''എന്റെ മരണം എങ്ങനെയെന്ന് പറയാനാവില്ല, മരണശേഷം മോര്‍ച്ചറിയിലെത്തിയാല്‍ ഞാനും അവരില്‍ ഒരാളാകും''

‘‘ഡോക്ടർ പറയുന്നത് റെക്കോഡ് ചെയ്‌തോട്ടെ’’
‘‘അതിനെന്താ. ചെയ്‌തോ... ഇതെന്താ?’’
‘‘റെക്കോഡർ.’’
‘‘ഇത്ര ചെറുതോ? നോക്കട്ടെ. ഇനി ചോദിച്ചോ, എന്താ അറിയണ്ടേ? പോസ്റ്റ്‌മോർട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങൾമാത്രമേ പറയൂ.’’
1981 മുതൽ ഫൊറൻസിക് സർജനായി ജോലിചെയ്യുന്ന, ഒട്ടേറെ പോസ്റ്റ്‌മോർട്ടങ്ങൾ നടത്തിയിട്ടുള്ള, ജോൺ എബ്രഹാമിനെയും പദ്മരാജനെയും പോസ്റ്റ്‌മോർട്ടം ടേബിളിൽക്കണ്ട, ഒട്ടേറെ കുപ്രസിദ്ധ കുറ്റകൃത്യങ്ങൾക്ക് തുമ്പുണ്ടാക്കിയ സ്ത്രീയുടെ ജീവിതം. അതാണ് അറിയേണ്ടത്. പക്ഷേ, പോസ്റ്റ്‌മോർട്ടത്തെപ്പറ്റിമാത്രമേ പറയൂ എന്നുപറഞ്ഞാൽ... ആകട്ടെ, നോക്കാം.
‘‘എങ്ങനാ, ഈ ഫൊറൻസിക് മെഡിസിനിലേക്കു വന്നത്?’’
‘‘പഠിക്കുന്ന കാലത്തൊന്നും ഞാൻ ഫൊറൻസിക് ആയിരിക്കും എടുക്കുക എന്നൊന്നും എനിക്കറിയില്ലായിരുന്നു. പിജി ചെയ്യാൻനേരം ബാലരാമൻ സാറാണ് (കോട്ടയം മെഡിക്കൽ കോളേജിലെ അന്നത്തെ പ്രിൻസിപ്പൽ എം. ബാലരാമൻ നായർ) ഫൊറൻസിക് എനിക്കുപറ്റും. ചേരാൻ പറഞ്ഞത്.’’ -ഡോക്ടർ ഷെർലി വാസു പറഞ്ഞുതുടങ്ങി. 2007-ാമാണ്ടിലെ ഒരു പകൽ പതിനൊന്നരയോടെ തുടങ്ങിയ ആ വർത്തമാനം തീർന്നപ്പോൾ ഏതാണ്ട് രണ്ടരമണികഴിഞ്ഞിരുന്നു.
മരണത്തെക്കുറിച്ച്, മരിച്ചശരീരങ്ങളിൽ മരണത്തിന്റെ ചരിത്രം തിരയുന്നതിനെക്കുറിച്ച്, അതിന്റെ രീതികളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ച്, മരിച്ചവന്റെ നാവാകുന്നതിനെക്കുറിച്ച് ഡോക്ടർ പറഞ്ഞുകൊണ്ടിരുന്നു. മാധ്യമങ്ങൾക്കു പിടികൊടുക്കാത്ത ഡോക്ടർ എന്ന് പലരും പറഞ്ഞിരുന്നതുപോലെയായിരുന്നില്ല അവർ. ഉള്ളുതുറന്ന് ചിരിച്ച്, കഥപറയുംപോലെ സംസാരിച്ചു. അതിമനോഹരമായ ഭാഷ. പക്ഷേ, പറഞ്ഞതിൽ ‘ഞാൻ’ അധികമില്ലായിരുന്നു, ‘ഞങ്ങളാ’യിരുന്നു-ഫൊറൻസിക് സർജൻമാരായിരുന്നു. അതിൽനിന്ന് ‘ഞാൻ’ വിരിഞ്ഞുവന്നു.
