മീൻപിടിത്ത ബോട്ടുകൾവഴി കടത്തുന്നത് കോടികളുടെ ലഹരി, പ്രതിഫലം സ്വർണം- രഹസ്യാന്വേഷണ റിപ്പോർട്ട്

കണ്ണൂർ: മീൻപിടിത്ത ബോട്ടുകൾ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. കേരളത്തിൽ മലബാറിന്റെ തീരപ്രദേശം വഴി ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്തി തിരിച്ച് കേരളത്തിലേക്ക് സ്വർണം എത്തിക്കുന്നതായാണ് വിവരം. കോടിക്കണക്കിന് രൂപയുടെ ഹെറോയിനും മെത്താഫിറ്റമിനുമാണ് കടത്തുന്നത്.
കേരളത്തിലെ തീരദേശമേഖലകൾ കൂടാതെ തമിഴ്നാട്ടിലെ തൂത്തുക്കുടി, വേദാരണ്യം, രാമേശ്വരം, കന്യാകുമാരി തുടങ്ങിയ മേഖലകളും ശ്രീലങ്കയിലേക്കുള്ള കടത്തിന്റെ പ്രധാന ഇടനാഴികളാണെന്ന് റിപ്പോർട്ടിലുണ്ട്. ഓപ്പറേഷൻ തൂഫാൻ പിടിമുറുക്കിയതോടെയാണ് കടൽവഴിയുള്ള കടത്ത് വർധിച്ചതെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. വിവരം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
മീനിലും ഐസിലും ഒളിക്കുന്ന ലഹരി
മയക്കുമരുന്നു കടത്തിന് ഒട്ടേറെ മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. വലിയ മത്സ്യങ്ങളുടെ ആന്തരികാവയവങ്ങൾ നീക്കി അതിനുള്ളിൽ പ്ലാസ്റ്റിക് കവറുകളിലാക്കിയ മയക്കുമരുന്ന് നിറച്ച് തുന്നിക്കെട്ടി ഐസിട്ട് കടത്തുന്നതാണ് പ്രധാന രീതി. മീനുകൾക്കിടയിലും മയക്കുമരുന്ന് പാക്കറ്റുകൾ ഒളിപ്പിച്ചുവെക്കാറുണ്ട്.
ബോട്ടുകളിൽ പ്രത്യേക രഹസ്യ അറകൾ ഉണ്ടാക്കിയും െഎസിനുള്ളിൽ പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കിയും ലഹരി കടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. മീൻമണം കാരണം മയക്കുമരുന്നിന്റെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല.
Content Highlights: Central intelligence reports massive drug smuggling through fishing boats., Drugs are smuggled from Malabar coast to Sri Lanka, returning with gold., Heroin and methamphetamine are hidden inside fish and ice boxes to evade detection.