സംവിധായകരില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവം: സമീര്‍ താഹിറിനെ ചോദ്യം ചെയ്യും, ഫ്‌ളാറ്റ് ലഹരികേന്ദ്രം?

കൊച്ചി : കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ സംവിധായകന്‍ സമീര്‍ താഹിറിനെ ചോദ്യം ചെയ്യും. സമീറിന്റെ പേരിലുള്ള ഫ്‌ലാറ്റില്‍ നിന്നാണ് ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പിടിയിലാവുന്നത്. സമീര്‍ താഹിറിനെ നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് തീരുമാനം. ഈ ഫ്‌ലാറ്റില്‍ രണ്ടാം തവണ ആണ് പരിശോധന നടത്തുന്നത്.
തിരക്കഥാ രചനയ്ക്കും സിനിമാ ചര്‍ച്ചകള്‍ക്കുമായി എടുത്തിരിക്കുന്ന ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്‌ലാറ്റില്‍ വ്യാപകമായി ലഹരി ഉപയോഗവും നടക്കുന്നുണ്ടെന്നാണ് എക്‌സൈസ് പറയുന്നത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സ്ഥിരമായി ഇവിടെ ആളുകള്‍ എത്തുന്നുണ്ടെന്നും ഇതുസംബന്ധിച്ച സൂചനകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നുപേര്‍ എക്‌സൈസിന്റെ പിടിയിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരില്‍ കണ്ടെടുത്തു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ കൂടാതെ പിടിയിലായ ഷാലിഫ് മുഹമ്മദ് എന്നയാള്‍ ഇവരുടെ സുഹൃത്താണ്. ഷാലിഫാണ് ഇടനിലക്കാരില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് വാങ്ങിയത്.
ആരാണ് ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയതെന്ന് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പിടിയിലായ മൂന്ന് പേര്‍ നല്‍കിയ മൊഴിയുടെ അന്വേഷണത്തിലാണ് ഇപ്പോള്‍ അധികൃതര്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു യുവാവ് ആണ് ഇവര്‍ക്ക് കഞ്ചാവ് നല്‍കിയതെന്നും സൂചനകളുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. എക്സൈസ് എത്തുമ്പോള്‍ ഇവര്‍ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ആലപ്പുഴ ജിംഖാന തീയേറ്ററുകളില്‍ നിറഞ്ഞോടുമ്പോഴാണ് ചിത്രത്തിന്റെ സംവിധായകന്‍ പിടിയിലാകുന്നത്. വിഷു റിലീസ് ആയി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഖാലിദ് മുമ്പ് സംവിധാനം ചെയ്ത തല്ലുമാല, ലവ്, അനുരാഗ കരിക്കിന്‍ വെള്ളം എന്നീ ചിത്രങ്ങളും വലിയ തോതില്‍ പ്രശംസ നേടിയിരുന്നു. ബോക്‌സ് ഓഫീസ് വിജയത്തിനപ്പുറത്തേക്ക് മലയാളി പ്രേക്ഷകര്‍ ചര്‍ച്ച ചെയ്ത സിനിമയായിരുന്നു ലവ്. അഷ്‌റഫ് ഹംസയുടെ തമാശ എന്ന ചിത്രവും ബോക്‌സ് ഓഫീസ് വിജയം നേടിയ സിനിമയാണ്.
അതേസമയം പിടിയിലായ സംവിധായകര്‍ക്ക് എതിരേ നടപടിക്ക് ഒരുങ്ങുകയാണ് ഫെഫ്ക. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ യോഗം ചേര്‍ന്ന ശേഷമാകും അന്തിമ തീരുമാനം.
Content Highlights: Drug Case-Directors Arrested-Sameer Thahir will be questioned