‘‘പോസ്റ്റ്‌മോർട്ടം ടേബിളിൽ ഞങ്ങൾ ചരിത്രത്തെ കേൾക്കുകയാണ്. മൃതദേഹത്തിന്റെ ചരിത്രത്തെ. ചരിത്രം അറിയാൻ മൃതദേഹം കീറിമുറിക്കും.’’ പോസ്റ്റ്‌മോർട്ടം ടേബിളിൽനിന്നു കിട്ടാത്ത ചരിത്രംതേടി മരണസ്ഥലത്തേക്കു പോകും. കഠിനമാണ് ഫൊറൻസിക് മെഡിസിൻ എന്ന് ഡോ. ഷെർലി തുറന്നുപറഞ്ഞു. പക്ഷേ, അവർ തുടർന്നു; ഇന്നാട്ടിലെ സ്ത്രീകൾക്ക് ഈ തൊഴിൽ പറ്റുമെന്ന് തെളിയിക്കാനായി, നാടിന്റെ സുരക്ഷയുറപ്പാക്കുന്നതിൽ ഫൊറൻസിക് സർജൻമാരും ഭാഗഭാക്കുകളാണെന്ന ബോധ്യത്താൽ. ‘‘പത്തുവർഷംകഴിഞ്ഞ് ഫൊറൻസിക് വിട്ടുപോകണമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. എങ്കിലും ഞാൻ നിന്നു. ഞാനിത് ഇട്ടിട്ടുപോയാൽ ഒരുപക്ഷേ, ഒരു തെറ്റിദ്ധാരണവരെവരും, പോലീസ് ജോലികളും ഇത്തരം ജോലികളും സ്ത്രീകൾക്കു പറ്റില്ലെന്ന്.’’
നിർഭയത്വം, നിശ്ചയദാർഢ്യം, ആത്മാർഥത, സത്യസന്ധത. ഇതെല്ലാം ഡോ. ഷെർലിയുടെ കർമത്തിലുണ്ടായിരുന്നു. ‘‘ന്യായമായിട്ടല്ലാതെ ഒരാളോടും ഒന്നും ചെയ്തിട്ടില്ല. നിയമത്തിന്റെ പരിരക്ഷ ആവശ്യമുള്ള ആരൊക്കെയുണ്ടോ, ആരുടെ മരണമൊക്കെ ആരുടെയെങ്കിലും തെറ്റായ പ്രവൃത്തികൊണ്ട് ഉണ്ടായിട്ടുണ്ടോ അതിനൊക്കെ ഞങ്ങൾ മരിച്ചവന്റെ കൂടെനിന്നിട്ടുണ്ട്. ഈ നാവിനു മാറ്റിപ്പറയേണ്ട, പിഴയ്ക്കേണ്ട കാര്യമൊന്നുമില്ല. കണ്ണിന് കാണേണ്ടാത്ത കാര്യവുമില്ല. കോടതിക്ക് ഇവിടെവന്നിരുന്ന് ഇയാൾക്കെന്താ സംഭവിച്ചതെന്ന് നോക്കിക്കൊണ്ടുപോകാൻ പറ്റില്ല. അതിനാൽ, ഞങ്ങളാണ് കോടതിയുടെ കണ്ണ്. മരിച്ചയാൾ കോടതിമുറിയിൽ ഞങ്ങളിലൂടെ സംസാരിക്കുന്നു.’’
കോടതിയുടെ കണ്ണായി, മരിച്ചവന്റെ നാവായി നാലുപതിറ്റാണ്ടോളം ഡോ. ഷെർലി ജീവിച്ചു. അത് ഈശ്വരസേവയാണെന്ന് ഉറച്ചുവിശ്വസിച്ചു.
