളോട് മാപ്പ് പറയണമെന്നും വസീഫ് ആവശ്യപ്പെട്ടു.

Content Highlights: DYFI defends its Wayanad rehabilitation fund collection. V. Vaseef invites VD Satheesan to audit the 20 crore transparent accounts. Read the full update.