തുടർഭരണം ക്ഷീണിപ്പിച്ചു, 'പാറ്റ' സമരം മാതൃകയാക്കണം- ഡി.വൈ.എഫ്.ഐ

#കെ.വി. കല
ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനത്തിനെത്തിയ നടൻ പ്രകാശ് രാജ് അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം, വി.കെ. സനോജ് എന്നിവരുമായി സംസാരിക്കുന്നു. അഖിലേന്ത്യാ സെക്രട്ടറി ഹിമേഘ്‌നരാജ് ഭട്ടാചാര്യാ സമീപം
ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനത്തിനെത്തിയ നടൻ പ്രകാശ് രാജ് അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം, വി.കെ. സനോജ് എന്നിവരുമായി സംസാരിക്കുന്നു. അഖിലേന്ത്യാ സെക്രട്ടറി ഹിമേഘ്‌നരാജ് ഭട്ടാചാര്യാ സമീപം

തൃശ്ശൂർ: തുടർഭരണം കേരളത്തിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തനത്തെ പിന്നോട്ടടിച്ചെന്ന സ്വയംവിമർശനവുമായി സംസ്ഥാനസമ്മേളന സംഘടനാറിപ്പോർട്ട്. ഇടതുപക്ഷം ഭരിക്കുമ്പോൾ സമരോർജം ചോർന്നുവെന്നുള്ള പൊതുവിമർശത്തെ അംഗീകരിക്കുന്ന ഒട്ടേറെ ഏറ്റുപറച്ചിലുകളാണ് റിപ്പോർട്ടിലുള്ളത്. തൃശ്ശൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിലെ നേതാക്കൾക്കിടയിലുണ്ടായ വിഭാഗീയതയും സംഘടനാ പ്രവർത്തനത്തെ ബാധിച്ചു.

കീഴ്ഘടകങ്ങൾ തനത് കാംപയിൻ ഏറ്റെടുക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോർട്ട് സമ്മതിക്കുന്നു. മെമ്പർഷിപ്പ് പ്രവർത്തനത്തിൽ വീഴ്ചയുണ്ടായി.

‘പാറ്റ’കളുടെ സമര മാതൃകയിൽ യുവജന വിഷയങ്ങൾ ഏറ്റെടുത്ത് സംഘടന മടങ്ങി വരണമെന്നും യുവാക്കളെ അടുപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എൽ.ഡി.എഫ്. സർക്കാരിന്റെ പ്രവർത്തനങ്ങൾ മികച്ചതായിരുന്നുവെങ്കിലും നേട്ടങ്ങൾ ജനങ്ങൾക്കിടയിലേക്കെത്തിക്കാനായില്ല. ഇത് നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവിക്കുള്ള കാരണമായെന്നും വിലയിരുത്തുന്നു.

ലഹരി ഉപയോഗത്തിൽ താക്കീത്

ലഹരി ഉപയോഗിക്കുന്നവരെ സംഘടനയിൽനിന്ന് പൂർണമായും മാറ്റിനിർത്തണമെന്ന് പ്രവർത്തന റിപ്പോർട്ട്. തൊടുപുഴയിൽ മേഖലാ സെക്രട്ടറിയെ രാസലഹരിയുമായി പിടികൂടിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണീ വിമർശം. വെച്ചുപൊറുപ്പിക്കാവുന്ന നടപടിയല്ല തൊടുപുഴയിൽ ഉണ്ടായതെന്നും സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് റിപ്പോർട്ട് അവതരിപ്പിച്ച് പറഞ്ഞു.

ഫാസിസത്തിന്റെ അന്ത്യത്തിന് ചെറുപ്പക്കാർ തുടക്കമിട്ടു - പ്രകാശ് രാജ്

തൃശ്ശൂർ: ജന്തർമന്തറിൽ പ്രക്ഷോഭം നയിച്ച ചെറുപ്പക്കാർ ഈ രാജ്യത്തിന് പ്രതീക്ഷ നൽകിയെന്നും ഫാസിസത്തിന്റെ അന്ത്യത്തിന് അവർ തുടക്കമിട്ടിരിക്കുകയാണെന്നും നടൻ പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. നൂറുവർഷത്തേക്കെങ്കിലും രാജ്യത്തെ നില മാറില്ലെന്ന് കരുതിയിടത്താണ് അവർ ഈ മാറ്റം കൊണ്ടുവന്നത്. തികച്ചും സമാധാനപരമായിരുന്നുവെന്നത് ആ പ്രക്ഷോഭത്തിന്റെ സൗന്ദര്യം കൂട്ടുന്നു -ഡി.വൈ.എഫ്.ഐ. 16-ാം സംസ്ഥാന സമ്മേളനം റീജണൽ തിയേറ്ററിലെ പുഷ്പൻ നഗറിൽ ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ചെറുപ്പക്കാരുടെ ചെറുത്തുനിൽപ്പിന്റെ മനോഹാരിത ഞാൻ കണ്ടു. കാട്ടിൽ പമ്മിനിൽക്കുന്ന ഇരപിടിയൻ കടുവയോട് മാൻ പ്രത്യേക ശബ്ദംകൊണ്ട് സൂചന കൊടുക്കുന്നതുപോലെയാണ് ചെറുപ്പക്കാർ ഈ രാജ്യത്തെ ഭരണാധികാരിയോട് പറഞ്ഞത്: ഞാൻ നിന്നെ കണ്ടിരിക്കുന്നു. നിന്റെ നീക്കം അറിഞ്ഞിരിക്കുന്നു. നിന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. നേപ്പാളിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും ചെറുപ്പക്കാർ ഈ അടയാളം കാണിച്ചിരുന്നു. ഊതിവീർപ്പിച്ച മോദിയുടെ അജയ്യതയ്ക്ക് യുവാക്കൾ തുള വീഴ്ത്തുകയാണ് ചെയ്തത്. നിങ്ങൾക്ക് എല്ലാ അധികാരങ്ങളുമുണ്ട്. നിങ്ങൾക്ക് തോക്കുണ്ട്. നിയമങ്ങളുണ്ട്. ഇപ്പോൾ അതെല്ലാം പോയി. മാൻ ശബ്ദം കേൾപ്പിച്ച് മുന്നറിയിപ്പ് കൊടുക്കുന്നതുപോലെ ചെറുപ്പക്കാർ അടയാളം കാണിച്ചിരിക്കുന്നു. അതിന്റെ ഫലമായി പാർലമെന്റിന്റെ പിൻവാതിലിലൂടെ മോദിക്ക് പുറത്തുപോകേണ്ടിവന്നു. അതേസമയം കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയ പാർട്ടിയല്ലെന്ന് നമ്മൾ ഓർക്കണം. നമ്മളാണ് രാഷ്ട്രീയം കൊണ്ടുവരേണ്ടത്-അദ്ദേഹം പറഞ്ഞു.

Content Highlights: The DYFI Kerala state conference organizational report self-criticized that continuous LDF governance reduced the organization's militant energy and highlighted issues like factionalism and failure to convey government achievements to the public.