സംസാരത്തിനിടെ ആത്മാക്കളെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു: ‘‘കോഴിക്കോട്ടെ മോർച്ചറിയിൽ അനവധി ആത്മാക്കളുണ്ടെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. ഇടയ്ക്കൊക്കെ ചിരിക്കുന്ന പെൺകുട്ടികളെ, ചുരിദാർധാരികളെ ഒക്കെ കണ്ടു എന്നു പറയപ്പെടുന്നുണ്ട്. ഉണ്ടെങ്കിൽ അങ്ങനെത്തന്നെ അവർ നടക്കും. ഒരാത്മാവിന് ഏറ്റവും സുരക്ഷിതമായ സ്ഥലമാണിവിടം. ഈ ആത്മാക്കൾ ഞാനുമായി അലിഞ്ഞുചേർന്നവരാണ്. എന്റെ ആത്മാവെന്നുപറഞ്ഞാൽ ഇപ്പോൾ അവരുടെയെല്ലാം കൈയിലാ. അല്ലാതെ സ്വതന്ത്രമല്ല. എന്റെ മരണശേഷം-എന്റെ മരണം സംശയകരമായിട്ടോ വാഹനാപകടമായിട്ടോ എന്താണെന്ന് എനിക്കു പറയാനാവില്ല-അങ്ങനെ വന്നാൽ കോഴിക്കോട് മോർച്ചറിയിലാണെങ്കിൽ ഞാനും അവരിൽ ഒരാളാകും. എന്റെ സഹപ്രവർത്തകർ എന്നെ കീറിമുറിക്കുന്നത് സന്തോഷത്തോടെ ഞാൻ നോക്കിക്കാണും.’’
വ്യാഴാഴ്ച ഡോ. ഷെർലി വാസു അവസാനമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിവളപ്പിൽ എത്തി. ജീവിതവുമായി അത്രമേൽ അലിഞ്ഞുചേർന്ന ആത്മാക്കളോട് യാത്രപറയാതെ ഡോക്ടർക്ക് അന്ത്യയാത്രപോകാനാവില്ലല്ലോ.
വ്യാഴാഴ്ച ഡോ. ഷെർലി വാസു അവസാനമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിവളപ്പിൽ എത്തി. ജീവിതവുമായി അത്രമേൽ അലിഞ്ഞുചേർന്ന ആത്മാക്കളോട് യാത്രപറയാതെ ഡോക്ടർക്ക് അന്ത്യയാത്രപോകാനാവില്ലല്ലോ.
പോസ്റ്റ്‌മോർട്ടം മേശയിൽ തെളിഞ്ഞ സത്യങ്ങൾ ഏറെ...
നാല്പാടി വാസു വധക്കേസ്, സൗമ്യ വധക്കേസ്, കണ്ണൂർ ഫസൽ വധക്കേസ്, കടലുണ്ടി തീവണ്ടിദുരന്തം, പൂക്കിപ്പറമ്പ് ബസ്സപകടം തുടങ്ങിയവയുടെ ഫൊറൻസിക് പരിശോധന നടത്തിയത് ഡോ. ഷെർലിയാണ്. തന്റെ ജീവിതാനുഭവങ്ങളും ജഡപരിശോധനയുടെ ജൈവശാസ്ത്രവും സാമൂഹികശാസ്ത്രവും മറ്റും വിവിരിക്കുന്ന ‘പോസ്റ്റ്‌മോർട്ടം ടേബിൾ’ എന്ന പുസ്തകമെഴുതിയിട്ടുണ്ട്. ജഡപരിശോധനയുടെ ഭാവി എന്ന വിഷയത്തിൽ ഗവേഷണപഠനം നടത്തിയിട്ടുമുണ്ട്.
കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് 1979-ൽ എംബിബിഎസും കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് 1984-ൽ ഫൊറൻസിക് മെഡിസിനിൽ എംഡിയും നേടി. 1982 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ അധ്യാപികയായിരുന്നു. 2016-ൽ സർക്കാർ സർവീസിൽനിന്ന് വിരമിച്ചു. പിന്നീട് മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ അധ്യാപികയും വകുപ്പധ്യക്ഷയുമായി. 1996-ൽ ലോകാരോഗ്യസംഘടനയുടെ ഫെലോഷിപ്പോടെ സ്ത്രീകളുടെയും കുട്ടികളുടെയും നേർക്കുള്ള അതിക്രമങ്ങൾ, ഭീകരാക്രമണങ്ങളിലെ മരണകാരണമാകാവുന്ന പരിക്കുകൾ എന്നീ വിഷയങ്ങളിൽ ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി.
മൃതശരീരങ്ങളിൽ ജീവിക്കുന്ന തെളിവുകൾതേടിയ ഡോക്ടർ
Content Highlights: Dr. Shirley Vasu paased away, a renowned forensic surgeon, shared her experiences